300 മില്യണ്‍ ചിലവഴിച്ച് 5731 ശുദ്ധജല പദ്ധതികള്‍: ജലദിനത്തില്‍ രാജ്യത്തിന് മാതൃകയായി മര്‍കസ്

0
547

കോഴിക്കോട്:: മാര്‍ച്ച് 22ന് ലോകം ജലദിനം ആചരിക്കുമ്പോള്‍ രാജ്യത്താകെ മര്‍കസ് നടപ്പാക്കിയ ശുദ്ധജല പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. 2010ലാണ് മര്‍കസ് ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകളും കിണറുകളും സ്ഥാപിച്ച് വെള്ളമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ജീവാമൃതം നല്‍കി മാതൃകയാവുകയാണ് മര്‍കസ്. കേരളത്തിലെ വിവിധ ഗ്രാമങ്ങളിലും ഇന്ത്യയിലെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലുമായി 5731 ശുദ്ധജല പദ്ധതികളാണ് മര്‍കസ് ഇതിനകം പണി കഴിപ്പിച്ചത്. 2016ല്‍ മാത്രം 1655 ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കി. മുന്നൂറ് മില്യണ്‍ രൂപയാണ് ഈ പദ്ധതിക്കായി ഇതുവരെ മര്‍കസ് ചിലവഴിച്ചത്. ‘ഡ്രോപ്‌സ് ഓഫ് ലൈഫ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ നാലു ലക്ഷത്തില്‍പ്പരം മനുഷ്യര്‍ക്കും സഹജീവികള്‍ക്കും ശുദ്ധജലമൊരുക്കാന്‍ മര്‍കസിന് സാധിച്ചു. കൂടാതെ കാര്‍ഷിക മേഖലക്ക് സഹായകമാവും വിധത്തില്‍ കുളങ്ങളും പ്രാദേശിക ജലവിതരണ സംവിധാനങ്ങളും നിര്‍മ്മിച്ച് ഗ്രാമീണ ജീവിതത്തെ പുഷ്ടിപ്പെടുത്താനും പദ്ധതിയിലൂടെ കഴിഞ്ഞു.


മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ഇത്രയും ശുദ്ധജല പദ്ധതികള്‍ രാജ്യത്താകെ നടപ്പിലാക്കിയത്. ജല ദൗര്‍ലഭ്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്താനും കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കാനും മര്‍കസിനു കീഴില്‍ പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ സേവനം ചെയ്തു വരുന്നു. ജാതി-മത ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ജീവാമൃതം എത്തിക്കുന്ന പദ്ധതി വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ചതിലൂടെ അവിടങ്ങളിലെ സാമൂഹിക ബന്ധങ്ങള്‍ സുദൃഢമാക്കാനും സൗഹാര്‍ദ്ദത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കാനും മര്‍കസിന് കഴിഞ്ഞിട്ടുണ്ട്.


ശുദ്ധജലത്തിനു വേണ്ടി മഹായുദ്ധങ്ങള്‍ വരെ ഉണ്ടായേക്കുമെന്ന് ശാസ്ത്രലോകം പ്രവചിക്കുന്ന കാലത്ത് ജല ദൗര്‍ബല്യം കാരണം രൂക്ഷമായ പ്രതിസന്ധി നേരിടുന്നവര്‍ക്ക് തണലാവുകയെന്ന ആലോചനയുടെ ഭാഗമായിട്ടാണ് മര്‍കസ് രാജ്യത്താകെ വിപുലമായി കുടിവെള്ള സംരംഭങ്ങള്‍ നടപ്പിലാക്കിയതെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നതോടൊപ്പം സാമൂഹിക രംഗത്തും ജീവകാരുണ്യ രംഗത്തും മാതൃകാപരമായി മുന്നേറ്റം നടത്തുന്ന മര്‍കസ് ഇത്തരം പദ്ധതികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര രംഗത്തെ ചില സന്നദ്ധ സംഘടനകളുടെയും നൂറ് കണക്കിന് വോളണ്ടിയര്‍മാരുടെയും ആയിരക്കണക്കിന് സഹായികളുടെയും മനസ്സറിഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയാണ് മര്‍കസ് ശുദ്ധജല പദ്ധതി വിജയകരമായി നടപ്പിലാക്കിയതെന്ന് ആര്‍.സി.എഫ്.ഐ റീജണല്‍ മാനേജര്‍ അബ്ദുറഷീദ് പറഞ്ഞു.