കലാപ ഭൂമിയില്‍ സമാശ്വാസവുമായി മര്‍കസ് സംഘം: കൺട്രോൾ റൂം തുറന്നു

0
1914
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കലാപത്തിനിരയായവരെ മര്‍കസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു സമാശ്വസിപ്പിക്കുന്നു

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ വംശഹത്യ നടന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ മര്‍കസ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. ഖര്‍ദന്‍പുരി, ഗോകുല്‍ പുരി, മുസ്തഫാബാദ്, ജാഫാറാബാദ്, ചന്ദ്ബാദ് എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച സംഘം മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു സമാശ്വസിപ്പിക്കുകയും ചെയ്തു. വീടും കുടുംബവും നഷ്ടപ്പെട്ടു ബന്ധുവീടുകളില്‍ കഴിയുന്നവര്‍ക്ക് സംഘം പ്രാഥമിക സഹായം നല്‍കി. ആയിരക്കണക്കിന് വീടുകളും ഡസന്‍ കണക്കിന് ആരാധനാലയങ്ങള്‍ക്കും പുറമെ ആളുകള്‍ പ്രധാനമായും ഉപജീവനമാര്‍ഗമായി കണ്ടിരുന്ന ഉന്തുവണ്ടികള്‍, തട്ടുകടകള്‍ എല്ലാം തീയിട്ട അവസ്ഥയിലാണ്. മുസ്ലിം കടകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ചു തീകൊളുത്തുകയായിരുന്നുവെന്നു ഓരോ പ്രദേശത്തെയും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ മര്‍കസ് എഡ്യൂക്കേഷണല്‍ പ്രോജക്ട് ഡല്‍ഹി ചെയര്‍മാന്‍ ശാഫി നൂറാനി പറഞ്ഞു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും നാളെ മുതല്‍ മര്‍കസ് ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ഉപകരണങ്ങളും ഈ പ്രദേശങ്ങളില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗഷാദ് സഖാഫി, ഡോ.ഖാദര്‍ നൂറാനി, നൗഫല്‍ ഖുദ്റാന്‍, സാദിഖ് നൂറാനി, ശാഹിദ് നിസാമി, അബ്ദുറഹ്മാന്‍ ബുഖാരി സംബന്ധിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ടി മര്‍കസ് കണ്‍ട്രോള്‍ റൂം തുടങ്ങി. ബന്ധപ്പെടാവുന്ന നമ്പര്‍: 94004 00074