ഡല്‍ഹി കലാപബാധിതരെ സഹായിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ച് മര്‍കസ്

0
2262
ഡല്‍ഹിയിലെ കലാപത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് നല്‍കനായി തയ്യാര്‍ ചെയ്ത ഭക്ഷ്യ ധാന്യങ്ങള്‍
SHARE THE NEWS

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും സമ്പാദ്യവും നഷ്ടമായവര്‍ക്കും വിവിധ സഹായ പദ്ധതികളുമായി മര്‍കസ്. ഭക്ഷണ കിറ്റുകള്‍, വീട്ടുപകരണങ്ങള്‍, ഉന്തുവണ്ടികള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഷോപ് നവീകരണ സഹായം എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

മുസ്ലിംകള്‍ക്കെതിരെ വംശഹത്യ നടന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖര്‍ദന്‍പുരി, ഗോകുല്‍ പുരി, മുസ്തഫാബാദ്, ജാഫാറാബാദ്, ചന്ദ്ബാദ് എന്നീ സ്ഥലങ്ങളില്‍ മര്‍കസ് സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കുകയും പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

മുസ്ലിം കടകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ചു തീകൊളുത്തുകയായിരുന്നുവെന്നു ഓരോ പ്രദേശത്തെയും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ മര്‍കസ് എഡ്യൂക്കേഷണല്‍ പ്രോജക്ട് ഡല്‍ഹി ചെയര്‍മാന്‍ ശാഫി നൂറാനി പറഞ്ഞു. ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാനായി മര്‍കസ് നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

കലാപത്തിന്റെ നഷ്ടം തിട്ടപ്പെടുത്താന്‍ അഞ്ചു ഏരിയകളിലേക്കു പ്രാദേശിക ഇമാമുരായ സഹീര്‍ അഹമ്മദ്, മൗലാനാ ഇര്‍ശാദ്, മൗലാനാ ജാവേദ് മൗലാനാ മുഹമ്മദ് ഫൈറൂസ് എന്നിവരെ മര്‍കസ് നിയോഗിച്ചു. ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും മര്‍കസ് നേതൃത്വത്തില്‍ വിതരണം ചെയ്തു. മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗഷാദ് സഖാഫി, ശാഫി നൂറാനി, സിദ്ധീഖ്, ഡോ.ഖാദര്‍ നൂറാനി, നൗഫല്‍ ഖുദ്റാന്‍, സാദിഖ് നൂറാനി, ശാഹിദ് നിസാമി, അബ്ദുറഹ്മാന്‍ ബുഖാരി എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പദ്ധതികള്‍ ഏകോപിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍: +91 94004 00074


SHARE THE NEWS