ഡല്‍ഹി കലാപം: മര്‍കസ് 60 വീടുകള്‍ നിര്‍മിച്ചു നല്‍കും

0
541
ഡല്‍ഹി കലാപത്തിനിരയായവര്‍ക്ക് മര്‍കസ് നിര്‍മിച്ചു നല്‍കുന്ന വീടിനുള്ള സാമ്പത്തിക സഹായോദ്ഘാടനം സീലാംപൂരിലെ മുഹമ്മദ് മുഷ്താഖിന് തുക കൈമാറി മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗഷാദ് സഖാഫി നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് 60 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കോഴിക്കോട് മര്‍കസ് ഭാരവാഹികള്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 6 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്നവക്ക് 1 ലക്ഷം രൂപയും നല്‍കും. ദുരിതമായമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇരകളുടെ കണക്കെടുപ്പ് മര്‍കസ് ഡല്‍ഹി ഓഫീസിനു കീഴില്‍ പൂര്‍ത്തിയാക്കി. സീലാംപൂരിലെ വീട് കത്തിനശിച്ച മുഹമ്മദ് മുഷ്താഖിന് ഫണ്ട് കൈമാറി മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗശാദ് സഖാഫി ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു.

കലാപത്തില്‍ തൊഴില്‍ രഹിതരായവര്‍ക്ക് തൊഴിലുപകരണ വിതരണവും മര്‍കസിന് കീഴില്‍ നടന്നുവരുന്നു. കൂടാതെ ഭക്ഷണകിറ്റുകള്‍, പഠനോപകരണനങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും മര്‍കസ് നല്‍കുന്നുണ്ട്. കലാപത്തില്‍ സര്‍വ്വവും നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മര്‍കസ് സജീവമായി ഉണ്ടാവുമെന്ന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനായി മര്‍കസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കലാപം നടന്ന പ്രദേശങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ മര്‍കസ് ഡല്‍ഹി പ്രതിനിധികളായ മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫല്‍ ഖുദ്റാന്‍, മൗലാന ഖാരി സഗീര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.