മർകസിന്റെ കാരുണ്യസ്പർശം; താനൂരിൽ 7 വള്ളങ്ങൾ ഇന്ന് വിതരണം ചെയ്യും

0
359
SHARE THE NEWS

താനൂർ: ജീവിത മാർഗം വഴിമുട്ടിയ 7 കുടുംബങ്ങൾക്ക് മർകസ് നൽകുന്ന മൽസ്യബന്ധന വള്ളങ്ങൾ ഇന്ന് വൈകുന്നേരം 3 മണിക്ക് താനൂർ ചാപ്പപ്പടി ബീച്ചിൽ വെച്ച് വിതരണം ചെയ്യും. പ്രളയത്തിൽ വള്ളം തകർന്നു ജീവിത മാർഗം വഴിമുട്ടിയവരടക്കം 15 കുടുംബങ്ങൾക്കാണ് ഈ ഏരിയയിൽ മർകസ് വള്ളങ്ങൾ നൽകുന്നത്. മൂന്നു കുടുംബങ്ങൾക്കുള്ള വിതരണം നേരത്തെ പൂർത്തിയായി. താനൂർ ചാപ്പപ്പടി ബീച്ചിൽ നടക്കുന്ന വിതരണം മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകും.

മർകസിന്റെ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനമായ ഉപജീവന മാർഗ സഹായ പദ്ധതിയുടെ ഭാഗമായാണ് ബോട്ടു വിതരണം നടക്കുന്നത്. ഇതിനകം ചെറുതും വലുതുമായ 48 ബോട്ടുകളാണ് മർകസ് വിതരണം ചെയ്തത്. സമൂഹം അടിസ്ഥാനപരമായി വികസിക്കുമ്പോഴാണ് വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാകൂ എന്നതിനാലാണ് വൈജ്ഞാനിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പദ്ധതികളിലും രാജ്യത്താകെ മർകസ് പദ്ധതികൾ നടക്കുന്നതെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

താനൂർ സി ഐ പി പ്രമോദ് , റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മാനേജർ റഷീദ് പുന്നശ്ശേരി, മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ അഡ്വ. മുഹമ്മദ് ശരീഫ്, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് ജലാലുദ്ധീൻ ജീലാനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി, എസ് വൈ എസ് താനൂർ സോൺ പ്രസിഡന്റ് കുഞ്ഞു മോൻ അഹ്‌സനി എന്നിവർ സംബന്ധിക്കും.


SHARE THE NEWS