ഡോ. റഈസ അന്‍സാരിക്കും കുടുംബത്തിനും തണലൊരുക്കി മര്‍കസ്

0
504
ഡോ. റഈസ അന്‍സാരിയെ മര്‍കസ് പ്രതിനിധികള്‍ സന്ദര്‍ശിക്കുന്നു

ഇന്‍ഡോര്‍: ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും നേടിയിട്ടും ഇന്‍ഡോര്‍ തെരുവില്‍ പഴവില്‍പന നടത്തി ഉപജീവനം നടത്തുന്ന ഡോ. റഈസ അന്‍സാരിക്കു ജോലി വാഗ്ദാനവുമായി മര്‍കസ്. കഴിഞ്ഞയാഴ്ച തെരുവിലെ കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ ഇവര്‍ ഇംഗ്ലീഷില്‍ മാധ്യമങ്ങളോട് സംസാരിച്ച സംഭവം ദേശീയ രംഗത്ത് വൈറലായിരുന്നു. തനിക്കു ആരാണ് ജോലി തരുക എന്നും റഈസ അന്‍സാരി ചോദിച്ചിരുന്നു. ഇന്‍ഡോര്‍ മര്‍കസ് സ്‌കൂളില്‍ ജോലിയും, അവരുടെ കുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ സഹായങ്ങളും മര്‍കസ് പ്രതിനിധികള്‍ വാഗ്ദാനം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ഇവരെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധേയമായതോടെ ഇന്‍ഡോറിലെ മര്‍കസ് പ്രതിനിധികളായ സയ്യിദ് നാസിം അലി, നദീം മുള്‍ട്ടാനി, അനീസ് ഖാദിരി തുടങ്ങിയവര്‍ ഇവരെ സന്ദര്‍ശിച്ചു മര്‍കസ് വാഗ്ദാനങ്ങള്‍ അറിയിച്ചു. കുടുംബത്തിലെ അനാഥ കുട്ടികളെ മര്‍കസ് ഏറ്റെടുക്കാം എന്നും അവര്‍ അറിയിച്ചു.
27 അംഗങ്ങളുള്ള തന്റെ കുടുബത്തിലെ പ്രാരാബ്ദങ്ങളാണ് കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം പഴക്കച്ചവടത്തിനു ഇറങ്ങാണ്‍ റഈസ അന്‍സാരിയെ നിര്‍ബന്ധിതയാക്കിയത്. മൂന്നാം ക്ലാസ്സ് മുതല്‍ പിതാവിനോടൊപ്പം തെരുവോര കച്ചവടത്തിനു പോകുമായിരുന്നെങ്കിലും പഠനത്തോടുള്ള താല്പര്യം കൊണ്ട് ഇന്‍ഡോറിലെ ദേവി അഹില്യാ വിശ്വ വിധ്യാലയത്തിലെ സ്‌കൂള്‍ ഒഫ് എഞ്ചിനിയറിങ്ങ് ആന്റ് സയന്‍സില്‍ നിന്ന് മറ്റീരിയല്‍ സയന്‍സില്‍ കീഴില്‍ 2011 മാര്‍ച്ചില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്നാണ് ഇവര്‍ ജോലി ലഭിക്കാതെ കച്ചവടത്തിനിറങ്ങിയത്.