മാനവികതയും മാനസികാരോഗ്യവുമാകണം നമ്മുടെ വാക്സിന്‍: സൈക്കോളജി സിമ്പോസിയം

0
508
SHARE THE NEWS

കാരന്തൂര്‍: മാനവികതയും മാനസികാരോഗ്യവും വര്‍ധിപ്പിക്കലാകണം ഈ മഹാമാരിക്ക് എതിരെയുള്ള നമ്മുടെ വാക്സിനെന്ന് മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മനഃശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു. മാനസികാരോഗ്യദിനമായി സംഘടിപ്പിച്ച സിമ്പോസിയം കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കോവിഡ് കെടുതിയും സമകാല വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന മാനസിക വിഷമതകളും മനഃശാസ്ത്ര സമൂഹത്തിനു മുന്‍പില്‍ ഒരുപാട് വെല്ലുവിളികളും അവസരങ്ങളും വെച്ചുനീട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ സെഷനില്‍ ആതുര ശുശ്രൂഷ ജീവിതപാന്ഥാവാക്കി മാറ്റുകയും മറ്റുള്ളവരുടെ ജീവിതം സഹജീവി സ്‌നേഹത്തിന്റേതാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന, ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരമൊരുക്കുന്ന യെല്ലോവിങ്സ് സ്ഥാപകന്‍ പ്രകാശ് മാത്യൂ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ഏതൊരു വ്യക്തിക്കും സ്വജീവിതത്തില്‍ പകര്‍ത്താവുന്ന കരുണയുടെ പാഠങ്ങള്‍ കഥകളുടെ അകമ്പടിയോടെ അദ്ദേഹം വിദ്യര്‍ത്ഥി ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നുള്ള സെഷനില്‍ ചരിത്രകാരന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി ഭൂരിപക്ഷത്തിന്റെ കാരുണ്യത്തിലെ ന്യൂനപക്ഷം, ഒരു ഇന്ത്യന്‍ അവലോകനം എന്ന വിഷയത്തില്‍ സംസാരിച്ചു. അകന്നു പോകുന്ന മാനവികതയുടെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ കുറിച്ചും ഇന്നത്തെ ദേശീയ തലത്തിലുള്ള ന്യൂനപക്ഷ വേട്ടയുടെ പൊളിറ്റിക്കല്‍ സൈക്കോളജിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
അവസാന സെഷന്‍ പ്രശസ്ത മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ: സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ നയിച്ചു. ഇന്നത്തെ സമൂഹം പ്രത്യേകിച്ചും ഈ സംക്രമികരോഗം വ്യാപിക്കുന്ന ഘട്ടത്തില്‍ നേരിടുന്ന മാനസിക വെല്ലുവിളികളും അവയുടെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സ്വാദിഖ് മന്‍സൂര്‍ സെഷനുകള്‍ നിയന്ത്രിച്ചു. അസിസ്റ്റന്റ് പ്രൊഫ ദുല്‍കിഫില്‍ സ്വാഗതവും ഫഹ്മിദ യു പി എം നന്ദിയും പറഞ്ഞു.v


SHARE THE NEWS