സഹപാഠിക്ക് വീടൊരുക്കി മര്‍കസ് കോളേജ് വിദ്യാര്‍ത്ഥികള്‍; താക്കോല്‍ ദാനം നാളെ

0
1362
മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളും എന്‍.എസ്.എസ് വളണ്ടിയര്‍മാരും തങ്ങളുടെ സഹപാഠിക്ക് വേണ്ടി ചാത്തമംഗലത്ത് നിര്‍മിച്ച വീട്.
SHARE THE NEWS

കുന്നമംഗലം: മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് തങ്ങളുടെ സഹപാഠിക്ക് വേണ്ടി ചാത്തമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങും അവാര്‍ഡ് വിതരണവും നാളെ(ചൊവ്വ) രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

2019ലെ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പുഴ ഗതി മാറി ഒഴുകിയത് കാരണം പ്രയാസത്തിലായ കുടുംബത്തിനാണ് മര്‍കസിലെ സഹപാഠികള്‍ തുണയായത്. തങ്ങളുടെ കൂട്ടുകാരിയുടെ പ്രയാസങ്ങള്‍ അധ്യാപകരിലെത്തിച്ചതോടെ അടിയന്തിര സഹായത്തിനായുള്ള പദ്ധതികള്‍ വിഷ്‌കരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് കലക്ഷന്‍ നടത്തിയാണ് നിര്‍മാണത്തിന് വേണ്ട ഫണ്ടിലധികവും സമാഹരിച്ചത്. ലോക്ഡൗണ്‍ കാരണം പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവാത്ത അവസ്ഥ വന്നപ്പോള്‍ അധ്യാപകര്‍ കൂടി സജീവമായി രംഗത്ത് വന്നു. കാവിഡ് പ്രതിസന്ധിക്കിടയിലും സഹപാഠിക്ക് വീടൊരുക്കിയ ചാരിതാര്‍ഥ്യത്തിലാണ് വിദ്യാര്‍ഥികള്‍.

മര്‍കസ് കോളേജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇത് രണ്ടാമത്തെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. നരത്തെ കാരന്തൂര്‍ ഒഴുക്കരയിലെ നിര്‍ധന കുടുംബത്തിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു. പ്രളയക്കെടുതിയില്‍ വീര്‍പ്പ് മുട്ടിയ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പത്തിലധികം താത്കാലിക വീടൊരുക്കുന്നതിലും വിദ്യാര്‍ഥികള്‍ പങ്കാളികളായിരുന്നു.

തങ്ങളുടെ സഹപാഠിക്ക് വേണ്ടി മര്‍കസ് കോളേജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷനാവും. അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് എക്‌സലന്‍സി, പ്രൊഫിഷന്‍സി അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിദ്യാര്‍ഥികളുമായി സംവദിക്കും. മര്‍കസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫസര്‍ ഉമറുല്‍ ഫാറൂഖ്, ഡോ.അവേലത്ത് സബൂര്‍ തങ്ങള്‍, പ്രൊഫസര്‍ മഹ്മൂദ് പാമ്പള്ളി, ശമീര്‍ സഖാഫി മപ്രം, എ.കെ ഖാദര്‍, ഒ.മുഹമ്മദ് ഫസല്‍, ഡോ.രാഘവന്‍, ഡോ.സുമോദന്‍, ജാബിര്‍ കാപ്പാട് സംബന്ധിക്കും.


SHARE THE NEWS