പൗരന്മാര്‍ നികുതി നിയമങ്ങള്‍ പാലിക്കണം: മര്‍കസ് വ്യാപാരി സമ്മേളനം

0
593

കാരന്തൂര്‍: സാമ്പത്തിക ഇടപാടുകളില്‍ സുതാര്യവും വിശുദ്ധവുമായ വഴികള്‍ സ്വീകരിച്ച് സമൂഹത്തിന്റെ മുന്നേറ്റത്തില്‍ മാതൃകാപരമായ പങ്കുവഹിക്കുന്നവരാകണം വ്യാപാരികള്‍ എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍ച്ചന്റസ് ചേംബര്‍ ഇന്റര്‍നാഷണല്‍ മര്‍കസില്‍ സംഘടിപ്പിച്ച വ്യാപാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവത്തായ ജീവിതത്തിലൂടെ ഇഹപര വിജയം നേടിയ അനേകം കച്ചവടക്കാരെ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ചരിത്രാതീത കാലം മുതല്‍ തുടങ്ങിയ അറബികളും കേരളീയരും തമ്മിലുള്ള ബന്ധം സൗഹൃദപരവും സമാധാനപൂര്‍ണ്ണവുമായ കച്ചവടത്തിലൂടെയാണ് പുഷ്ടിപ്പെട്ടത്. ആ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് വെളിച്ചം സ്വീകരിച്ച് സാമ്പത്തിക രംഗത്തെ സജീവമാക്കാനും വിദ്യാഭ്യാസപരവും ആത്മീയപരവുമായ മാര്‍ഗ്ഗത്തില്‍

സഹകരിച്ചു പ്രവര്‍ത്തിക്കാനും വ്യാപാരികള്‍ സന്നദ്ധമാകണമെന്നും കാന്തപുരം പറഞ്ഞു.
രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ പൗരന്മാര്‍ തയ്യാറാവണം. ഭരണകൂടത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് നിയമം അംഗീകരിക്കലും നികുതികള്‍ ഗവണ്‍മെന്റിന് അടക്കലും. ഗവണ്‍മെന്റ് നിശ്ചയിക്കുന്ന എല്ലാ നികുതികളും സത്യസന്ധമായും സമയ ബന്ധിതമായും അടക്കുവാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ വ്യാപാരി വ്യവസായി സംരഭകരെ അനാവശ്യമായി ദ്രോഹിക്കുന്ന നിയമ നടപടികളില്‍ നിന്ന് ഗവണ്‍മെന്റും ഉദ്യോഗസ്ഥരും പിന്മാറണമെന്നും സമ്മേളനം പ്രമേയം പാസ്സാക്കി. ചടങ്ങില്‍ കെ.കെ മുഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ത്ഥന നടത്തി. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. ഇ.വി അബ്ദുറഹ്മാന്‍ തൗഫീഖ് ഹാറൂണ്‍, മന്‍സൂര്‍ ഹാറൂണ്‍, ആസിഫ് അബ്ദുല്‍ മാജിദ് സകരിയ്യ, ജലീല്‍ കല്ലേരി, ഫൗസീര്‍ ഓജിന്‍ ഗ്രൂപ്പ് സംസാരിച്ചു. അപ്പോളോ മൂസ ഹാജി സ്വാഗതവും ടി.കെ അതിയ്യത് നന്ദിയും പറഞ്ഞു.