പ്രകീര്‍ത്തന പെരുമയില്‍ മീലാദ്‌ സമ്മേളനത്തിന്‌ പ്രൗഢ സമാപനം

0
793
SHARE THE NEWS

കോഴിക്കോട്‌: സ്‌നേഹമാണ്‌ വിശ്വാസം എന്ന ശീര്‍ഷകത്തില്‍ മര്‍കസ്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ്‌ കോണ്‍ഫറന്‍സിന്‌ പ്രൗഢമായ സമാപനം. സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും വ്യത്യസ്‌ത ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തന സംഘങ്ങളും പങ്കെടുത്തു. ടുണീഷ്യയിലെ സൈതൂന യൂനിവേഴ്‌സിറ്റി പ്രതിനിധിയായ ഡോ. മുഹമ്മദ്‌ ഇഷ്‌തവി മുഖ്യാതിതിയായിരുന്നു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ ഇ.സുലൈമാന്‍ മുസ്‌്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്‌ കടപ്പുറത്ത്‌ സജ്ജീകരിച്ച വിശാലമായ സമ്മേളന നഗരിയില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. വിവിധ രാഷ്ട്രങ്ങളില്‍ നടന്നു വരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്‌തി കുറിച്ചാണ്‌ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം സംഘടിപ്പിച്ചത്‌. അഹ്‌്‌മദ്‌ സഅ്‌ദ്‌ അല്‍ അസ്‌ഹരി ബ്രിട്ടന്‍, ഔന്‍ മുഈന്‍ അല്‍ ഖദൂമി ജോര്‍ദാന്‍, റാശിദ്‌ ഉസ്‌്‌മാന്‍ അല്‍ സക്‌റാന്‍ സൗദി അറേബ്യ, ശൈഖ്‌ അഹ്‌്‌മദ്‌ ഇബ്രാഹീം സോമാലിയ, ജമാല്‍ കലൂതി അമ്മാന്‍, അഹ്‌്‌മദ്‌ മുഹമ്മദ്‌ ഹസന്‍ യമന്‍, ഖ്വാജാ ശൗഖ തുര്‍ക്കി തുടങ്ങിയ മതപണ്ഡിതര്‍ സംബന്ധിച്ചു.
വൈകീട്ട്‌ നാലിന്‌ സയ്യിദ്‌ യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയതോടെ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്‌ തുടക്കമായി. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ചിത്താരി കെ.പി ഹംസ മുസ്‌്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, പേരോട്‌ അബ്ദുറഹ്‌്‌മാന്‍ സഖാഫി, എന്‍.വി അബ്ദുറസാഖ്‌ സഖാഫി, അപ്പോളോ മൂസ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ്‌ ഫസല്‍ കോയമ്മ കുറാ എന്നിവര്‍ നേതൃത്വം നല്‍കി.
സമ്മേളനത്തിന്റെ മുന്നോടിയായി ഞായറാഴ്‌ച രാവിലെ പത്ത്‌ മണിക്ക്‌ കാലിക്കറ്റ്‌ ടവര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടന്നു. തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്‌ മതപണ്ഡിതര്‍ സംബന്ധിച്ചു.


SHARE THE NEWS