അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് സ്വപ്‌ന നഗരിയില്‍

0
873
SHARE THE NEWS

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ നഗരി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ തയ്യാറാക്കാന്‍ തീരുമാനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരും പ്രകീര്‍ത്തന സംഘങ്ങളും എത്തുന്ന മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തിരുനബിയുടെ സ്‌നേഹലോകം എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന മീലാദ് ക്യാമ്പയ്‌നിന്റെ സമാപനവും ഇതോടൊപ്പം നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക മദ്ഹ് റസൂല്‍ പ്രഭാഷണവും മീലാദ് സമ്മേളനത്തില്‍ നടക്കും.
മലബാറിലെ പ്രധാന പട്ടണങ്ങളില്‍ മീലാദ് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി നിരവധി കമാനങ്ങളാണ് ഇതിനകം സ്ഥാപിതമായത്. കമനീയമായ പോസ്റ്ററുകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്. 2004 മുതല്‍ ആരംഭിച്ച മീലാദ് സമ്മേളനത്തിന് പലതവണ സ്വപ്‌ന നഗരി വേദിയായിട്ടുണ്ട്. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ സ്ഥലമായതിനാല്‍ കേരളത്തില്‍ നിന്നും പുറത്തുനിന്നും എത്തുന്ന പ്രവാചകാനുരാഗികള്‍ക്ക് സുഖമമായി സമ്മേളിക്കാന്‍ പറ്റുന്ന സ്ഥലമാണിത്.
സ്വപ്‌ന നഗരിയിലെ മീലാദ് സമ്മേളന വേദിയുടെ കാല്‍നാട്ടല്‍ നാളെ(വെള്ളി) വൈകുന്നേരം മൂന്നു മണിക്ക് നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് തുറാബ് സഖാഫി, സി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കലാം മാവൂര്‍ അറിയിച്ചു.

SHARE THE NEWS