കാര്‍ഷിക പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി വി.എസ്‌ സുനില്‍ കുമാര്‍

0
630

കാരന്തൂര്‍: കാര്‍ഷിക വൃത്തിയുടെ മഹത്തായ പാരമ്പര്യമാണ്‌ കേരളത്തിനുള്ളതെന്നും തളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ വികസനത്തിന്‌ നൂതനവും ജനകീയവുമായ പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി വി.എസ്‌ സുനില്‍ കുമാര്‍ പറഞ്ഞു. മര്‍കസ്‌ കാര്‍ഷിക വിഭാഗമായ മസ്‌റ സംഘടിപ്പിച്ച പ്രൊജക്‌റ്റ്‌ പ്രഖ്യാപനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത വിപ്ലവത്തിന്റെ കാലത്ത്‌ അമിതമായി കീടനാശിനി ഉപയോഗിച്ചത്‌ മണ്ണിന്റെ ജൈവികത നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതും അമിതമായ വയല്‍ നികത്തലും കേരളത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക്‌ കാരണമായിട്ടുണ്ട്‌. മനുഷ്യന്‌ നിലനില്‍ക്കണമെങ്കില്‍ കൃഷി അനിവാര്യമാണ്‌. അതിനാല്‍ വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കൃതി വളര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്‌കൂളുകളില്‍ നടപ്പാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ കാര്‍ഷിക വൃത്തി പഠിപ്പിക്കുകയും സ്‌കൂള്‍ കോമ്പൗണ്ടില്‍ മാതൃകാ കൃഷിയിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പല പദ്ധതികളും മര്‍കസ്‌ കാര്‍ഷിക പ്രൊജക്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍അധ്യക്ഷത പ്രഭാഷണം നടത്തി. സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന മസ്‌റ പ്രൊജക്‌റ്റില്‍ വിഷരഹിത പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും ഉല്‍പാദിപ്പിക്കുമെന്നും കാര്‍ഷിക ഗവേഷണ കേന്ദ്രവും ക്ഷീരോല്‍പാദന കേന്ദ്രവും ആരംഭിക്കുമെന്നും കാന്തപുരം പറഞ്ഞു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി ആമുഖപ്രഭാഷണം നടത്തി. സി. മുഹമ്മദ്‌ ഫൈസി പ്രൊജക്‌റ്റ്‌ പരിചയപ്പെടുത്തി സംസാരിച്ചു. കാരാട്ട്‌ റസാഖ്‌ എം.എല്‍.എ, കെ.കെ നന്ദകുമാര്‍, ഡോ. ഇ.എം മുഹമ്മദ്‌, മുജീബ്‌ മക്കണ്ടി, സലീം മടവൂര്‍ പ്രസംഗിച്ചു. അമീര്‍ ഹസന്‍ സ്വാഗതവും മുഹമ്മദ്‌ ബുസ്‌താനി നന്ദിയും പറഞ്ഞു.