ആഗോള സഖാഫി സമ്മേളനം: നോളജ് സിറ്റിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
1527
SHARE THE NEWS

കോഴിക്കോട്: ഫെബ്രുവരി 22 ശനിയാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ആഗോള സഖാഫി സമ്മേളനം പണ്ഡിത മഹാസമ്മേളനമാവും. ഓണ്‍ലൈനില്‍ നടത്തിയ രജിസ്‌ട്രേഷനില്‍ ഒമ്പതിനായിരം സഖാഫികള്‍ ഇതിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ സഖാഫികള്‍ സംബന്ധിക്കും. 1985 മുതല്‍ 2019 വരെയുള്ള സഖാഫികള്‍ സംബന്ധിക്കുന്ന സമ്മേളനം നോളജ് സിറ്റിയില്‍ വിശാലമായി ഒരുക്കിയ നഗരിയിലാണ് നടക്കുന്നത്.

രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തിന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താര്‍ ബാഖവി ഹസ്റത്ത്, പി സി അബ്ദുല്ല മുസ്ലിയാര്‍, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ ആനുകാലിക വിഷയങ്ങളില്‍ മുസ്ലിം നിലപാടുകള്‍ വ്യക്തമാക്കുന്ന പണ്ഡിതരുടെ പ്രഭാഷണങ്ങളും സമ്മേളനത്തില്‍ നടക്കും.

സഖാഫി ശൂറ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് സമ്മേളനത്തിനായി നോളജ്‌സിറ്റിയില്‍ ഒരുക്കുന്നത്. സമ്മേളനത്തിന്റെ അന്തിമ വിലയിരുത്തലുകള്‍ക്കായി മര്‍കസില്‍ നടന്ന യോഗത്തില്‍ സഖാഫി ശൂറ കേന്ദ്രസമിതി ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ലത്തീഫ് സഖാഫി പെരുമുഖം, അഡ്വ ഇ.കെ മുസ്തഫ സഖാഫി, ദുല്‍ഖിഫല്‍ സഖാഫി, സീഫോര്‍ത്ത് ഹംസ സഖാഫി സംബന്ധിച്ചു.


SHARE THE NEWS