കോഴിക്കോട്: അറബ് ലോകത്തെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്കിയ യു.എ.ഇയുടെ ചരിത്ര നേട്ടത്തിന്റെ ആഹ്ലാദത്തില്‍ മര്‍കസ് നോളജ് സിറ്റി വിദ്യാര്‍ത്ഥികളും പങ്കാളികളായി.
ദീര്‍ഷ വീക്ഷണമുള്ള ഭരണാധികാരികളുടെയും ഒപ്പം കഠിനാധ്വാനികളായ ശാസ്ത്രജ്ഞരുടെയും കൂട്ടായ വിജയമാണ് ഈ ചരിത്ര നേട്ടമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അറബ് ലോകത്തിന്റെയും ഒപ്പം മാനവരാശിയുടെയും സ്വപ്നമാണ് ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതിലൂടെ പൂവണിഞ്ഞത്. മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്ന പാഠ്യപദ്ധതികളും ഇത്തരത്തില്‍ ശാസ്ത്ര സാങ്കേതിക ഉന്നമനത്തിനും അതിലൂടെ സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ഈ വേളയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പേരിലുള്ള അഭിനന്ദനവും അറിയിക്കുന്നുവെന്ന് ഡോ. അസ്ഹരി പറഞ്ഞു. അലിഫ് ഗ്ലോബല്‍ സ്കൂളും സെന്റര്‍ ഫോര്‍ എക്സലന്‍സും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസ്സിലാക്കി ഇത്തരം റിസേര്‍ച്ച് മേഖലകളിലേക്ക് വഴിനടത്താനുള്ള പാഠ്യപദ്ധതികളുമാണ് മര്‍കസ് നോളജ് സിറ്റിയുടെ ലക്ഷ്യമെന്ന് ഡോ. അബ്ദുസ്സലാം പറഞ്ഞു.