ഗുരുവിന്റെ പൂര്‍ണത

0
940
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. മുഹമ്മദ് സഖാഫി അല്‍ അസ്ഹരി ഈങ്ങാപ്പുഴ
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. മുഹമ്മദ് സഖാഫി അല്‍ അസ്ഹരി ഈങ്ങാപ്പുഴ
SHARE THE NEWS

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പി.എച്.ഡി ചെയ്യുമ്പോള്‍ സ്‌നേഹിതര്‍ പലരും മുഹമ്മദ് സഖാഫിയോട് തിരക്കാറുണ്ടായിരുന്നു; എവിടെയായിരുന്നു താങ്കളുടെ പഠനമെന്ന്. അറബിയില്‍ ഉന്നത മാര്‍ക്കോടെ ജെ.ആര്‍.എഫ് കിട്ടിയ മുഹമ്മദ് സഖാഫിയെ രൂപപ്പെടുത്തിയ കാമ്പസിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു ആ ചോദ്യം.’സ്‌കൂളില്‍ ആറു വരെ മാത്രമേ പോയിട്ടുള്ളൂ’ എന്ന് അദ്ദേഹം പറയുമ്പോള്‍ അവരുടെ മുഖത്ത് അതിശയം നിറയും. പിന്നെങ്ങനെ ഇവിടെയെത്തി എന്ന സന്ദേഹത്തിനു മുഹമ്മദ് നിറഞ്ഞ അഭിമാനത്തോടെ പറയാറുണ്ടായിരുന്നത് തന്റെ പ്രിയപ്പെട്ട ഗുരുവര്യരെ പറ്റിയാണ്; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന ഗുരുവിന്റെ പൂര്‍ണ്ണത ആവാഹിച്ച ജ്ഞാനലോകത്തെ പറ്റി.

മര്‍കസ് ശരീഅ കോളജിലേക്ക് വരവ് മുഹമ്മദിന്റെ വീക്ഷണങ്ങളെ മാറ്റി. അലിഗഡുമായും ജാമിഅ മില്ലിയ്യയുമായും അല്‍ അസ്ഹറുമായുമെല്ലാം അക്കാദമിക ബന്ധമുള്ള സ്ഥാപനം. മര്‍കസ് പഠനം കഴിയാറായപ്പോള്‍, ആരൊക്കെ മര്‍കസിന്റെ ബിരുദം ഉപയോഗിച്ച് അലിഗഢിലും അല്‍ അസ്ഹറിലും പി.ജിക്കു പോകുന്നുവെന്ന ഉസ്താദിന്റെ ചോദ്യം വന്നു. അവര്‍ക്ക് തന്റെ ഉപഹാരവും മര്‍കസിന്റെ പഠന സഹായവും ഉണ്ടാവുമെന്നും. മുഹമ്മദ് ആദ്യമേ നിന്നു. ഉസ്താദിന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടായി. അലിഗഡിലെത്തി. പി.ജിയും എം.ഫിലും കഴിഞ്ഞു. ജെ.എന്‍.യുവില്‍ പിഎച്ച്ഡിക്കു പ്രവേശനം കിട്ടി. വിഷയം ആലോചിച്ചപ്പോള്‍ മുഹമ്മദിന്റെ മനസ്സില്‍ എത്തിയതും ഉസ്താദ്. അങ്ങനെ ഉസ്താദിനെ പറ്റിയായി ഗവേഷണം. സൂക്ഷ്മമായ പഠനവും ഉസ്താദെന്ന വ്യക്തിയുടെ വിപുലമായ ലോകങ്ങളും മനസ്സിലാക്കിയ ജെ.എന്‍.യു പ്രൊഫസര്‍മാര്‍ ആ വിഷയത്തെ പ്രോത്സാഹനപൂര്‍വ്വം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തെ ഗവേഷണ സപര്യക്കു ശേഷം ഒരു വര്‍ഷം മുമ്പ് മുഹമ്മദ് പി.എച്.ഡി പൂര്‍ത്തിയാക്കി.

എങ്ങനെ ഒരു ആറാം ക്ലാസുകാരന്, മുതഅല്ലിമിന് മര്‍കസ് തുറന്നു നല്‍കിയ ജാലകങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമീഷ്യന്മാരില്‍ പെടാന്‍ പറ്റും എന്നതിന്റെ സാക്ഷ്യമാണ് ഡോ. മുഹമ്മദ് സഖാഫി. ഇങ്ങനെ വിവിധ തുറകളില്‍ വൈദഗ്ദ്യം തെളിയിച്ച 10200 സഖാഫിമാരാണ് ഇതിനകം മര്‍കസ് ശരീഅ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. ഏതു തിരക്കിനിടയിലും രാവിലെ വന്നു റസൂലിന്റെ(സ്വ) ഹദീസുകള്‍ പ്രിയപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന, അവര്‍ക്കായി പ്രാര്ത്ഥിക്കുന്ന, സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്ന ഗുരുവിന്റെ ജീവിതമാണ് സഖാഫിമാരുടെ വെളിച്ചം. സദാ നന്മയുടെ കിരണങ്ങള്‍ സൃഷ്ടിക്കുന്ന സുല്‍ത്താനുല്‍ ഉലമയുടെ ശിഷ്യരാവുക എന്നത് മഹാഭാഗ്യമാണ്; അല്ലാഹു ഒരാള്‍ക്ക് ഈ കാലത്ത് നല്‍കാവുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന്.


SHARE THE NEWS