കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകൾ പ്രയോജനപ്പെടുത്തണം: മർകസ് യൂനാനി മെഡിക്കൽ കോളേജ്

0
1709
SHARE THE NEWS

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആയുഷ് മരുന്നുകളും ചികിത്സാ രീതികളും പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യറാകണമെന്ന് മർകസ് യുനാനി മെഡിക്കൽ കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കുന്നു. എന്നാൽ ദിനംപ്രതി കോവിഡ് ഭീതി വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുകയാണ്. രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല. വാക്സിനുകൾ പരീക്ഷണ ഘട്ടത്തിൽ മാത്രമാണ്. അവ വിപണിയിൽ എപ്പോൾ ലഭ്യമാവുമെന്നു കൃത്യമായ വിവരങ്ങളില്ല. പ്രതിരോധ ചികിത്സയിലൂടെ കേരളത്തെ സംരക്ഷിക്കുകയാണ് ഈ ഘട്ടത്തിൽ ഭരണകൂടത്തിന് മുന്നിലെ ഏക പോംവഴി.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ആയുഷ് വകുപ്പിന് കീഴിലുള്ള വിവിധ ചികിത്സാ രീതികൾ ഫലപ്രദമാണ്. കോവിഡ് പ്രതിരോധത്തിനു ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ആയുഷ് ചികിത്സാ രീതികൾ രാജ്യത്താകെ നടപ്പിലാക്കണമെന്ന് ആയുഷ് മന്ത്രാലയം എതാനും മാസങ്ങൾക്കു മുമ്പേ സർക്കുലാർ പുറത്തിറക്കിയിരുന്നു. ഇവ്വിഷയകരമായി സംസ്ഥാനത്ത്‌ പരിമിതമായ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. ആയുഷ് ചികിത്സാരീതികൾ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കണമെന്നും അതിൽ പ്രധാനപ്പെട്ട യൂനാനി ചികിത്സായുമായി ബന്ധപ്പെട്ടു സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു മർകസ് യൂനാനി മെഡിക്കൽ കോളേജ് കേരള സർക്കാരിന് കത്ത് നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ആയുഷ് വൈദ്യശാഖകളുടെ സംയുക്ത സംരംഭമായി അറുനൂറിലധികം ക്ലിനിക്കുകൾ ആരംഭിച്ചത് മികച്ച ഫലം ചെയ്തു. കേരളത്തിലും ഈ മാതൃകയിൽ ആയുഷ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കണം. ആയുഷ് വകുപ്പിന് കീഴിലുള്ള യുനാനി, ആയുർവ്വേദം, ഹോമിയോ, സിദ്ധ എന്നീവകളിൽ വിദഗ്ധരായ ഡോക്ടര്മാരുടെ ഒരു സംയുക്ത സമിതി രൂപവത്കരിച്ചു, പ്രതിരോധ പ്രവത്തനങ്ങൾ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ആയുഷ് മരുന്നുകൾ രോഗ ചികിത്സക്കും പ്രതിരോധത്തിനും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അവ പ്രയോജനപ്പെടുത്തുക എന്നത്‌
ജനങ്ങളുടെ അവകാശവുമാണ്. വിവിധ ചികിത്സാ രീതികളിലെ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുക ഭരണകൂടത്തിന്റെ ബാധ്യതയുമാണ്. കേരളത്തിലെ എല്ലാ പൗരന്മാർക്കും പ്രതിരോധ മരുന്നുകൾ നൽകുന്നതിലൂടെ കോവിഡ് ഭീഷണിയെ മറികടക്കാനുള്ള മഹത്തായ ചുവടുവെപ്പാവും സംസ്ഥാനം നടത്തുന്നത്. ആയുഷിന്റെ പ്രതിരോധ ചികിത്സാ സാധ്യതകൾ കൂടെ ഉൾപ്പെടുത്തി ഒരു പുതിയ കേരളാ മോഡൽ ലോകാരോഗ്യ സംഘടനക്ക് മുമ്പിൽ അവതരിപ്പിക്കണം. ജനങ്ങളെ ഭീതിയിൽ നിർത്തുകയല്ല, പ്രതിരോധ സജ്ജരാക്കുകയാവണം ലോകത്തിനുമുമ്പിൽ സമർപ്പിക്കേണ്ട കേരള മാതൃക.

കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകളും സാധ്യതകളും ലഭ്യമാക്കുന്നത് സംബന്ധമായി കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഉൾപ്പെടെയുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചു മർകസ് യൂനാനി മെഡിക്കൽ കോളേജ് വിശദമായ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങളെയും രോഗിയുടെ ആരോഗ്യ നിലയും നിരീക്ഷിച്ച് ചികിൽസിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. രോഗലക്ഷണങ്ങളെ അപഗ്രഥനം നടത്തിയും വ്യക്ത്യാധിഷ്‌ഠിത അവലോകനത്തിലൂടെയും ചികിത്സ നിർണ്ണയിക്കുന്നതിൽ ആയുഷ്‌ സമ്പ്രദായങ്ങളിൽ സവിശേഷമായ രീതികളുണ്ട്‌. രോഗികളുടെ ഹുമെറൽ ഇക്‌ലിബ്രിയം, ടെമ്പറമെന്റൽ ബാലൻസിംഗ് എന്നിവയിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തി ചികിത്സിക്കാനും ബയോഫിസിക്സ് അടിസ്ഥാനമാക്കിയുള്ള യൂനാനി ചികിത്സ കൂടുതൽ ഫലപ്രദമാണ്. ചിര സമ്മതമായതും ആധുനികവുമായ യൂനാനി മരുന്നുകളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതാണ്. യുനാനി സംവിധാനത്തിലെ അർഖേ അജീബ് രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മരുന്നായി നൂറ്റാണ്ടുകളായി ഉപയോഗിച്ച്‌ വരുന്നതാണ്. കൂടാതെ മർകസ് യൂനാനി മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം വബാനിൽ എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കോടഞ്ചേരി പഞ്ചായത്തിലും മറ്റു പ്രദേശങ്ങളിലുമായി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുന്നൂറ് വ്യക്തികൾക്ക് പരിശീലനം ലഭിച്ച വോളണ്ടിയർമാർ മുഖേന ഈ രണ്ടു മരുന്നുകളും വിതരണം ചെയ്തിരുന്നു. പ്രതിരോധ മരുന്ന് സ്വീകരിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരെ മെഡിക്കൽ കോളേജ് നിരീക്ഷിക്കുകയും പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തി ഉറപ്പു വരുത്തുകയും ചെയ്തതാണ്. ഇവർക്കിടയിൽ ഇതുവരെയായും ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഗ്രാമ പഞ്ചായത്ത് അധികൃതർ ഇത് സ്ഥിരീകരിക്കുകയും മെഡിക്കൽ കോളേജിനെ രേഖാ മൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നിരവധി പ്രദേശങ്ങളിലെ ജനപ്രതിനിധികളും മറ്റും യൂനാനി പ്രതിരോധ മരുന്നുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒറ്റപ്പെട്ട സ്ഥാപങ്ങൾക്കോ സംഘടനകൾക്കോ ഇത്തരത്തിൽ പ്രതിരോധ മരുന്നുകൾ വ്യാപകമായി വിതരണം നടത്തുക പ്രായോഗികമല്ല. സംസ്ഥാന സർക്കാർ നിർദിഷ്ട പ്രതിരോധ ചികിത്സാ ഫണ്ട് വകയിരുത്തുകയും തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധമായ നിർദേശം നൽകുകയും ചെയ്ത് സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുക വഴി കേരളത്തെ കോവിഡ് ഭീഷണിയിൽനിന്നു മുക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

ഡോ അബ്ദുസ്സലാം.
സി ഇ ഒ,
മർകസ് നോളജ് സിറ്റി

ഡോ കെ ടി അജ്മൽ, ഡയറക്ടർ,
മർകസ് യൂനാനി മെഡിക്കൽ കോളേജ്

ഡോ ഹാറൂൺ മൻസൂരി, ജോയിന്റ് ഡയറക്ടർ

ഡോ യു കെ ശരീഫ്, അസിസ്റ്റന്റ് ഡയരക്ടർ

ഡോ ഒ കെ എം അബ്ദുറഹിമാൻ, മെഡിക്കൽ സൂപ്രണ്ട്

അഡ്വ സമദ് പുലിക്കാട്, നോളേജ്സിറ്റി മീഡിയ സെൽ


SHARE THE NEWS