വേറിട്ട കോവിഡ് സേവന പ്രവര്‍ത്തനങ്ങള്‍; മാതൃഭൂമി സല്യൂട്ട് ദി ഹീറോസില്‍ ഇടംനേടി മര്‍കസ് അലുംനി മുനീര്‍ പാണ്ട്യാല

0
1253
SHARE THE NEWS

യു.എ.ഇ: കോവിഡ് കാലത്ത് യു.എ.ഇയിൽ സന്നദ്ധപ്രവർത്തകരെ രംഗത്തിറക്കുക എന്ന ആശയം ആദ്യം നടപ്പിലാക്കിയവരില്‍ ഒരാളാണ് മര്‍കസ് അലുംനിയും മര്‍കസ് യു.എ.ഇ മീഡിയ കോര്‍ഡിനേറ്ററുമായ മുനീര്‍ പാണ്ട്യാല. ഒട്ടുമിക്ക സംഘടനകളും ഇത്തരം സഹായ കർമ്മങ്ങൾക്ക് ഇറങ്ങിയപ്പോൾ ഉത്തരേന്ത്യക്കാക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും സഹായം എത്തിക്കുന്നതിൽ മുനീര്‍ പാണ്ട്യാലയുടെ കാര്യമായ ഇടപെടലുകൾ ഉണ്ടായി. കോവിഡ് മഹാമാരി പടര്‍ന്ന ആദ്യ നാളുകളില്‍ തന്നെ സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണ് മുനീര്‍ പാണ്ട്യാല. ഒറ്റക്കുള്ള സേവനം മതിയാകില്ല എന്ന തോന്നലില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരെ ഇദ്ദേഹം രംഗത്തിറക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടി. കോവിഡിന്റെ സാമൂഹിക വ്യാപനമുണ്ടായ ഇടങ്ങളില്‍ വരെ സന്നദ്ധ പ്രവര്‍ത്തകരെ എത്തിക്കാന്‍ മുനീറിന്റെ ഇടപെടല്‍ സഹായകരമായി.
കേരളത്തിലേക്ക് ഒട്ടനവധി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നിട്ടുണ്ട്. എന്നാല്‍ ദുരിതത്തിലകപ്പെട്ടുപ്പോയ ഉത്തരേന്ത്യക്കാരുടെ വിഷയത്തിലിടപെടാന്‍ വളരെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ, അതില്‍ പ്രധാനിയാണ് മുനീര്‍.
യു.എ.ഇ ഭരണകൂടത്തിന്റെ ഭക്ഷണവിതരണം, മര്‍കസ് ഐ.സി.എഫ് സംഘടനകളുടെ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവയിലെല്ലാം അദ്ദേഹം സജീവമായി. ആഫ്രിക്കകാര്‍ വരെ ഭക്ഷണത്തിനായി മുനീറിനെ വിളിച്ചു. ഏതു പാതിരാത്രിയിലും ഈ മനുഷ്യന്‍ വിളിയെത്തുന്നിടത്തേക്ക് പാഞ്ഞെത്തി. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് ശാശ്വതമായ പരിഹാരമല്ല എന്ന ബോധ്യത്തില്‍ നിരവധി ആളുകള്‍ക്ക് ഉപജീവനത്തിന് വഴികൾ കണ്ടെത്തി നല്‍കി മുനീര്‍ പാണ്ട്യാല. വിസിറ്റിംഗ് വിസയില്‍ എത്തി ബുദ്ധിമുട്ടിയ നിരവധി ആളുകള്‍ക്ക് അങ്ങിനെ പുതിയ ജീവിതം കിട്ടി.
ഇത്തരം സേവനങ്ങൾ പരിഗണിച്ചാണ് മാതൃഭൂമിയുടെ സല്യൂട്ട് ദി ഹീറോസിൽ മുനീറിനെ ഉൾപ്പെടുത്തിയത്. നിലവിൽ യു.എ.ഇ യിലെ മർകസ് മീഡിയ വിഭാഗം കോഡിനേറ്ററായും മുനീർ പ്രവർത്തിക്കുന്നു


SHARE THE NEWS