ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

0
389
SHARE THE NEWS

കോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്ന ഹൈക്കോടതി വിധിയുടെ തുടർനടപടികൾ സംബന്ധിച്ച് വിവിധ മുസ്‌ലിം സംഘടനാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം, തൊഴിൽ, സിവിൽ സർവീസ്, സർക്കാർ സംവിധാനങ്ങൾ എന്നിവയടക്കമുള്ള വിവിധ മേഖലകളിലുമുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം കണക്കാക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കാനും അതിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജനസംഖ്യാ ആനുപാതത്തിൽ എല്ലാവർക്കും അവകാശപ്പെട്ട പ്രാതിനിധ്യം ലഭ്യമാക്കാനും സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

പ്രസ്തുത കമ്മീഷൻ റിപ്പോർട് വരുന്നതുവരെ, നിലവിലുള്ള ആനുകൂല്യങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി സ്റ്റേ ചെയ്യാൻ സർക്കാർ അപ്പീലിന് പോകണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. കേരളത്തിന്റെ സവിശേഷമായ സാമുദായിക സൗഹാർദത്തിനും സഹിഷ്ണുതക്കും പരിക്കേൽക്കാതെ സംരക്ഷിക്കാൻ സാമുദായിക നേതൃത്വങ്ങൾ ജാഗ്രത പാലിക്കണമെന്നും സഹോദര സമുദായങ്ങളുമായുള്ള സ്നേഹ സംഭാഷണങ്ങൾ ഊഷ്മളമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

മർകസിൽ നടന്ന കൂടിക്കാഴ്‌ചയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, മുസ്ലിം സർവീസ് സൊസൈറ്റി പ്രസിഡന്റ് സി പി കുഞ്ഞു മുഹമ്മദ്, കേരളാ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി , അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ സംബന്ധിച്ചു.


SHARE THE NEWS