മുസ്തഫാബാദിലെ കല്യാണം

0
2662
SHARE THE NEWS

കല്യാണനാളിന്റെ സ്വപ്നവും പേറിയിരിക്കുകയായിരുന്നു റുക്‌സ. മുസ്തഫബാദിലെ അവളുടെ  വീട്ടിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. നാട്ടുനടപ്പനുസരിച്ചു വരന്റെ വീട്ടുകാർക്ക്  നൽകുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും എല്ലാം ഉപ്പ വാങ്ങി വെച്ചിരുന്നു. ഫെബ്രുവരി 23 ന്  കല്യാണത്തിന്  ബന്ധുക്കളെ ക്ഷണിക്കാൻ പോയ ഉപ്പ വന്നത് ആധി നിറഞ്ഞ മുഖവുമായാണ്.  അപ്പോഴേക്കും വീടിനു ചുറ്റും തീയുടെ പുക കനത്തു വന്നിരുന്നു. സമീപത്തെ അങ്ങാടിയിൽ നിന്ന് ഭീതിപ്പെടുത്തുന്ന ആക്രോശങ്ങൾ ഉയരുന്നുണ്ടായിരുന്നു.

റുക്‌സയുടെയും ഉമ്മ പർവീന്റെയും കൈകൾ അമർത്തിപ്പിടിച്ചു പിൻവാതിലൂടെയിറങ്ങി ഓടുകയായിരുന്നു ബന്നേഖാൻ. എന്താണ് സംഭവിക്കുന്നതെന്ന് അവൾക്കു മനസ്സിലായി, വഴിയിൽ പല വീടുകളും കത്തിയമരുകയാണ്. ഏതാണ്ട് എട്ടോ പത്തോ കി.മീ സഞ്ചരിച്ചാണ് അവരൊരു അഭയകേന്ദ്രത്തിൽ എത്തിയത്. പിറ്റേന്നു റുക്‌സ കേട്ട വാർത്ത, അവളുടെ വീട്  ചാരമായിരിക്കുന്നു. മണവാളന് നൽകാനായി എടുത്തുവെച്ച വീട്ടുകാരങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. ഭയം മാത്രമല്ല, സ്വപനങ്ങളെല്ലാം നിലച്ചുപോവുന്നതിന്റെ സങ്കടം അവളിൽ നിറഞ്ഞു. ഒന്നും കിട്ടാനില്ലാത്ത ഇടത്ത് നിന്ന് കല്യാണം വേണ്ടെന്നായി വരൻ. അഭയാർത്ഥി കാമ്പിൽ എല്ലാവരെയും വേദനിപ്പിച്ചു ഈ സംഭവം.

ആ സമയത്താണ് സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിൽ  മർകസ് പ്രതിനിധികളും എസ്.എസ്.എഫ് ഡൽഹി മേഖല പ്രവർത്തകരും കാമ്പിലെത്തുന്നത്. സങ്കടകരമായ ആ വാർത്ത അവരുടെ ചെവിയിലെത്തി. ഉടനെ മർകസ് നേതൃത്വവുമായി ബന്ധപ്പെട്ടവർ. ആ കുട്ടിയുടെ കല്യാണം മർകസ് നടത്താമെന്നേറ്റു. ഉപ്പ ബന്നാഖാനെയും കൂട്ടി അവർ ഡൽഹിയിലെത്തി. നഷ്ടപ്പെട്ട  മുഴുവൻ വസ്തുകകളും വാങ്ങിച്ചു. വിഷാദച്ഛായ നിറഞ്ഞ മുഖത്ത്  സൂര്യനുദിച്ച തെളിച്ചമുണ്ടായിരുന്നുവപ്പോൾ. വസ്തുക്കൾക്ക് പുറമെ, 25000 രൂപയും മർകസ് നൽകി.

തന്റെ സ്വപനങ്ങളെ തിരിച്ചുകൊണ്ടുവന്ന മർകസിനെ കുറച്ചു റുക്സ ആരാഞ്ഞു. മർകസിന്റെ ശിൽപി എ.പി ഉസ്താദിനെ കുറിച്ച് പറഞ്ഞപ്പോൾ പടം കാണിച്ചു തരുമോ എന്നായി അവൾ. ഉറുദു പത്രങ്ങളിൽ പലപ്പോഴായി കണ്ട ആ മുഖം അവൾ വേഗം തിരിച്ചറിഞ്ഞു. മൊബൈലിലെ ആ ചിത്രത്തിൽ മുത്തം നൽകി. റുക്‌സയുടെ വിവാഹം നാളെ നടക്കുകയാണ്. വീടും സ്വത്തും പോയപ്പോൾ ഉപേക്ഷിച്ച വരനല്ല, അവളുടെ അകന്ന കുടുംബത്തിലെ  കസിനാണ് നാളെ കല്യാണം കഴിക്കുന്നത്. വംശഹത്യയുടെ സങ്കടങ്ങൾക്കിടയിൽ നാളെ മുസ്തഫാബാദ് കാമ്പ് റുക്സയുടെ കല്യാണത്തിന്റെ സന്തോഷങ്ങളിലേക്ക് പോവുകയാണ്


SHARE THE NEWS