ഭിന്നശേഷിക്കാര്‍ക്ക് മര്‍കസിന്റെ തണല്‍ തൃശൂരിലും

0
8704

തൃശൂര്‍: മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായി പുതിയൊരു സംരംഭം വരുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസപരവും മാനസികവുമായ സുരക്ഷിതത്വവും വികസനവും പ്രദാനം ചെയ്യുന്ന മര്‍കസ് സ്ഥപാനം തൃശൂര്‍ കേച്ചേരിക്കടുത്ത തലക്കോട്ടുകരയില്‍ ഡിസംബര്‍ 22 വ്യാഴാഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അനുഗ്രഹഃ മര്‍കസ് സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷണല്‍ നീഡ്‌സ് എന്ന് നാമകരണം ചെയ്ത സ്ഥാപനത്തില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, അന്ധര്‍ തുടങ്ങി വിവിധ തരത്തിലുള്ള ശാരീരിക മാനസിക പരിമതികള്‍ ഉള്ളവര്‍ക്ക് വ്യത്യസ്തങ്ങളായ സേവനങ്ങള്‍ നല്‍കും. മര്‍കസിന് കീഴില്‍ നേരത്തെ പൂനൂരില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ വിപുലമായി നിര്‍മ്മിച്ച തൃശൂരിലെ പുതിയ സ്ഥാപനത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര പുരോഗതിക്കായുള്ള നിരവധി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംരംഭങ്ങളും നടക്കും.

ജീവകാരുണ്യ രംഗത്തെ മര്‍കസിന്റെ ഇടപെടല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃശൂരില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നതെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമൂഹത്തില്‍ ഏറെ പരിഗണയും ശ്രദ്ധയും ആവശ്യമുള്ളവരും എന്നാല്‍ അത് ലഭിക്കാതെ പോകുന്നവരുമാണ് ഭിന്നശേഷിയുള്ളവര്‍. അവര്‍ക്ക് ധിഷണപരവും മാനസികവുമായ ഊര്‍ജ്ജവും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും നല്‍കി മികച്ച ഭാവി സമ്മാനിക്കുക എന്നതാണ് ഈ സ്ഥാപനത്തിലൂടെ മര്‍കസ് ലക്ഷ്യം വെക്കുന്നത്. മാനസിക വൈകല്യമുള്ളവര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനത്തില്‍ പ്രവേശനം. ക്രമേണ ഭിന്നശേഷിയുള്ള എല്ലാ വിഭാഗം ആളുകള്‍ക്കും പഠനം നടത്താന്‍ സ്ഥാപനം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.