പ്രബോധകര്‍ സര്‍ഗ്ഗാത്മകമായി മുന്നേറണം: സഖാഫീ കോണ്‍ഫറന്‍സ്‌

0
498

കുന്ദമംഗലം: ആഗോളതലത്തില്‍ ഇസ്‌ലാമിനെതിരെ മൊത്തത്തിലും കേരളത്തില്‍ അഹ്‌ലുസ്സുന്നക്കെതിരെ പ്രത്യേകിച്ചും നടക്കുന്ന കുപ്രചാരങ്ങളും തെറ്റിദ്ധാരണകളും ഉല്‍പതിഷ്‌ണുക്കളുടെ സൃഷ്ടിയാണെന്നും അത്തരം തെറ്റിദ്ധാരണകള്‍ക്കെതിരെ ശക്തമായി സഖാഫികള്‍ രംഗത്തിറങ്ങുമെന്നും പ്രഖ്യാപിച്ച്‌ മൂന്ന്‌ ദിവസമായി നടന്നുവരുന്ന അന്തര്‍ദേശീയ സഖാഫി സംഗമം സമാപിച്ചു. പരമ്പരാഗതമായി പ്രചരിച്ച അഹ്‌ലുബൈത്തും സൂഫീ പണ്ഡിതന്മാരും കൈമാറിയതുമായ പ്രബോധന രീതിയാണ്‌ ശാന്തിയുടെയും സമാധാനത്തിന്റെയും പാത. ആ പാതയിലുള്ളവര്‍ക്ക്‌ സലഫിസത്തിന്റെയും മറ്റു നൂതന വാദങ്ങളുടെ വാക്താക്കളുടെ രഹസ്യ അജണ്ടകള്‍ കൃത്യമായി അറിയും. ഈ സത്യം ലോകത്തിന്‌ മുമ്പില്‍ പ്രചരിപ്പിക്കാന്‍ സഖാഫികള്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മര്‍കസും കേരള മുസ്‌ലിം ജമാഅത്തും ഇവിടെ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌ രാജ്യത്തിനും സമൂഹത്തിനും ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ ആവശ്യമായ വിദ്യാഭ്യാസ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരാന്‍ മാറി വരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ കാലത്തിന്റെ ഗതികള്‍ അറിഞ്ഞ്‌ ആസൂത്രിതമായ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പ്രബോധന രംഗം സജീവമാക്കാന്‍ സഖാഫികള്‍ തയ്യാറാവണമെന്നും അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങളിലും ഇസ്‌ലാമിക വിധി വിലക്കുകളിലും അടിയുറച്ച്‌ നിന്ന്‌ കൊണ്ടുള്ള ഏത്‌ പ്രചരണ മാധ്യമങ്ങളും സ്വീകരിക്കാമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രം പ്രവിശാലമാണെന്നും ലോകത്ത്‌ ഏത്‌ പ്രശ്‌നങ്ങള്‍ ഉദിച്ചാലും അതിനെല്ലാം പരിഹാരവും സംശയ നിവാരണവും ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രത്തിലുണ്ടെന്നും, അതേസമയം ഫത്‌വാ രംഗത്ത്‌ ഒരു പണ്ഡിതനും എടുത്ത്‌ ചാടരുതെന്നും മുന്‍ഗാമികള്‍ എഴുതിവെച്ച വിധിവിലക്കുകളോടും സമാന വിഷയങ്ങളോടും കാണിച്ച നയങ്ങള്‍ സ്വീകരിച്ച്‌ സൂക്ഷ്‌മത പുലര്‍ത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്‌തു.
മുന്‍ഗാമികള്‍ അഹ്‌ലുസ്സുന്നക്ക്‌ വേണ്ടി പള്ളിയുണ്ടാക്കാനും മദ്രസയുണ്ടാക്കാനും മൗലിദ്‌ കഴിക്കാനും ഖബ്‌റിനരികെ ഖുര്‍ആന്‍ പാരായണം ചെയ്യാനും ചെയ്‌ത വഖ്‌ഫ്‌ സ്വത്തുക്കള്‍ പല മഹല്ലുകളിലും സുന്നികളില്‍ നിന്നും തട്ടിയെടുക്കാനും ദുരുപയോഗപ്പെടുത്താനും വഖ്‌ഫ്‌ ബോര്‍ഡിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കുന്നതിനെതിരെ പണ്ഡിതന്മാരും സമൂഹവും ഉണരണമെന്നും സമൂഹം ആവശ്യപ്പെട്ടു.
മൂന്ന്‌ ദിവസത്തെ പരിപാടികള്‍ക്ക്‌ സമാപനം കുറിച്ച്‌ വ്യാഴാഴ്‌ച്ച രാവിലെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ ഇജാസത്തുകളും ഉപദേശ നിര്‍ദ്ദേശങ്ങളും കര്‍മ്മ പദ്ധതികളും സഖാഫീ പണ്ഡിതര്‍ക്ക്‌ നിര്‍വൃതിയായി.
സമാപനത്തോടനുബന്ധിച്ച്‌ നടന്ന സംഗമം. കെ.കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ യു.എ.ഇ ഔഖാഫ്‌ ഡയറക്ടര്‍ ശൈഖ്‌ റാഷിദ്‌ അല്‍ മഅ്‌മരി ഉദ്‌ഘാടനം ചെയ്‌തു. സി.മുഹമ്മദ്‌ ഫൈസി, ഡോ.അബ്ദുല്‍ ഹക്കീം അസ്‌ഹരി, പേരോട്‌ അബ്ദുറഹ്‌മാന്‍ സഖാഫി ക്ലാസെടുത്തു. തറയിട്ടാല്‍ ഹസന്‍ സഖാഫി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച്‌ സയ്യിദ്‌ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. ഉസ്‌മാന്‍ സഖാഫി തിരുത്ത്‌ (അബൂദാബി) അബ്ദുല്‍ അസീസ്‌ സഖാഫി (ദുബൈ), അബ്ദുല്‍ കരീം സഖാഫി (ഒമാന്‍), നൂറുദ്ദീന്‍ സഖാഫി (സഊദി), ഷൗക്കത്ത്‌ നഈമി (കാശ്‌മീര്‍), സുഹൈല്‍ നൂറാനി (കൊല്‍ക്കത്ത), അബ്ദുറഹീം സഖാഫി (കര്‍ണ്ണാടക), അബ്ദുല്‍ കരീം സഖാഫി (തമിഴ്‌നാട്‌) തുടങ്ങിയവര്‍ പ്രസംഗിച്ചു.