ഓണ്‍ലൈന്‍ കലാവിരുന്നുമായി മര്‍കസ് മാലിക് ദീനാര്‍; എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു

0
725
SHARE THE NEWS

കോഴിക്കോട്: കോവിഡ് കാലത്ത് ഓണ്‍ലെനില്‍ കലാവിരുന്ന് ഒരുക്കുകയാണ് മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന കാമ്പസ് ഫെസ്റ്റ് യന്‍സ്പാനിംഗ് 2020ന് തുടക്കമായി. പ്രമുഖ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെപ്പോലെ തന്നെ ഭീഷണമാണ് വര്‍ഗീയതയെന്ന് അദ്ദേഹം പറഞ്ഞു. സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളിലൂടെ മനുഷ്യന്റെ സ്വാതന്ത്രം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസിന് കീഴില്‍ കൊല്ലം പാറപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഹാഫിളുകളുടെ ക്യാമ്പസായ മാലിക് ദീനാര്‍ ഖുര്‍ആന്‍ റിസര്‍ച്ച് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരത്തില്‍ അമ്പത് ഇനങ്ങളിലായി ഇരുന്നൂറോളം ഹാഫിളുകള്‍ മാറ്റുരക്കും.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മത്സരത്തിലെ ഓവറോള്‍ ചാമ്പ്യന്മാരെ ഈ മാസം 28ന് വൈകിട്ട് നടക്കുന്ന സാഹിത്യ സംഗമത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കും. കെ.ഇ.എന്‍ മുഖ്യാതിഥിയായി. സയ്യിദ് അബ്ദുല്‍ അസീസ് ശാമില്‍ ഇര്‍ഫാനി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂര്‍ക്കനാട്, അഡ്വക്കറ്റ് തന്‍വീര്‍ ഉമര്‍ കൊല്ലം, അബ്ദുല്‍ കരീം നിസാമി കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS