പാര്‍ലമെന്റിലെ ഭൂരിപക്ഷം രാജ്യത്തെ തകര്‍ക്കാനുള്ള അംഗീകാരമല്ല: ഡോ.അനില്‍ സേഥി

0
991
യു.എന്‍ ലോക വിദ്യാഭ്യാസ ദിനത്തില്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ചരിത്രകാരന്‍ ഡോ. അനില്‍ സേഥി മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: പാര്‍ലമെന്റിലെ ഭൂരിപക്ഷം രാജ്യത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനുമുള്ള അംഗീകാരമല്ലെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.അനില്‍ സേഥി. യു.എന്‍ ലോക വിദ്യാഭ്യാസ ദിനത്തില്‍ മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ മനുഷ്യരെയും ജാതിമത വ്യത്യാസമില്ലാതെ ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉള്‍ക്കൊള്ളലിന്റെ പ്രത്യയശാസ്ത്രമാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ പൗരന്മാരെ പുറത്താക്കാനും ഒരു വിഭാഗത്തിന് മാത്രമായി നയങ്ങള്‍ രൂപപ്പെടുത്താനും ആണ് ദേശീയ ഭരണകൂടം ശ്രമിക്കുന്നത്. മത ദേശീയത എന്ന അപകടകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള ശ്രമങ്ങളെ പൊതുസമരങ്ങളിലൂടെ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മര്‍കസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്നു അദ്ദേഹം പ്രശംസിച്ചു. യു.എന്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ സന്ദേശമായി ഉയര്‍ത്തിപ്പിടിക്കുന്നത് സമാധാനവും ജനക്ഷേമവും ആണ്. മര്‍കസിന്റെ പ്രധാന മുദ്രാവാക്യവും അത് തന്നെയാണ്. മര്‍കസ് ലോകം മുന്നോട്ടുവെക്കുന്ന വിഷനുകളെ നേരത്തെ നടപ്പിലാക്കി അത്ഭുതം സൃഷ്ടിക്കുന്ന വൈജ്ഞാനിക സംരംഭമാണിതെന്ന് അനില്‍ സേഥി പറഞ്ഞു

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് അക്കാദമിക ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുഹമ്മദ് അലി എന്‍, മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദ് ദില്‍ഷാദ് എ. എന്നിവര്‍ പ്രസംഗിച്ചു


SHARE THE NEWS