ആ ക്ഷണം മതി; എന്നുമോര്‍ക്കാന്‍

0
17428

പുതുപ്പാടിയിലെ ശ്രീജിത്ത്  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കാണാനെത്തുന്നത് ഇത് രണ്ടാം തവണയാണ്.ഒരു വർഷം മുമ്പ് ആദ്യതവണ വന്നപ്പോൾ, വളരെ തിരക്ക് പിടിച്ചു ഒരു പരിപാടിക്കായി പോവുകയായിരുന്നതിനാൽ സമാഗമം മാത്രമേ സാധ്യമായിരുന്നോള്ളൂ. എന്നാൽ, കഴിഞ്ഞദിവസം ഉച്ചവരെ അദ്ദേഹം മർകസിൽ തങ്ങി. നാട്ടുകാരനായ ഒരു സുഹൃത്തിന്റെ വിദേശത്തെ തൊഴിൽ സംബന്ധമായ ഒരു പ്രശ്‍നത്തിൽ ഉസ്താദിന്റെ ശിപാർശ കത്തിന്  വന്നതായിരുന്നുവദ്ധേഹം. പറഞ്ഞതെല്ലാം ഉസ്താദ് കേട്ടു, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. അതിനിടയിൽ  രണ്ടു ക്ളാസുകൾ നടന്നു. മൂന്നു പരിപാടികളിൽ സംബന്ധിച്ചു. കാണാനായി വന്ന അനേകം പേരോട് സംസാരിച്ചു. നാട്ടിൽ മദ്രസയും പള്ളിയും ഉണ്ടാക്കാൻ സഹായം ചോദിച്ചു വരുന്നവർ, അസുഖം സുഖമാവാൻ പ്രാർത്ഥിക്കാനെത്തുന്നവർ, ചെറിയ കുഞ്ഞുങ്ങൾക്ക് പേര് ഇടാൻ വരുന്നവർ, മർകസ് നോളജ് സിറ്റിയിലെ പുതിയ പ്രോജക്ടിനെ പറ്റി സംസാരിക്കാനെത്തുന്നവർ അങ്ങനെയനേകം പേര്.

ശ്രീജിത്ത് പറയുകയായിരുന്നു, അതിശയിപ്പിക്കുന്നതാണ് കാന്തപുരം ഉസ്താദിന്റെ സമീപനം. എൺപത് വയസ്സ് പിന്നിട്ടിട്ടും എന്തൊരു ആവേശമാണ്! ഓരോരുത്തരെയും സ്വീകരിക്കാനും, അവർ പറയുന്നത് കേൾക്കാനും, അവർക്ക് ആശ്വാസമാവുന്ന ഉപദേശം നൽകാനും സഹായം നൽകാനും . വിദേശത്ത് ജോലി ചെയ്യുമ്പോൾ മർകസിന്റെ പ്രവർത്തകരായ ചില സ്നേഹിതരിലൂടെയായിരുന്നു ശ്രീജിത്ത് ഉസ്താദിനെ അറിഞ്ഞത്. ആ സുഹൃത്തുക്കൾ ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് വിശേഷമായ വ്യക്തിത്വവും സൗഹൃദവും ഉള്ളവരായിരുന്നു. സ്നേഹോഷ്മളമായ സൗഹൃദം പങ്കുവെക്കുന്ന അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ആരാണ് എന്ന ചോദ്യത്തിൽ നിന്നാണ് ശ്രീജിത് ഉസ്താദിനെയും മർകസിനെയും  അറിയുന്നത്.

ചെറുപ്പത്തിലേ ഉസ്താദിന്റെ സ്വഭാവമാണ്  പരിചപ്പെടുന്നവരുടെയെല്ലാം മനസ്സിൽ എന്നെന്നും ഓർമിക്കാൻ കഴിയുന്ന പുഞ്ചിരിയും പെരുമാറ്റവും. ഈയിടെ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ മർകസ് കാണാനെത്തിയപ്പോൾ ഉസ്‌താദുമായുള്ള ആദ്യ സമാഗമം പങ്കുവെച്ചു. 1987ലാണത്. റയിൽവേയിൽ ഉദ്യോഗസ്ഥനാണ് ടി.ഡി അന്ന്. ഉസ്താദും മൂന്നോ നാലോ പേരും കോഴിക്കോട് നിന്ന് കടപ്പയിലേക്കു യാത്ര ചെയ്യുകയാണ്. ടിക്കറ്റ് പരിശോധിച്ചപ്പോൾ പേര് കണ്ടപ്പോൾ മനസ്സിലായി.  ടിക്കറ്റ് പരിശോധിച്ച് പോരുമ്പോൾ ഉസ്താദ്  അദ്ദേഹത്തെ അടുത്തു വിളിച്ചു പറഞ്ഞു. “ഉച്ച ഭക്ഷണം ഞങ്ങളെ കയ്യിലുണ്ട്. ഭക്ഷണം കഴിക്കാനാവുമ്പോൾ ഇങ്ങെത്തുമല്ലോ” അന്ന് കൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെങ്കിലും ആ ക്ഷണം മതിയായിരുന്നു എന്നെന്നേക്കും ആ സമാഗമത്തെ അദ്ദേഹത്തിന് ഓർമിച്ചുവെക്കാൻ.