സുകൃതങ്ങളിലൂടെ ഹൃദയത്തെ സ്ഫുടം ചെയ്യാം

0
258
SHARE THE NEWS

മാസങ്ങളുടെ നേതാവായ വിശുദ്ധ റമസാൻ നമ്മളിലേക്ക് ആഗതമായി. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങലൊന്നാണല്ലോ റമളാന്. ഒരാൾ റമളാൻ വിശ്വാസത്തോടും പ്രതിഫലമോഹത്തോടും കൂടി നോമനുഷ്ഠിച്ചാൽ, മുൻകാലത്തും പില്കാലത്തും സംഭവിച്ച എല്ലാ തെറ്റുകളും അല്ലാഹു മാപ്പു നൽകുന്നതാണ് എന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. അഥവാ, വിശ്വാസവും മാനസിക നിശ്ചയവും നന്നാവണം. ഏതൊരു കാര്യവും സ്വീകരിക്കപ്പെടുന്നത് നിയ്യത്തിന്റെ ദൃഢത പോലെയാണ് ഇസ്‌ലാമിൽ.ബാഹ്യമായ കർമ്മങ്ങളിൽ അല്ല കാര്യം.നമ്മുടെ ഹൃദയം എന്താണോ ആ കർമം കൊണ്ട് ആഗ്രഹിക്കുന്നത് അതിലാണ് അല്ലാഹുവിന്റെ നോട്ടം.

വിശുദ്ധ റമസാൻ ഒന്ന് മുതൽ മുപ്പത് വരെ നോമ്ബ് പിടിക്കുക എന്നത് സംശയലേശമന്യേ വിശ്വാസികൾക്ക് നിര്ബന്ധമാണ്. കഴിഞ്ഞുപോയ ഉമ്മത്തുകൾക്കും നോമ്പ് ഉണ്ടായിരുന്നു. എന്നാൽ, നമുക്ക് നിർബന്ധമാക്കപ്പെട്ട പോലെ തടുർച്ചയായ മുപ്പത് ദിനം ആയിരുന്നില്ല.അവർക്കും നോമ്പ് നിർബദ്ധമായിരുന്നു എന്നതിലേക്കുള്ള അല്ലാഹുവിന്റെ വെളിപ്പെടുത്തലാണ് ആ ആയത്. അതിന്റെ നിമിത്തമായി പറയുന്നത്, നിങ്ങൾ തഖ്‌വ ഉള്ളവരാകാൻ വേണ്ടി എന്നതാണ്. അല്ലാഹുവിന്റെ കല്പനകളെ അംഗീകരിക്കലും വിരോധനകളെ വെടിയാലും ആണല്ലോ തഖ്‌വ. റമളാന് വരുമ്പോൾ, പൂർണ്ണമായും ആരാധനകളിൽ സജീവമാകുകയും, തെറ്റിലേക്ക്‌ പോകാനുള്ള എല്ലാ മാർഗങ്ങളിൽ നിന്നുമുള്ള മാറിനിൽക്കൽ സംഭവിക്കുകയും ചെയ്യുമ്പോൾ മനുഷ്യർ കൂടുതലായി യഥാർത്ഥ ജീവിതത്തെ കുറിച്ച് ബോധമുള്ളർ ആയിത്തീരും. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കും.

നബി (സ്വ) തങ്ങൾക്ക് മുമ്പ് വന്ന സമുദായങ്ങൾക്കും അവരുടെ ദോഷം പൊറുപ്പിക്കാൻ വിവിധ തരത്തിലുള്ള വ്രത രീതികൾ അല്ലാഹു നൽകി. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തവും ഉത്തമവും ആയ നിലയിൽ, റസൂൽ സ്വയുടെ ഉമ്മത്ത് മറ്റുള്ള നബിമാരുടെ ഉമ്മത്തുകളെക്കാൾ സ്രേഷ്ടരാണ് എന്ന കാരണം കൊണ്ട്, റമളാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിവസങ്ങൾ നമുക്ക് സമ്മാനിച്ചു.

തുറക്കപ്പെട്ട നരകം റമളാനിൽ അല്ലാഹു അടക്കുന്നു. സ്വർഗ്ഗകവാദങ്ങൾ തുറക്കുന്നു.സ്വർഗ്ഗവും നരകവും എല്ലാം അള്ളാഹു നേരത്തെ തന്നെ സൃഷ്ടിച്ചവയാണ്. മനുഷ്യനെ പിഴപ്പിക്കാൻ വരുന്ന പിശാചിനെ ഈ മാസത്തിൽ ബന്ധിക്കും. നമുക്ക് രണ്ടു ശത്രുക്കളാണ് ഉള്ളത് .ഒന്ന് ശരീരത്തിന്റെ ഇച്ഛ.മറ്റൊന്ന് ശൈത്താൻ. അവ രണ്ടിനും എതിരെ നിലപാടുകൾ ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കണം എന്നാണല്ലോ ഇമാം ബൂസൂരി ബുർദയിൽ ഉണർത്തിയത്. അവ രണ്ടും ഗുണകരമായ വിധത്തിലെന്ന പോലെ നമ്മുടെ നിലപാടുകളിൽ സ്വാധീനം ചെലുത്താൻ വന്നാലും കരുതലോടെ, അല്ലാഹുവിലുള്ള വിശ്വാസം ഉയർത്തിപ്പിടിച്ചു ജീവിക്കാൻ നമുക്ക് പറ്റണം.

അല്ലാഹുവിന്റെ മഹത്വത്തെ ഒരാൾ ഭയപ്പെടുകയും, ദേഹത്തിന്റെ ഇച്ഛകളെ തടയുകയും ചെയ്‌താൽ, സ്വർഗം അവനു ലഭിക്കും എന്നാണല്ലോ ഖുർആൻ പറഞ്ഞത്. അതിനാൽ, ആ ഇലാഹീ മഹത്വം നമ്മൾ എപ്പോഴും ഓർമയിൽ വെക്കണം. ഏത് കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോഴും അള്ളാഹു ഇഷ്ടപ്പെടുന്നതാണോ, അല്ലയോ എന്നതാകണം നമ്മളിൽ വരേണ്ട മാനദണ്ഡം.

ഇലാഹിനെ ബന്ധിപ്പിക്കപ്പെട്ടാലും തിന്മ ചെയ്യുന്ന ചില മനുഷ്യരെ കാണുന്നില്ലേ റമസാനിൽ എന്ന ശങ്ക നമുക്കു ഉണ്ടാകും. ഒരാൾ സൈക്കിളിൽ യാത്രചെയ്യുമ്പോൾ, പെട്ടെന്ന് അതിൽ നിന്ന് തെന്നിഇറങ്ങി, സൈക്കിളിനെ സ്വതന്ത്രമാക്കി വിട്ടാൽ, കുറച്ചു ദൂരം കൂടി അത് ദിശ തെറ്റാതെ പോകുമല്ലോ. അതുപോലെ, ദോഷമായ കാര്യങ്ങൾ ശരീരത്തെകൊണ്ടു എപ്പോഴും ചെയ്യിക്കുന്ന ആളുകൾക്ക്, ശൈത്താൻ വിട്ടാലും കുറച്ചുകൂടി അതിന്റെ സ്വാധീനം കണ്ടേക്കും. അതിനാൽ, തെറ്റുകൾ ചെയ്യാനുള്ള ത്വര മനുഷ്യന്റെ അകത്ത് വന്നാൽ പ്പോലും, ഒരിക്കലും അതിന് കീഴ്പ്പെടില്ല എന്ന നല്ല ദൃഢനിശ്ചയത്തോടെ, കരുത്തോടെ ഹൃദയ ശുദ്ധീകരണം വരുത്തി വേണം, ഓരോരുത്തരും റമസാനിലെ ജീവിതം ക്രമീകരിക്കാൻ

നോമ്പ് എന്നത് പട്ടിണി കിടക്കൽ മാത്രമല്ല. അനാവശ്യമായ ഒരു വാക്കോ പ്രവർത്തനമോ ഉണ്ടാവരുണ്ട്. അങ്ങനെ ജീവിക്കുന്നവർക്ക് അല്ലാഹു വലിയ പ്രതിഫലം നൽകും. ‘നോമ്പ് എനിക്കുള്ളതാണ്. നിശ്ചയമായും അതിനു ഞാൻ പ്രതിഫലം നൽകും’ എന്നാണ് അല്ലാഹു പഠിപ്പിച്ചത്. മറ്റെല്ലാ
ആരാധനകളിൽ നിന്നും നോമ്പിനെ വ്യതിരിക്തമാക്കുന്നത്, അത് അല്ലാഹുവും അടിമയും മാത്രം അറിയുന്ന ഇബാദതാണ്. അഥവാ അല്ലാഹുവിനും അടിമക്കും ഇടയിലുള്ള ഒരു രഹസ്യമായ ബന്ധം എന്നനിലയിലുള്ള തലം അതിനുണ്ട്. അതിനാൽ തന്നെ, അല്ലാഹു ആ നിലയിൽ പരിഗണിക്കുന്ന ഇബാദത് എന്ന നിലയിൽ, വളരെ മഹത്വം കൽപ്പിച്ചും ആദരവോടും കൂടി നമുക്കത് ചെയ്യാനാകണം.

ആരാധനകൾ ഓരോന്നും നമ്മൾ സൂക്ഷിച്ചു നിർവഹിക്കണം. ഖുര്ആന് ധാരാളമായി പാരായണം ചെയ്യണം.വിശുദ്ധ റമളാനിന്റെ മഹത്വത്തിനുള്ള പ്രധാന നിമിത്തമായി അല്ലാഹു പറയുന്നത്, അത് ഖുർആൻ ഇറക്കപ്പെട്ട മാസമാണ് എന്നാണല്ലോ. ധരാളമായി ഖുർആൻ ഓതാൻ നമുക്ക് കഴിയണം. ഖുർആൻ ഓതുമ്പോൾ തന്നെ, നമ്മുടെ ഹൃദയം പ്രകാശിച്ചു വരും. നന്മകൾ ചെയ്യാനുള്ള ആവേശം വർധിക്കും. ഒരു ഖതം എങ്കിലും റമളാനിൽ പൂർത്തീകരിക്കാൻ എല്ലാ വിശ്വാസികൾക്കും ആകണം. അങ്ങനെയെങ്കിലും ചെയ്യുന്നില്ലെങ്കിൽ നമ്മൾ വിശുദ്ധ ഖുർആനോട് ചെയ്യുന്ന അനീതിയാകും അത്. ഖുർആൻ പഠനത്തിനും ഈ മാസം സമയം കണ്ടെത്തണം. പറയണം നിയമപ്രകാരം ആകണം. അത്തരം ഖുർആൻ, ആശയവും അർത്ഥവും പാരായണ നിയമങ്ങളും പഠിക്കാൻ നമ്മൾ സമയം കണ്ടെത്തണം. റമളാനിൽ ആകുമ്പോൾ, അവക്കൊക്കെ നല്ല കൂലിയും കിട്ടും.

നിസ്കാരങ്ങൾ ശ്രദ്ധയോടെയും അടക്കത്തോടെയും നിർവഹിക്കണം. വിജയികളായ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി അല്ലാഹു ഉണർത്തുന്നത്, അവർ നിസ്കാരത്തിൽ പൂർണ്ണമായി അടക്കവും ശ്രദ്ധയും ഉള്ളവരാണ് എന്നതാണല്ലോ. അതിനാൽ, നമ്മുടെ നിസ്കാരങ്ങൾ അപ്രകാരം അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാവണം. സുന്നത്ത് ആയ നിസ്കാരങ്ങളും നന്നായി നിർവ്വഹിക്കാൻ പറ്റണം. റമളാനിൽ മാത്രം വിശിഷ്ടമായ തറാവീഹ് എല്ലാവരും നിർവഹിക്കണം. അതോടൊപ്പം , ഒറ്റയ്ക്ക് ,മറ്റാരുടെയും ദൃഷ്ടി പതിയാത്ത വിധമുള്ള രാത്രികളിലെ നിസ്കാരങ്ങൾ. നമ്മുടെ സങ്കടങ്ങളും ആധികളും എല്ലാം അല്ലാഹുവിനോട് തുറന്നു പറയാം. മരണാന്തരം സുഖകരമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള തേട്ടങ്ങൾ നടത്താം.

റമളാന് കാലത്ത് പ്രത്യേകമായുള്ള പ്രാർത്ഥനകൾ നാം നിത്യമാക്കണം. ഏറ്റവും വിശേഷപ്പെട്ട ദിക്‌റുണ്ടല്ലോ, അല്ലാഹു അല്ലാതെ ആരാധ്യൻ ഇല്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. സ്വർഗത്തെ തേടുകയും, നരകത്തെ തൊട്ടു കാവൽ തേടുകയും ചെയ്യുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന ഒരു പ്രാർത്ഥനയാണ് ഇത്.

കഴിഞ്ഞ റമളാൻ നമുക്ക് വലിയ സങ്കട നാളുകൾ ആയിരുന്നു. പള്ളികൾ എല്ലാം അടക്കപ്പെട്ടിരുന്നു. എന്നാൽ, കാര്യങ്ങൾ ഭേദപ്പെട്ടു വന്നതിനാൽ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ പള്ളികളിൽ നിന്നുതന്നെ ആരാധനകൾ നടത്താം. നോമ്പ് തുറ പോലുള്ള സുന്നത്ത് കർമങ്ങൾ ചുറ്റുമുള്ളവരെ ഉൾപ്പെടുത്തി നിവ്വഹിക്കാം. ഈ റമളാൻ അതിനാൽ ഏറ്റവും ധന്യമായും, സുകൃതങ്ങൾ ധാരാളമായി ചെയ്യുന്ന വിധത്തിലും നമുക്ക് പൂർത്തീകരിക്കാൻ പട്ടണം. അല്ലാഹു അതിനു അവസരം നല്കട്ടെ.


SHARE THE NEWS