സാദാത്തുക്കൾക്ക് മർകസിന്റെ ഉപഹാരം: ആയിരം ഭക്ഷ്യകിറ്റുകളുടെ വിതരണമാരംഭിച്ചു

0
427
മര്‍കസിന് കീഴില്‍ സാദാത്തുക്കള്‍ക്കുള്ള ഭക്ഷ്യകിറ്റ് കോഴിക്കോട് ജില്ലാതല വിതരണം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: മുഹറം 9ന് നടന്ന മർകസ് സാദാത്ത് സമ്മേളനത്തിൽ പ്രഖ്യാപിച്ച സാദാത്തുക്കൾക്കുള്ള ഭക്ഷ്യകിറ്റ്‌ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സയ്യിദ് കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകുന്നത്. മർകസിൽ നടന്ന കോഴിക്കോട് ജില്ലാതല വിതരണോദ്‌ഘാടനം മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി നിർവ്വഹിച്ചു.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. സാദാത്തീങ്ങൾ കേരളത്തിന്റെ ഇസ്‌ലാമിക പൈതൃകത്തെ ഏറ്റവും വിശുദ്ധമായി നിലനിറുത്തുന്നവരാണ്. മുഹമ്മദ് നബി(സ്വ)യുടെ കുടുംബ പരമ്പര എന്ന നിലയിൽ അവരെ ആദരിക്കേണ്ടത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. കോവിഡ് കാലത്ത് അവരിൽ പലരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അവരെ ചേർത്തു പിടിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്: അദ്ദേഹം പറഞ്ഞു.

ഒരു വീട്ടിലേക്കു സാമാന്യേന ആവശ്യമുള്ള ധാന്യങ്ങൾ,കിഴങ്ങുകൾ,പച്ചക്കറികൾ, കറി മസാലകൾ അടങ്ങിയതാണ് കിറ്റ്. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് എന്നിവ വഴിയാണ് വഴിയാണ് സാദാത്ത് കുടുംബങ്ങളുടെ വിവര ശേഖരണം നടത്തിയത്. മർകസിൽ നിന്നയക്കുന്ന പാക്കുകൾ ഇന്ന് മുതൽ വിവിധ ജില്ലകളിലെ സംഘടനാ സംവിധാനം വഴി സാദാത്തീങ്ങൾക്ക് കൈമാറും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർഥന നടത്തി. അഡ്വ മുഹമ്മദ് ശരീഫ്, മുഹമ്മദലി സഖാഫി വള്ള്യാട്, അബൂബക്കർ ഹാജി കിഴക്കോത്ത്, സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങൾ, ഇസ്സുദ്ധീൻ സഖാഫി സംബന്ധിച്ചു.