ശിഷ്യസാഗരമൊഴുകിയെത്തി: സന്തോഷാശ്രു പൊഴിച്ച് ഗുരുവര്യര്‍

0
1344
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ സാഗരസമാനമായി ഒഴുകിയെത്തിയ ശിഷ്യരെ കണ്ടു സന്തോഷാശ്രു പൊഴിച്ച് മര്‍കസ് ചാന്‍സലറും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസ്സൈന്‍ സഖാഫി നടത്തിയ പ്രസംഗത്തില്‍, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉസ്താദ് വിലപ്പെട്ടതായി കണ്ടത് ശിഷ്യ സമ്പത്താണെന്നും പ്രതീക്ഷിച്ചതിലും കവിഞ്ഞു ഒഴുകിയെത്തിയ ജ്ഞാനഫലങ്ങള്‍ ലോകത്ത് ഉസ്താദിന് അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമാണെന്നും പറഞ്ഞപ്പോള്‍ ആര്‍ദ്ര നയനങ്ങളുമായി അല്ലാഹുവിനെ സ്തുതിക്കുകയായിരുന്നു ഉസ്താദ്.

1985 മുതല്‍ 2019 വരെയുള്ള പതിനായിരത്തിലേറെ വരുന്ന സഖാഫികളില്‍ തൊണ്ണൂറു ശതമാനവും സംഗമിച്ച മഹാസമ്മേളനത്തിനാണ് നോളജ് സിറ്റി വേദിയായത്. മര്‍കസില്‍ വര്‍ഷങ്ങളോളം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ബുഖാരി ഓതിപ്പടിച്ച രൂപത്തില്‍ ഹികമിന്റെ ദര്‍സ് ലഭിച്ചപ്പോള്‍ അപാരമായ അനുഭൂതിയിലായിരുന്നു ഓരോരുത്തരും. ‘ഏറ്റവും സത്യസന്ധമായും വിശുദ്ധമായും പണ്ഡിതരായ നാം ജീവിക്കണം. മുഹമ്മദ് നബി(സ്വ)യുടെ ഓരോ ഉപദേശവും നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം’ ഉസ്താദ് ഉപദേശിച്ചു.

സമ്മേളനത്തില്‍ സംസാരിച്ച കാന്തപുരം ഉസ്താദിന്റെ ശിഷ്യനായ എ.പി മുഹമ്മദ് മുസ്ലിയാരും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ് ഗുരുവിനെ പറ്റി പങ്കുവെച്ചത്. ‘പതിനാലാം വയസ്സ് മുതല്‍ ഒരു ശിഷ്യനായി ഉസ്താദിന്റെ കൂടെ കൂടി. അന്നേ വ്യക്തി വൈശിഷ്ട്യത്തിന്റെ പൂര്‍ണ്ണതയായിരുന്നു കാന്തപുരം ഉസ്താദ്. അഗാധമായ അറിവ്, അവിടുത്തെ സ്വതഷിദ്ധമായ ശൈലിയില്‍ ശിഷ്യരിലേക്കു പകര്‍ന്നു നല്‍കി. സുന്നത്ത് ജമാഅത്തിനെ കുറിച്ചുള്ള ഉസ്താദിന്റെ ആഴമുള്ള അറിവും, അത് സമര്‍ത്ഥിക്കാന്‍ അല്ലാഹു നല്‍കിയ വാഗ്മിത്വ മികവും ഒത്തുചേര്‍ന്നപ്പോഴാണ് മുസ്ലിംകള്‍ക്കിടയില്‍ മാറ്റങ്ങള്‍ ഉണ്ടായത്. സി.എം വലിയുല്ലാഹിയും ഇ.കെ ഹസന്‍ മുസ്ലിയാരും എല്ലാം ഉസ്താദിന്റെ പ്രവത്തനങ്ങള്‍ക്ക് ആത്മീയമായും വൈജ്ഞാനികമായും ഉപദേശം നല്‍കി. മഹാന്മാരെ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന വിശിഷ്ടമായ സ്വഭാവത്തിന് ഉടമയാണ് ഉസ്താദ്. എല്ലാവരോടും സ്‌നേഹമാണ് ഉസ്താദിന്. എന്നും വലിയ പദ്ധതികള്‍ അവിടുന്നു ഹൃദയത്തില്‍ ഏറ്റി നടന്നു. ഈ സമൂഹത്തിന്റെ പുരോഗത്തിക്കായി. അല്ലാഹു അവയൊക്കെ നിറവേറ്റി കൊടുത്തു. എല്ലാവരുടെയും ഉള്ളില്‍ അഗാധമായ സ്നേഹം ഉസ്താദിനോട് നല്‍കി. നോളജ് സിറ്റി പോലെ വിപുലമായ വൈജ്ഞാനിക സാംസ്‌കാരിക പദ്ധതി മറ്റേതൊരു പണ്ഡിതനാണ് ലോകത്ത് നടപ്പിലാക്കാന്‍ സാധിച്ചത്. പരിചയപ്പെടുന്ന ഓരോ മനുഷ്യരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നിലാവ് പെയ്യിക്കാന്‍ സാധിച്ച പണ്ഡിതന്‍. അവിടുത്തെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്നതും, അവിടുത്തെ പ്രിയശിഷ്യരായി മാറാന്‍ പറ്റിയെന്നതും അല്ലാഹു നമുക്ക് കനിഞ്ഞുതന്ന അനുഗ്രഹമാണ്’ അദ്ദേഹം പറഞ്ഞു.


SHARE THE NEWS