ഇസ്‌ലാം സര്‍വ്വകാലികം, യുക്തിവാദികളുടെ കരുനീക്കങ്ങള്‍ കരുതിയിരിക്കണം: സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സില്‍

0
822

കോഴിക്കോട്: ഇസ്‌ലാം ആരാധനകളുടെയും പ്രാര്‍ത്ഥനകളുടെയും മാത്രം മതമല്ലെന്നും സര്‍വ്വ കാലികവും സര്‍വ്വ ജനീനവുമായ ഈ മതം സമ്പുഷ്ടവും സമൃദ്ധവുമാണെന്നും സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സില്‍ ആഗോള സഖാഫി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ഇസ്ലാമിന്റെ സൗന്ദര്യം സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനു പണ്ഡിത സമൂഹം പൂര്‍വ്വോപരി രംഗത്തിറങ്ങേണ്ടതുണ്ട്. സമൂഹത്തിന്റെ യുക്തിവാദത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവരെ കരുതിയിരിക്കണം. സാമ്പത്തിക മാന്ദ്യവും പ്രവാസികളുടെ തിരിച്ചുവരവും തൊഴിലില്ലായ്മ വ്യാപനവും കൂടിവരുന്ന സാഹചര്യത്തില്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക ഉന്നമന മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നടപ്പിലാക്കിക്കൊടുക്കാനും ഉലമാക്കള്‍ മുന്നിട്ടിറങ്ങണം.കാര്‍ഷികം ,ആരോഗ്യം വ്യവസായം, ഉല്‍പാദനം, നിര്‍മ്മാണം, ജല സംരക്ഷണം, മലിനീകരണം, ധൂര്‍ത്ത്, പ്രകൃതി സംരക്ഷണം, ശുചീകരണം, സാന്ത്വനം, തൊഴില്‍ വ്യവസ്ഥ തുടങ്ങിയകാര്യങ്ങളില്‍ ഇസ്ലാം നല്‍കുന്ന ദര്‍ശനങ്ങള്‍ ജാതി മത ഭേദമന്യേ പൊതു സമൂഹത്തിന് കൈമാറുന്നതിന് മിഹ്‌റാബുകളും മിമ്പറുകളും ഉപയോഗപ്പെടുത്തണമെന്നും പ്രമേയം വ്യക്തമാക്കി.

സുന്നി ഐക്യം ഏറ്റവും അനിവാര്യമായ ഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും പ്രമേയം പാസ്സാക്കി. സമുദായം ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ വിഭാഗീയതകള്‍ മറന്ന് ആദര്‍ശപരമായ ഒന്നിക്കല്‍ സാധ്യമാകണം. ആദര്‍ശത്തില്‍ ഏകീകൃത സ്വഭാവമുള്ള ഉത്തര ദക്ഷിണ കേരളത്തിലെ സുന്നി സംഘടനകള്‍ അവരവരുടെ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം പൊതുവായി ഐക്യപ്പെടാനും പൊതു വിഷയങ്ങളില്‍ ഒരുമിച്ചിരിക്കാനും വേദി ഒരുക്കണമെന്നും പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഹസന്‍ സഖാഫി തറയിട്ടാല്‍ പ്രമേയം അവതരിപ്പിച്ചു.