അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം; മുഖ്യാതിഥി ഹബീബ്‌ അലി ജിഫ്‌രി എത്തി

0
912

കോഴിക്കോട്‌: സ്‌നേഹമാണ്‌ വിശ്വാസം എന്ന ശീര്‍ഷകത്തില്‍ ഈ മാസം പത്തിന്‌ മര്‍കസ്‌ കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ്‌ കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായ ലോകപ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതനും പ്രബോധനകനുമായ ഹബീബ്‌ അലി ജിഫ്‌രി കേരളത്തിലെത്തി. ഇന്നലെ വൈകീട്ട്‌ എട്ട്‌ മണിക്ക്‌ കോഴിക്കോട്‌ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന്‌ മര്‍കസ്‌ സാരഥികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
സ്വീകരണച്ചടങ്ങില്‍ മര്‍കസ്‌ ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, അബൂസ്വാലിഹ്‌ സഖാഫി, മജീദ്‌ പുത്തൂര്‍, മുഹമ്മദ്‌ നൂറാനി വള്ളിത്തോട്‌, യാസര്‍ അറഫാത്ത്‌ നൂറാനി പങ്കെടുത്തു.
അന്താരാഷ്ട്ര മീലാദ്‌ കോണ്‍ഫറന്‍സിന്റെ ഭാഗമായി പൂനൂര്‍ മദീനതുന്നൂര്‍ കോളേജില്‍ ഇന്ന്‌(വെള്ളി) ആരംഭിക്കുന്ന മുല്‍ത്വഖ 2016 അന്താരാഷ്ട്ര പ്രബോധന സമ്മേളനത്തില്‍ ഹബീബ്‌ അലി ജിഫ്‌രി പങ്കെടുക്കും. നാളെ(ശനി) കാരന്തൂര്‍ മര്‍കസില്‍ നല്‍കുന്ന സ്വീകരണത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ അധ്യക്ഷനാകും.
യമനിലെ ഹളറമൗതില്‍ നിന്നുള്ള ഹബീബ്‌ അലി ജിഫ്‌രി 1971 ഏപ്രില്‍ പതിനാറിനാണ്‌ ജനിച്ചത്‌. കുട്ടിക്കാലത്തേ ദീനീ വിജ്ഞാന രംഗത്തേക്ക്‌ കടന്നു വന്ന സയ്യിദ്‌ ഹബീബ്‌ അലി ജിഫ്‌രി തന്റെ അമ്മായിയായ സഫിയ ബിന്‍ത്‌ ഹസന്‍ അല്‍ ജിഫ്‌രിയില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം നേടി. ശേഷം സൂഫീവര്യനായ ഹബീബ്‌ അബ്ദുല്‍ ഖാദിര്‍ അസ്സഖാഫിന്റെ ശിക്ഷണത്തില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ വിദ്യാഭ്യാസ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തുടര്‍ന്നുള്ള പത്ത്‌ വര്‍ഷങ്ങള്‍ വിഖ്യാത പണ്ഡിതന്‍ ഹബീബ്‌ ഉമര്‍ ബിന്‍ ഹഫീസിന്‌ കീഴില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ചു. ബൈദ നഗരത്തിലെ ഹബീബ്‌ മുഹമ്മദ്‌ അള്‍ ഹദാറിനു കീഴില്‍ വൈജ്ഞാനിക – പ്രബോധന പരിശീലനം നേടി. തൊണ്ണൂറുകളുടെ മധ്യത്തില്‍ യമനിലെ പൗരാണിക നഗരമായ തരീമില്‍ ദാറുല്‍ മുസ്‌തഫ ഇസ്‌്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ ഹബീബ്‌ ഉമര്‍ ബിന്‍ ഹഫീളിനൊപ്പം സജീവമായി പ്രവര്‍ത്തിച്ചു.
നിലവില്‍ യമനിലെ ദാറുല്‍ മുസ്‌തഫ യൂണിവേഴ്‌സിറ്റി, ജോര്‍ദാനിലെ റോയല്‍ ആല്‍-ബയ്‌ത്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ ഇസ്‌്‌ലാമിക്‌ തോട്ട്‌ എന്നിവയുടെ അഡൈ്വസറി ബോര്‍ഡ്‌ അംഗമാണ്‌. സയ്യിദ്‌ ഹബീബ്‌ അലി ജിഫ്‌രി. യു.എസ്സിലെ യാല്‍ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഫെയ്‌ത്ത്‌ ആന്റ്‌ കള്‍ച്ചര്‍ അടക്കം വിവിധ രാഷ്ട്രങ്ങളിലെ അക്കാദമിക സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സംഘടനകളുമായും അടുത്ത ബന്ധമുള്ള ഹബീബ്‌ ജിഫ്‌രിയുടെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്‌. അമേരിക്ക, യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്‌ എന്നിവിടങ്ങളിലായി 34 രാഷ്ട്രങ്ങളില്‍ അദ്ദേഹം പ്രബോധന പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അന്താരാഷ്ട്ര മതതാരതമ്യ സമ്മേളനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ, കര്‍മശാസ്‌ത്ര സെമിനാറുകള്‍, അധ്യാത്മിക സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പതിവായി സംബന്ധിക്കുന്ന പണ്ഡിതപ്രതിഭ കൂടിയാണ്‌ യുവപ്രബോധകരുടെ ആവേശമായ ഹബീബ്‌ അലി ജിഫ്‌രി. ജര്‍മനിയിലെ ഈഗന്‍ ബൈസര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്‌ ലഭിച്ചു.
ആധുനിക പ്രസ്ഥാനങ്ങളും ഇസ്‌്‌ലാമും തമ്മിലുള്ള സംവാദങ്ങളിലും സ്ഥിരം ക്ഷണിതാവാണ്‌ ജിഫ്‌രി. ആധുനിക ലോകത്തെ ഇസ്‌്‌ലാമിനെക്കുറിച്ചും മുസ്‌്‌ലിംകളെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഇസ്‌്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി നിലനില്‍ക്കുന്ന സയ്യിദ്‌ ഹബീബ്‌ അലി ജിഫ്‌രിയുടെ സാന്നിധ്യം പ്രവാചകപ്രേമികളായ മലയാളികള്‍ക്ക്‌ നവ്യാനുഭവമായിരിക്കും.