പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് അലി അല്‍ സാബൂനി അന്തരിച്ചു

0
898
SHARE THE NEWS

ഇസ്താംബൂൾ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും സിറിയൻ പണ്ഡിത സഭയുടെ ചെയർമാനുമായ ശൈഖ് മുഹമ്മദ് അലി അല്‍ സാബൂനി (91) അന്തരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. തുർക്കിയിലായിരുന്നു കുറച്ചു വർഷങ്ങളായി അദ്ദേഹം ജീവിച്ചിരുന്നത്.

സിറിയയിലെ അലപ്പോയിൽ 1930 ൽ ജനിച്ച ശൈഖ് സാബൂനി ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി. മുഖ്തസറു തഫ്സീറി ഇബ്നി കസീർ, അൽ തിബിയാനു ഫീ ഉലൂമിൽ ഖുർആൻ, മുഖ്തസറു തഫ്സീറി ത്വബരി തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ പ്രശസ്തമാണ്. 57 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ കേരളത്തിലെ ഇസ്‌ലാമിക പഠന കേന്ദ്രങ്ങളിൽ റഫറൻസ് ആയി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ടെലിവിഷൻ സാദ്ധ്യതകൾ ഉപയോഗിച്ചും വൈജ്ഞാനികമായ ഇടപെടലുകൾ അദ്ദേഹം നടത്തി. ഖുർആൻ സംബന്ധമായ പ്രഭാഷണങ്ങൾ 600 എപ്പിസോഡുകളായി അറബ് ലോകത്ത് സംപ്രേക്ഷണം ചെയ്തത് വളരെ ജനപ്രീതി നേടിയിരുന്നു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന പണ്ഡിതനായിരുന്നു ശൈഖ് സാബൂനി. ഇരുവരും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മർകസ് സമ്മേളനത്തിൽ മുഖ്യാഥിതിയായും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ശൈഖ് സാബൂനിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുശോചനം അറിയിച്ചു.
ഇസ്ലാമിക വിജ്ഞാനത്തെ ആധുനികകാലത്ത് പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് കാന്തപുരം പറഞ്ഞു. ശൈഖ് സാബൂനിയുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥന നടത്താനും കാന്തപുരം അഭ്യർത്ഥിച്ചു.


SHARE THE NEWS