മർകസ് വൈസ് പ്രസിഡന്റ് എസ്.എസ്.എ ഖാദർ ഹാജി അന്തരിച്ചു

0
241
SHARE THE NEWS

ബെം​ഗളൂരു: മർകസിന്റെ വൈസ് പ്രസിഡന്റും വിദ്യാഭ്യാസ പ്രവർത്തകനും ബെം​ഗളൂരുവിലെ പ്രമുഖ വ്യാപാരിയും മത സാമൂഹിക സംഘടനകളുടെ നേതൃത്വവുമായ എസ്.എസ്.എ ഖാദർ ഹാജി(75) അന്തരിച്ചു. ഇസ്‍ലാമിക് എജ്യുക്കേഷണൽ ബോർഡ് കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ്, ബാംഗ്ലൂർ ജുമുഅ മസ്‌ജിദ്‌ ട്രസ്റ്റ് ബോർഡ് ചെയർമാൻ, സുന്നി മാനേജ്മന്റ് അസോസിയേഷൻ കർണാടക പ്രസിഡന്റ്, മർകസിന്റെ കീഴിൽ ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന മർകിൻസ് ഇന്റഗ്രെറ്റഡ് അക്കാഡമിക് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാൻ എന്നീ പദവികളും വഹിച്ചു വരികയായിരുന്നു.

രാജ്യാന്തര രംഗത്ത് പ്രശസ്തമായ നിരവധി അന്താരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം നയിച്ച പാരമ്പര്യമുള്ള എസ്.എസ്.എ ഖാദർ ഹാജി, സ്വന്തമായി തുടങ്ങിയ ഖൈക ഗ്രൂപ് ഓഫ് കമ്പനീസിന്റെ കീഴിൽ വിപുലമായി വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളെ പി.ജി വരെ സൗജന്യമായി പഠിപ്പിക്കുന്ന യത്നവും നടത്തിവരികയായിരുന്നു ഖാദർ ഹാജി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായുള്ള പതിറ്റാണ്ടുകളായുള്ള ബന്ധം, വ്യാപാര മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ മേഖലയിൽ സജീവമാകാനും ഖാദർ ഹാജിക്ക് പ്രേരണയായി.

സൗത്തിന്ത്യയിലെ തന്നെ മുസ്‌ലിം വിദ്യഭ്യാസ മുന്നേറ്റ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എസ്.എസ്.എ ഖാദർ ഹാജിയുടെ നിര്യാണം വലിയ നഷ്ടമാണ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.


SHARE THE NEWS