കാരന്തൂര്‍: സമസ്തക്കും സുന്നി പ്രസ്ഥാനത്തിനും ശക്തമായ ആധ്യാത്മിക നേതൃത്വം നല്കിയ സൂഫിവര്യനും പണ്ഡിതനുമായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ മൂന്നാം ഉറൂസിനും മഹ്ളറത്തുല്‍ ബദ്രിയ്യ ആത്മീയ സംഗമത്തിനും നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1950കളില്‍ തന്നെ സമസ്തയിലെത്തിയ താജുല്‍ ഉലമ വടക്കന്‍ കേരളത്തിലും കര്‍ണാടകയിലും സുന്നത്ത് ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ കഠിനാധ്വാനം നടത്തിയ പണ്ഡിതനാണ്. ആഴമുള്ള
ഇസ്ലാമിക വിജ്ഞാനവും ആധ്യാത്മിക ജീവിതവും കൊണ്ട് അദ്ദേഹം കേരളീയ മുസ്ലിംകളെ ഏറ്റവും അധികം സ്വാധീനിച്ച പണ്ഡിത്മാരില് ഒരാളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മര്‍കസിനും സുന്നി പ്രസ്ഥാനത്തിനും താജുല്‍ ഉലമ പകര്‍ന്ന ആവേശവും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. കാന്തപുരം പറഞ്ഞു.
വൈകുന്നേരം 4മണിക്ക് ആരംഭിച്ച പരിപാടി സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ‘ശൈഖ് ജീലാനിയുടെ ആത്മീയ ലോക’മെന്ന ശീര്‍ഷകത്തില്‍ അബ്ദുല്ല സഖാഫി മലയമ്മ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ പേരില്‍ മൗലിദ് പാരായണവും മാല അലാപനവും നടന്നു. വൈകുന്നേരം 6.30നു തുടങ്ങിയ ആധ്യാത്മിക അനുസ്മരണ സംഗമത്തില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട് താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ സംഗമത്തിനും പ്രാര്‍ത്ഥനക്കും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി. സയ്യിദ് സ്വാലിഹ് തുറാബ്, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് സിബ്തൈ്വന് ഹൈദര്‍ യു.പി, സയ്യിദ് സ്വഫീ ഹൈദര്‍ ബോംബെ സംബന്ധിച്ചു.