കോവിഡ് പ്രതിരോധത്തിന് യുനാനി സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്

0
680
SHARE THE NEWS

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും യുനാനി വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ കൂടെ പ്രയോജനപ്പെടുത്തണമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ആയുഷ് വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഇംദാദുള്ള സിദ്ധീഖി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ.കെ.എം അബ്ദുറഹിമാന്‍ എന്നിവര്‍ കത്തയച്ചു. ലോക ജനതയെ ആശങ്കയിലാഴ്ത്തിയ കോവിഡ്19 ഭീഷണിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. അലോപ്പതി വൈദ്യ ശാസ്ത്രത്തില്‍ ഇതിന് വ്യക്തമായ വാക്‌സിനുകളോ മരുന്നുകളോ കണ്ടെത്തിയിട്ടില്ല. ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല. രോഗ ലക്ഷണങ്ങളെയും രോഗിയുടെ ആരോഗ്യ നിലയും നിരീക്ഷിച്ച് ചികില്‍സിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം ലക്ഷണങ്ങളെ ചികിത്സിക്കാനും രോഗികളുടെ ഹുമെറല്‍ ഇക്‌ലിബ്രിയം, ടെമ്പറമെന്റല്‍ ബാലന്‍സിംഗ് എന്നിവയിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തി ചികിത്സിക്കാനും ബയോഫിസിക്‌സ് അടിസ്ഥാനമാക്കിയുള്ള യുനാനി ചികിത്സ കൂടുതല്‍ ഫലപ്രദമാവുമെന്നാണ് യുനാനി ഡോക്ടര്‍മാര്‍ കരുതുന്നത്. ചിര സമ്മതമായതും ആധുനികവുമായ യുനാനി മരുന്നുകളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായതിനല്‍ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ആയുഷ് വകുപ്പിനു കീഴിലുള്ള ചികിത്സാ രീതികള്‍ നടപ്പിലാക്കണമെന്ന് ഈയ്യിടെ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദ്ദേശങ്ങളും ആയുഷ് ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമാന ചികിത്സാ സംവിധാനങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും കൂടെ പ്രയോജന പെടുത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയായിരുന്നു ആയുഷ് വകുപ്പിന്റെ ഈ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്ത് ഇത് സംബന്ധമായ തുടര്‍നടപടികള്‍ കാണാത്ത സാഹചര്യത്തിലാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. 2006, 2007 വര്‍ഷങ്ങളിലെ ചിക്കന്‍ ഗുനിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുനാനി വിദഗ്ദ്ധര്‍ നല്‍കിയ സേവങ്ങളും അതിന് അന്നത്തെ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി നല്‍കിയ അഭിനന്ദനങ്ങളും അപേക്ഷയില്‍ അനുസ്മരിച്ചു. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ യുനാനി ഡിസ്‌പെന്‍സറികള്‍ അനുവദിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴില്‍ സംസ്ഥാന ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ രാജ്യത്തെ പ്രഗത്ഭരായ യുനാനി ഡോക്ടര്‍മാരും, ഗവേഷകരും, ശാസ്ത്രജ്ഞന്മാരും സേവനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ വിഭവശേഷിയും ഗവേഷണമികവും കേരളീയ ജനതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ സന്നദ്ധമാണെന്നും സര്‍ക്കാരിനെ അറിയിച്ചു.


SHARE THE NEWS