കേരള മുസ്ലിം ജമാഅത്തിന്റെ സ്ഥാപകാംഗവും മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നീലിക്കണ്ടി പക്കർ ഹാജിയുടെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വയനാട്ടിൽ സുന്നിസംഘടനകളുടെ പ്രവർത്തനത്തിലും പ്രചാരണത്തിലും ആദ്യകാലം മുതലേ സജീവമായി ഉണ്ടായിരുന്ന പക്കർ ഹാജി ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ഇടപെടലുകൾ കൊണ്ടും അവസാനകാലം വരെ ഒട്ടനവധി സേവനങ്ങൾ ദീനിനും സമൂഹത്തിനുമായി ചെയ്തിട്ടുണ്ട്. നീലിക്കണ്ടി കുടുംബം വയനാട്ടിൽ കേളികേട്ട കുടുംബമാണ്. പക്കർ ഹാജിയുടെ പിതാവ് നീലിക്കണ്ടി കുഞ്ഞമ്മത് ഹാജിയാണ് പണ്ട് മുതലേ വയനാട്ടിൽ എത്തുന്ന സമസ്തയുടെയുടെയും സുന്നത്ത് ജമാഅത്തിന്റെയും നേതാക്കൾക്ക് ആതിഥ്യമൊരുക്കാറുള്ളത്. കുഞ്ഞമ്മത് ഹാജിയുടെ ധൈര്യവും പൊതു സേവന താൽപര്യങ്ങളും ആതിഥ്യമര്യാദയും എല്ലാം പൂർണമായി പകർന്നെടുത്ത ആളായിരുന്നു പക്കർഹാജി. കൽപറ്റ ദാറുൽ ഫലാഹ്, സുന്നി മദ്രസകൾ, ദീനി കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച പക്കർ ഹാജി, ജില്ലയുടെ വിദ്യാഭ്യാസ മുഖഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. തൻ്റെ വലിയുപ്പയുടെ പേരിൽ സ്ഥാപിച്ച കൽപറ്റ എൻ എം എസ് എം ഗവ.കോളേജിൻ്റെ വിപുലീകരണത്തിനും നേതൃത്വം നൽകി.
മർകസിന്റെ തുടക്കകാലം മുതലേ വലിയ ബന്ധം സ്ഥാപിക്കുകയും മർകസ് പ്രവർത്തനങ്ങളിൽ തന്നാലാവും വിധം സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ജനകീയ അടിത്തറയിലും പിന്തുണയിലും ഉയർന്നുവന്ന മർകസിന്റെ ആദ്യകാല വരുമാനങ്ങളിൽ പ്രധാനമായിരുന്നു വീടുകൾ തോറും സ്ഥാപിച്ച ധർമപെട്ടികളിൽ നിന്നുള്ള വിശ്വാസികളുടെ സ്വദഖകൾ. വയനാട് ജില്ലയിലും തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ അടക്കമുള്ള വിവിധ പ്രദേശങ്ങളിലും വീടുകൾ തോറും ഇത്തരം ചെറിയ ധർമപെട്ടികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം സജീവമായി ചെയ്തു. വയനാട്ടിൽ ഒരു സുന്നി ആസ്ഥാനമോ ഓഫീസോ ഇല്ലാത്ത അക്കാലത്ത് അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു മർകസിന്റെയും സുന്നി സംഘടനകളുടെയും പ്രവർത്തനങ്ങൾ നടന്നിരുന്നത്. വയനാട് മുസ്ലിം ഓർഫനേജിന്റെ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു മർകസിന് വേണ്ടിയും അദ്ദേഹം മുന്നിട്ടിറങ്ങിയത്.
വയനാട്ടിൽ എസ് വൈ എസ് ജില്ലാ കമ്മിറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അക്കാലത്ത് സുന്നി നേതാക്കളെ വയനാട്ടിൽ കൊണ്ടുവരാനും വിവിധ പ്രദേശങ്ങളിൽ പ്രസംഗങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം ഉത്സാഹിച്ചു. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, ഇ കെ ഹസൻ മുസ്ലിയാർ തുടങ്ങിയവരോടൊപ്പം ഞാനും ഹാജിയാരുടെ ക്ഷണം സ്വീകരിച്ച് വയനാട്ടിൽ സുന്നിസമ്മേളനങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പിളർപ്പ് നേരിട്ട കാലത്ത് വലിയ പ്രമാണി കുടുംബമായ തന്റെ കുടുംബത്തിലെ ഏതാനും ചിലർ മറുപക്ഷത്തായിരുന്നിട്ടും സുന്നത്ത് ജമാഅത്തിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കാനും സധീരമായി പ്രവർത്തിക്കാനും തയ്യാറായത് പ്രവർത്തകർക്ക് വലിയ ആവേശം നൽകുകയും വയനാട്ടിലെ സുന്നി പ്രസ്ഥാനത്തിന്റെ വേരോട്ടത്തിൽ അത് വലിയ ഇന്ധനമാവുകയും ചെയ്തു.
1992 ൽ കൽപറ്റ ആസ്ഥാനമായി ദാറുൽ ഫലാഹ് ആരംഭിക്കാൻ ആലോചിച്ച വേളയിൽ സ്ഥലമേറ്റെടുപ്പ് മുതൽ മുഴുവൻ കാര്യങ്ങളിലും അദ്ദേഹം ഇടപെടുകയും വേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. കൽപറ്റയിലെ ചെറിയ പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് ആയിഷ, അൽ ഫലാഹ് മസ്ജിദ്, അറ്റ്ലേഡ് പള്ളി തുടങ്ങിയ പള്ളികൾ നവീകരിക്കുന്നതിലും നിർമിക്കുന്നതിലും വലിയതോതിൽ അദ്ദേഹം അധ്വാനിച്ചിട്ടുണ്ട്. സിറാജ് ദിനപത്രത്തിന്റെ പ്രചാരണത്തിലും വയനാട്ടിൽ അദ്ദേഹം മുന്നിൽ നിന്നു.
സംഘടനാപരമായി കുടുംബത്തിലും മറ്റും ഒറ്റപ്പെട്ടല്ലോ എന്നുപറയുന്നവരോട് ഖബറിലും താൻ ഒറ്റക്കാണല്ലോ എന്നുപറയുകയും തന്റെ കർമങ്ങൾ ഖബർ ജീവിതത്തിൽ വെളിച്ചമാവുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ പാരമ്പര്യവും മഹിമയും അനുസരിച്ച് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ ഭൗതികമായി ഉയരങ്ങളിൽ എത്താമായിരുന്നിട്ടും
അതിലൊന്നും ഇടപെടാതെ ദീനീ സംഘടനകളിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കാനുള്ള വഴിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. മതം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഉമറാ-ഉലമാ ബന്ധം എത്രത്തോളം കരുത്തുപകരുമെന്നതിന്റെ വലിയ ഉദാഹരണമായിരുന്നു പക്കർ ഹാജിയുടെ പണ്ഡിതന്മാരുമായുള്ള ബന്ധങ്ങളും അതുമൂലമുണ്ടായ വലിയ നേട്ടങ്ങളും. അല്ലാഹു പക്കർ ഹാജിയുടെ സത്കർമങ്ങൾ സ്വീകരിക്കുകയും പരലോകജീവിതം സന്തോഷകരമാക്കുകയും ചെയ്യട്ടെ. കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ.