കൻസുൽ ഉലമ: സുന്നി പ്രസ്ഥാനത്തിന് കരുത്തുപകർന്ന നേതാവ്
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
For Markaz Liveസഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം
നമ്മുടെയെല്ലാം പ്രിയങ്കരനും സമസ്തകേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായിരുന്ന ചിത്താരി കെ പി ഹംസ മുസ്ലിയാർ വിടപറഞ്ഞ് ആറു വർഷം പൂർത്തിയാവുകയാണ്. സമസ്തയുടെയും സംഘടനയുടെയും നിർണായക ഘട്ടങ്ങളിലടക്കം കൂടെ നിന്ന് സുന്നിപ്രസ്ഥാനത്തിന് ശക്തിയും കരുത്തും പകർന്ന ഹംസ മുസ്ലിയാർ വ്യക്തിപരമായി എനിക്ക് നൽകിയ ഊർജം ചെറുതൊന്നുമല്ലായിരുന്നു. എസ് വൈ എസിലും സമസ്തയിലും പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽക്കുതന്നെ കേട്ടുകൊണ്ടിരുന്ന പേരാണ് കെ പി ഹംസ മുസ്ലിയാർ. എന്നാൽ 1981-82 കാലത്ത് ഇ കെ ഹസൻ മുസ്ലിയാരുടെ കാർമികത്വത്തിൽ ഫറോക്കിൽ നടന്ന ഒരു സമ്മേളനത്തോടെയാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രാഗത്ഭ്യവും അടുത്തറിയുന്നതും കൂടുതൽ ബന്ധം സ്ഥാപിക്കുന്നതും. അന്ന് തുടങ്ങിയ ബന്ധം മരണംവരെയും നിലനിന്നു. സമ്മേളനത്തിൽ ചുമതലപ്പെടുത്തിയതനുസരിച്ച് പലരും പല വിഷയങ്ങളും അവതരിപ്പിച്ചു സംസാരിച്ചു, 'തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം' എന്ന വിഷയമായിരുന്നു ഹംസ മുസ്ലിയാർക്ക് നൽകപ്പെട്ടത്. ഇസ്ലാം ഭീകരതയുടെയും തീവ്രതയുടെയും മതമല്ല, അക്രമവും കാപട്യവും ഇസ്ലാമിന്റെ രീതിയല്ല, ഇസ്ലാം സഹിഷ്ണുതയും സമാധാനവുമാണ്... തുടങ്ങിയ ആശയങ്ങൾ രേഖകൾ വെച്ച് ഹംസ മുസ്ലിയാർ മനോഹരമായി അവതരിപ്പിച്ചു. ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണകൾ മനസ്സിലുള്ള ആർക്കും അതെല്ലാം തിരുത്താൻ മാത്രം ഗംഭീരമായിരുന്നു ആ പ്രസംഗത്തിന്റെ ഉള്ളടക്കവും അവതരണ ശൈലിയും.
സമസ്ത മുശാവറയിലും എസ് വൈ എസിലും വിദ്യാഭ്യാസ ബോർഡിലും ഒരേസമയം ഭാരവാഹികളായും പ്രവർത്തക സമിതി അംഗങ്ങളായും നന്നായി ഇടപഴകാൻ ഞങ്ങൾക്ക് ഇരുവർക്കും അവസരം ഉണ്ടായി. കൂടുതൽ അടുത്തപ്പോൾ വ്യക്തിജീവിതത്തിലും സംഘടനാ കാര്യങ്ങളിലും സ്ഥാപന വിഷയങ്ങളിലും പ്രധാനപ്പെട്ട എന്തുകാര്യം ചെയ്യുമ്പോഴും ഞങ്ങൾ പരസ്പരം അറിയിക്കുകയും ആലോചിക്കുകയും ചെയ്യാൻ തുടങ്ങി.
കണ്ണൂർ ജില്ല വിഭജിക്കുന്നതിന് മുമ്പ് ആദരണീയരായ താജുൽ ഉലമക്കും നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർക്കുമൊപ്പം കണ്ണൂർ, കാസർഗോഡ് പ്രദേശങ്ങളിൽ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട് അദ്ദേഹം. ജാമിഅ സഅദിയ്യയുടെ ദീർഘകാല ജനറൽ സെക്രട്ടറിയും മുഴുസമയ പ്രവർത്തകനുമായിരുന്നു. പിന്നീട് ജില്ല വിഭജിച്ച് കാസർഗോഡ് ഉണ്ടായപ്പോൾ കണ്ണൂരിൽ കൂടുതൽ ശ്രദ്ധിച്ചുകൊണ്ട് പ്രവർത്തന ഗോഥയിൽ സജീവമായി. അങ്ങനെയാണ് അല് മഖർ എന്ന സ്ഥാപന സമുച്ചയങ്ങളുടെ തുടക്കവും വളർച്ചയും സാധ്യമാകുന്നത്.
സമുദായത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ സമസ്തയും പണ്ഡിതരും സജീവമായപ്പോൾ തങ്ങളുടെ നേതൃത്വം നഷ്ടമാകുമോ എന്ന് ഭയപ്പെട്ട ചിലരുടെ ഇടപെടൽ നിമിത്തമാണ് സമസ്തയിൽ അനിശ്ചിതത്വങ്ങൾ ഉണ്ടായത്. അവരെ മറയാക്കി ബിദഇകള് തങ്ങളുടെ ആശയപ്രചാരണം ശക്തമാക്കി. ഈ സാഹചര്യത്തിൽ നിശബ്ദരായിരിക്കാൻ ഞങ്ങൾക്കാകുമായിരുന്നില്ല. താജുൽ ഉലമയും നൂറുൽ ഉലമ എം.എ. അബ്ദുൽ ഖാദർ മുസ്ലിയാരും ഞാനും സമസ്തയെ നിഷ്പ്രഭമാക്കാനുള്ള ഈ ശ്രമങ്ങൾക്കെതിരെ ഉണർന്നു പ്രവർത്തിച്ചപ്പോൾ എല്ലാ കാര്യത്തിലും ഹംസ മുസ്ലിയാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനായതിനാൽ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഹംസ മുസ്ലിയാരെ ഞങ്ങൾ ഏൽപ്പിക്കുകയും അദ്ദേഹം അതിന് മുൻകൈയെടുക്കുകയും ചെയ്തു.
സമസ്ത പുനഃസംഘടനക്കുശേഷം ഉസ്താദിനെതിരെ നിൽക്കുന്ന ആൾ എന്ന ആക്ഷേപം ഉന്നയിച്ച് അദ്ദേഹത്തെ തളർത്താൻ പലരും നോക്കിയിരുന്നു. എന്നാൽ ഹംസ മുസ്ലിയാരോടോ എന്നോടോ കണ്ണിയത്ത് ഉസ്താദിന് ഒരു അകൽച്ചയും ഉണ്ടായിരുന്നില്ല. പിളർപ്പിന് ശേഷവും ഞാനും ഹംസ മുസ്ലിയാരും താജുൽ ഉലമയുമെല്ലാം അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും സൗഹൃദം പുതുക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ചില സമ്മേളനങ്ങളിൽ കുഞ്ഞിക്കോയ തങ്ങൾ എവിടെ? ഏപ്പി എവിടെ? എന്ന് പരസ്യമായി കണ്ണിയത്ത് ഉസ്താദ് ചോദിച്ചതും മെെക്ക് ഓഫ് ചെയ്തതുമെല്ലാം പരസ്യമായ കാര്യങ്ങളാണല്ലോ!
നല്ല തഹ്ഖീഖുള്ള പണ്ഡിത പ്രതിഭയായിരുന്നു ഹംസ മുസ്ലിയാർ. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെയും പി. എ. അബ്ദുല്ല മുസ്ലിയാരുടെയും ദർസുകളിൽ ഓതി പഠിച്ച അദ്ദേഹം എല്ലാ ഫന്നുകളിലും ദർസ് നടത്താൻ കെൽപ്പുള്ള അറിവിന്റെ ഉടമയായിരുന്നു. മുശാവറയിലും അല്ലാതെയും നടന്ന പണ്ഡിത ചർച്ചകളിൽ ഒട്ടും പിഴക്കാത്ത തീർപ്പുകൾ മുന്നോട്ടുവെച്ച അദ്ദേഹത്തിന്റെ പാണ്ഡിത്യം ഞങ്ങള്ക്കെല്ലാം പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. ആരാധനകളിൽ നന്നായി ശ്രദ്ധിക്കുകയും ആത്മീയ ശീലങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു എന്നതാണ് ഹംസ മുസ്ലിയാരുടെ മറ്റൊരു സവിശേഷത. യാത്രയിലും അല്ലാത്തപ്പോഴും എന്ത് തിരക്കുണ്ടെങ്കിലും തഹജ്ജുദ്, ഹദ്ദാദ് റാത്തീബ്, ഹിസ്ബുന്നസ്ര്, വിർദുൽ ലത്തീഫ്, സൂറത്ത് യാസീൻ, ഖുർആൻ പാരായണം എന്നീ പതിവ് നന്മകൾ ഉപേക്ഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദീർഘനാളത്തെ സ്നേഹവും ബന്ധവും എല്ലാം ഓർമയാക്കി ഹംസ മുസ്ലിയാർ യാത്രയായപ്പോൾ വലിയ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്. ചിത്താരി ഉസ്താദിനെ അനുസ്മരിക്കുന്ന ഈ വേളയിൽ അവിടുത്തെ മാതൃക പിൻപറ്റി വ്യക്തിജീവിതത്തോടൊപ്പം പ്രസ്ഥാനതിന് മൂല്യം കൽപിക്കുന്ന ആ രീതി പിൻപറ്റാൻ നമ്മളും ഉത്സാഹിക്കണം. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ.
സഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം ...
സഫർ 14 ; ചിത്താരി കെ പി ഹംസ മുസ്ലിയാർ വഫാത് ദിനം ...
കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ തങ്ങൾ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. ക്ഷണിക്കപ്പെടുന്ന ദൂരെ ദിക്കുകളിലെ പരിപാടികളിൽ പോലും പങ്കെടുക്കുകയും സുന്നത്ത് ജമാഅത്തിന്റെ ആദർശം ആരെയും ഭയപ്പെടാതെ വിളംബരം ചെയ്യുകയുമുണ്ടായി. ആ സാന്നിധ്യവും സംസാരവും സാധാരണ പ്രവർത്തകർക്കും ബഹുജനങ്ങൾക്കും വലിയ ആവേശവും ഊർജവും സമ്മാനിച്ചു. ...