പ്രാസ്ഥാനിക രംഗത്തെയും വ്യക്തി ജീവിതത്തിലെയും മാർഗദർശിയും ദീർഘകാലത്തെ സഹപ്രവർത്തകരുമായിരുന്ന ആദരണീയരായ താജുൽഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ തങ്ങളുടെ മകനെന്ന നിലയിലാണ് സയ്യിദ് ഫള്ൽ കോയമ്മ തങ്ങളെ ആദ്യം അടുത്തറിയുന്നത്. ഉള്ളാൾ തങ്ങളോടൊപ്പമുള്ള യാത്രകളിലും, ഉള്ളാളിലും മറ്റുമുള്ള ഒത്തിരിപ്പുകളിലും അദ്ദേഹം തന്റെ മകനെ കുറിച്ചു പങ്കുവെക്കാറുണ്ട്, കണ്ടുമുട്ടാറുമുണ്ട്. പ്രതിഭാധനനായ ഒരു മകനെ അവതരിപ്പിക്കുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയുമൊക്കെയാണ് ഈ പരിചയപ്പെടുത്തലുകൾ സംഭവിക്കാറുള്ളത്. അത്തരം പരിചയങ്ങൾ ക്രമേണ ഞങ്ങൾക്കിടയിലെ ആത്മബന്ധത്തിലേക്ക് വികസിച്ചു. ആധ്യാത്മികവും ആത്മീയവും വൈജ്ഞാനികവുമായ കാര്യങ്ങൾ പങ്കുവെക്കുന്ന, വിശേഷങ്ങളും മറ്റും അറിയിക്കുന്ന സ്വതന്ത്രമായ ബന്ധം ഇതിനിടെ രൂപപ്പെട്ടെന്ന് പറയാം.
ഉള്ളാൾ സയ്യിദ് മദനി അറബിക്കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി അവിടെ തന്നെ മുദരിസായി സേവനം ചെയ്തിരുന്നതും പിന്നീട് കർണാടകയിലെ തന്നെ പുത്തൂരിനടുത്ത കൂറത്തിൽ ഖതീബായി സേവനമേറ്റെടുത്തതുമെല്ലാം ഇങ്ങനെ പിതാവിൽ നിന്നും മകനിൽ നിന്നുമൊക്കെയായി അറിഞ്ഞിരുന്നു. ഇബാദത്തിലും ആത്മീയ കാര്യങ്ങളിലും സജീവശ്രദ്ധയുള്ള മാതാപിതാക്കളുടെ സന്താനമെന്ന നിലയിൽ ആത്മീയ വിഷയങ്ങളിലും, പിതാവിനെ കൂടാതെ താഴേക്കോട് എന് അബ്ദുല്ല മുസ്ലിയാർ, ഇമ്പിച്ചാലി മുസ്ലിയാര് തുടങ്ങിയ പണ്ഡിതമഹത്തുക്കളുടെ ശിഷ്യൻ എന്ന നിലയിൽ വൈജ്ഞാനിക വിഷയങ്ങളിലും ഇതിനകം ഫള്ൽ തങ്ങൾ സവിശേഷ താത്പര്യവും അവഗാഹവും നേടിയിട്ടുണ്ടായിരുന്നു.
താജുൽ ഉലമയുടെ വിയോഗ ശേഷമാണ് സുന്നി പ്രാസ്ഥാനിക രംഗത്തെ പൊതുമണ്ഡലത്തിൽ സയ്യിദർ സജീവമാകുന്നത്. ഉപ്പയുടെ വസ്വിയത് പ്രകാരം ഉള്ളാളിലെയും പരിസ ജില്ലകളിലെയും ഖാളി സ്ഥാനം അലങ്കരിക്കുന്നതും ജാമിഅ സഅദിയ്യ, അൽ മഖർ, എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെൻ്റർ ഉൾപ്പെടെയുള്ള കർണാടകയിലെയും കേരളത്തിലെയും ഒട്ടനേകം ദീനി സ്ഥാപനങ്ങളുടെ നേതൃ പദവി തേടിയെത്തുന്നതും ഇതേ തുടർന്നാണ്. സമസ്ത കേന്ദ്ര മുശാവറ അംഗത്വവും കണ്ണൂർ ജില്ലാ മുശാവറ പ്രസിഡന്റ് സ്ഥാനവുമെല്ലാം അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനവും നേതൃഗുണവും അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. മുമ്പ് അത്രയൊന്നും അറിയപെടാതിരുന്ന കർണാടകയിലെ കുറാ പ്രദേശം അറിയപ്പെട്ടത് തന്നെ തങ്ങളുടെ പേരിലാണല്ലോ. വിയോഗവാർത്ത കേട്ടതുമുതൽ ഇരു സംസ്ഥാനങ്ങളിൽ നിന്നും ഒരുനോക്ക് കാണാൻ ഓടിയെത്തുന്ന മനുഷ്യരുടെ ആധിക്യം തങ്ങൾ ജാതിമതഭേദമന്യേ അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു എന്നതിന്റെ തെളിവാണ്. കർണാടകയിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിലും പൊതുമണ്ഡലത്തിലും ഐക്യവും സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്നതിലും സമാധാനപരമായ സാമൂഹ്യജീവിതം സാധ്യമാക്കുന്നതിലും ഖാളി എന്ന നിലയിലും പണ്ഡിതൻ എന്ന നിലയിലും കുറാ തങ്ങൾ നിർവഹിച്ച ദൗത്യം ഏറെ വിലപ്പെട്ടതാണ്.
കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ തങ്ങൾ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. ക്ഷണിക്കപ്പെടുന്ന ദൂരെ ദിക്കുകളിലെ പരിപാടികളിൽ പോലും പങ്കെടുക്കുകയും സുന്നത്ത് ജമാഅത്തിന്റെ ആദർശം ആരെയും ഭയപ്പെടാതെ വിളംബരം ചെയ്യുകയുമുണ്ടായി. ആ സാന്നിധ്യവും സംസാരവും സാധാരണ പ്രവർത്തകർക്കും ബഹുജനങ്ങൾക്കും വലിയ ആവേശവും ഊർജവും സമ്മാനിച്ചു.
താജുൽ ഉലമയുമായി വ്യക്തിപരമായി എനിക്കുണ്ടായിരുന്ന ബന്ധം വളരെ അടുത്തുനിന്ന് വീക്ഷിച്ച ഒരാൾ എന്ന നിലയിൽ പിതാവിന്റെ വിയോഗശേഷം ആ അടുപ്പം കാത്തുസൂക്ഷിക്കാൻ കുറാ തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ സന്ദർശിച്ചും വൈജ്ഞാനികവും പ്രാസ്ഥാനികവും ആത്മീയവുമായ കാര്യങ്ങൾ ചർച്ചചെയ്തും അത് ശക്തിപ്പെട്ടു. പിതാവിനോടെന്ന പോലെ ഉപദേശങ്ങൾ തേടുകയും വ്യക്തിപരവും അല്ലാത്തതുമായ എല്ലാ വിഷയങ്ങളും എന്നെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മർകസിൽവെച്ചാണ് ഞങ്ങൾ അവസാനമായി നേരിൽ കണ്ടത്. ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ദീർഘനേരം സംസാരിച്ചും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചും പ്രാർഥിച്ചുമാണ് തങ്ങൾ അന്ന് പോയത്. യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് എന്റെ റൂമിൽ വന്ന് പിതാവ് താജുൽ ഉലമയോടൊപ്പമുള്ള നല്ല ഓർമകൾ പങ്കുവെക്കുകയും ശൈലികളിലും രീതികളിലും ഞങ്ങൾക്കിടയിലെ സാമ്യതകൾ സ്നേഹത്തോടെ പറയുകയുമുണ്ടായി.
ഉള്ളാൾ സയ്യിദ് മദനി ദർഗാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സയ്യിദ് മദനി ശരീഅത്ത് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഇന്നലെ (തിങ്കൾ) വൈകുന്നേരം തങ്ങളോടൊപ്പം പങ്കെടുക്കാനിരിക്കെയാണ് ഈ വിയോഗം ഉണ്ടായത് എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നു. അല്ലാഹു സയ്യിദരുടെ സത്കർമങ്ങൾ സ്വീകരിക്കുകയും പരലോകജീവിതം സന്തോഷകരമാക്കുകയും ചെയ്യട്ടെ. കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ.