അല്ലാഹുവിന്റെ അടിമ എന്ന നിലയിൽ സ്രഷ്ടാവിനെ വണങ്ങി ജീവിക്കുന്നവരാണ് വിശ്വാസികൾ. പരമമായ ആ വണക്കം പൂർണമാവാനുള്ള ഉപാധികളാണ് ആരാധനകൾ. ചില കാര്യങ്ങൾ നിർവഹിക്കുകയും ചില കാര്യങ്ങൾ ഉപേക്ഷിക്കലുമൊക്കെയാണ് ആരാധനകളുടെ പൊതുസ്വഭാവം. നിസ്കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ചെയ്യാനുള്ള കുറെ കർമങ്ങളാണെങ്കിൽ കുറെ കാര്യങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലാണ് നോമ്പ്. മറ്റുളള ഇബാദത്തുകളിൽ നിന്നെല്ലാം നോമ്പിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ രഹസ്യസ്വഭാവമാണ്. നിസ്കാരവും ഹജ്ജും സകാത്തുമെല്ലാം മറ്റുള്ളർക്ക് കാണാൻ സാധിക്കുമെങ്കിൽ ഒരാൾ നോമ്പുകാരനാണെന്നത് അവർക്കും അല്ലാഹുവിനും മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നതിലൂടെ മനസിലാക്കാം എന്നല്ലാതെ നോമ്പ് എന്ന ആരാധനയെ പ്രത്യേകമായി എടുത്തുകാണിക്കാൻ ആവില്ല. ആരെയും കാണിക്കാൻ വേണ്ടി ചെയ്യാവുന്ന ഒന്നുമല്ല നോമ്പ്. അഹങ്കാരത്തിന്റെ അംശം ഒട്ടും പ്രകടിപ്പിക്കാനാവില്ല തന്നെ. ഒരാൾ എല്ലാ അർഥത്തിലും ഒറ്റക്ക് നിർവഹിക്കുന്ന ഇബാദത്ത് ആകയാൽ തന്നെ അല്ലാഹുവിനോടുള്ള പൂർണമായ വണക്കവും താഴ്മയും കടമയും വിളംബരം ചെയ്യുന്നുണ്ട് ഓരോ നോമ്പുകാരനും.
ഏറ്റവും ദൈർഘ്യമേറിയ ആരാധനകളിലൊന്നാണ് നോമ്പ് എന്നതാണ് ഈ കാലത്തിന്റെ മറ്റൊരു സവിശേഷത. സൂര്യോദയത്തിന്റെ മുമ്പ് മുതൽ സൂര്യനസ്തമിക്കും നേരമത്രയും സമയം ഒരുപാട് കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഭക്ഷണം, ശാരീരികേച്ഛകൾ, പരിധിവിട്ട സംസാരങ്ങൾ, നോട്ടങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നെല്ലാം ദീർഘ സമയം മാറിനിൽക്കാൻ സാധിക്കുകയെന്നത് മനുഷ്യനെ വലിയ രൂപത്തിൽ പരിവർത്തനപ്പെടുത്തും. മുപ്പതു ദിവസം ശരിയായ രീതിയിൽ ഈ പരിശീലനം തുടർന്നാൽ വരും നാളുകളിലും അച്ചടക്കവും ആത്മീയതയും നിറഞ്ഞ ജീവിതം ശീലിക്കാൻ വിശ്വാസിക്ക് സാധിക്കും.
മുപ്പതു ദിവസം മിതമായ രീതിയിൽ ആഹാരങ്ങൾ ശീലിച്ച ഒരാൾക്ക്, അതിന്റെ ശാരീരിക-മാനസിക സുഖങ്ങൾ അനുഭവപ്പെട്ട ഒരാൾക്ക് പിന്നീടുള്ള കാലവും ആ നിയന്ത്രണം നടപ്പിലാക്കാൻ സാധിച്ചേക്കും. റമളാനിൽ പ്രത്യേക പാരായണങ്ങൾ നടത്തി ഖുർആൻ ഖത്മ് ചെയ്യുന്നവർക്ക് റമളാൻ കഴിഞ്ഞാലും ഒരു വഴികാട്ടിയായി ഖുർആനെ കൂടെ കൊണ്ടുനടക്കാൻ കഴിയും. കളവ്, വഞ്ചന, പരദൂഷണം എന്നിവയൊന്നുമില്ലാതെ, ആരെയും നോവിക്കാതെ ഏറെ നാൾ പരിശീലിച്ച ഒരാൾക്ക് ആ കാലാവധി കഴിഞ്ഞാലും ചിട്ടയായ ജീവിതം തുടരാൻ സാധിക്കും. അങ്ങനെ കഴിയുമ്പോഴാണ് നോമ്പ് പൂർണമാകുന്നത്. ഒരാളുടെ നോമ്പുകാലം സഫാലമാണെന്നതിന്റെ തെളിവ് തുടർ ജീവിതത്തിൽ പ്രകടമാകുന്ന വിശുദ്ധിയും തിളക്കവുമാണല്ലോ.
വിശ്വാസിയെ ചിട്ടപ്പെടുത്തുന്ന ഈ മാസത്തിൽ ഭക്ഷണ നിയന്ത്രണം നിർബന്ധമാക്കിയതിന് പിന്നിലും ഏറെ പൊരുളുകളുണ്ട്. മനുഷ്യനെ പലതരത്തിലുള്ള ചിന്തകൾക്കും പ്രേരിപ്പിക്കുന്നത് പരിധിയിൽ കവിഞ്ഞ ഭോജനമാണ്. വയറു നിറഞ്ഞാലാണ് വിവിധ ദേഹേച്ഛകൾക്കുള്ള കൊതിയുണ്ടാവുന്നത്. ശാരീരിക തിന്മകൾക്കുള്ള ആഗ്രഹം ജനിക്കുന്നതും മറ്റുള്ളവരെ നോവിക്കാൻ തോന്നുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്. ആത്മീയ കാര്യങ്ങൾക്കും ആരാധനകൾക്കും ഏറെ പ്രയാസം അനുഭവപ്പെടുന്നതും വയർ നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ തന്നെ. അതുകൊണ്ടാണ് വിശപ്പ് അറിയുകയെന്നത് നോമ്പെന്ന പരിശീലന കാലത്തിന്റെ പ്രധാന ഘടകമാവുന്നത്. അല്ലാഹുവിനോടുള്ള പരമമായ വണക്കവും താഴ്മയുമാണ് ഇബാദത്തുകളെന്ന് പറഞ്ഞല്ലോ. നമുക്കേറ്റവും ആവശ്യമുള്ള അന്നപാനീയങ്ങൾ അത് ലഭ്യമായിരുന്ന സാഹചര്യത്തിൽ അല്ലാഹുവിന്റെ കൽപന പ്രകാരം ഉപേക്ഷിക്കുന്നതോളം വലിയ അടിമത്തം മറ്റെന്തുണ്ട്!
മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവീക ഭാവത്തെ ഇല്ലാതാക്കുന്ന പലതരം ആസക്തികളിലേക്കുള്ള തുടക്കമാണ് ഭക്ഷണമെന്ന പ്രലോഭനം. വിലക്കപ്പെട്ട കനിയിൽ പ്രലോഭിതരായാണല്ലോ ആദിമ മനുഷ്യരായ ആദം നബിയും പത്നി ഹവ്വാ ബീവിയും സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പുറത്തുപോരുന്നത്. ആ ആദിമ പ്രലോഭനത്തെ നിയന്ത്രിക്കാനുള്ള കൈയടക്കവും മനഃസാന്നിധ്യവും പരിശീലിക്കുക വഴി സ്വർഗത്തിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കുകയാണ് റമളാൻ മാസക്കാലത്തെ നോമ്പ്. റമളാൻ വിരുന്നെത്തിയാൽ സ്വർഗത്തിന്റെ പ്രധാന കവാടമായ റയ്യാന്റെ വാതിലുകൾ നോമ്പുകാർക്കു വേണ്ടി തുറന്നിടുമെന്ന അല്ലാഹുവിന്റെ ഉണർത്തൽ ആ തിരിച്ചുപോക്കിലേക്കുള്ള സൂചനയാണല്ലോ. 'വിശപ്പ് കൊണ്ട് സ്വർഗത്തിന്റെ വാതിൽ മുട്ടിത്തുറക്കൂ' എന്ന് പ്രിയപ്പെട്ട പത്നി ആഇശ ബീവിയോട് തിരുനബി(സ്വ) ഒരിക്കൽ പറയുന്നുണ്ട്. സൃഷ്ടാവുമായുള്ള ബന്ധത്തിൽ വിശപ്പ് സവിശേഷമായ ഒരു പദവി വഹിക്കുന്നുണ്ട് എന്നു സാരം.
ആമാശയത്തോടൊപ്പം മറ്റു അവയവങ്ങളെ കൂടി പരിരക്ഷിക്കുമ്പോഴാണ് വിശ്വാസിയുടെ വ്രതകാല പരിശീലനം കൂടുതൽ മൂല്യമുള്ളതാവുന്നത്. നേത്രം, ചെവി, നാവ്, കൈകാലുകൾ എന്നിവയെ സംരക്ഷിക്കാൻ ഇക്കാലയളവിൽ വിശ്വാസി സജീവ ശ്രദ്ധ നൽകണം. വർജ്യവും ഇലാഹീ സ്മരണകളിൽ നിന്ന് തെറ്റിക്കുന്നതുമായ സർവ ദർശനവും ഒഴിവാക്കുക, അനാവശ്യ സംസാരങ്ങൾ ഉപേക്ഷിക്കുക, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കേൾക്കാതിരിക്കുക, അപാകങ്ങൾ വരുന്നതിൽ നിന്നു കൈ-കാലുകളെ മാറ്റിനിർത്തുക എന്നിവ പ്രധാനമാണ്. നോമ്പ് തുറക്കുന്ന സമയത്ത് അന്നപാനാദികൾ പരിധി ഭേദിച്ച് ഉപയോഗിക്കാതിരിക്കലും നോമ്പുതുറ കഴിഞ്ഞാൽ നോമ്പിനെ പറ്റിയുള്ള പ്രതീക്ഷകൾക്കുമധ്യേ മാത്രം കഴിയാലും വ്രതത്തിന്റെ മൂല്യം വർധിപ്പിക്കും. പടച്ചവൻ എന്റെ വ്രതത്തെ സ്വീകരിക്കുമോ എന്ന പേടി വരിഞ്ഞുമുറുകിയാൽ മാത്രമേ കൂടുതൽ ജാഗ്രതയോടെ നന്മചെയ്യാനാവൂ. തിരുനബി(സ്വ) പറയുന്നു: 'അഞ്ചു കാര്യങ്ങൾ നോമ്പിനെ ഫലശൂന്യമാക്കുന്നു. അസത്യം, ഏഷണി, പരദൂഷണം, കള്ളസാക്ഷിത്വം, വികാരപൂർണ ദർശനം.'
ഈ ഭൂമുഖത്ത് തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനത്തിന്റെ വേളകൂടിയാണ് വ്രതകാലം. അന്നപാനീയങ്ങളിൽ നിന്നും മറ്റു ശാരീരിക സുഖങ്ങളിൽ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിർത്തിയപ്പോൾ, ആ അനുഗ്രഹങ്ങൾ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോൾ അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നല്കുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദിപറയാൻ വ്രതനേരങ്ങൾ വിശ്വാസി ഉപയോഗപ്പെടുത്തുന്നു. സന്തോഷം നൽകിയ കാര്യങ്ങൾ ഒരിടവേള കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്കതിന്റെ വില മനസ്സിലാവുക. 'നിങ്ങൾ നന്ദിയുള്ളവരാവാൻ വേണ്ടി' ഖുർആനിക എന്ന വചനം ഈ സന്ദേശമാണ് ഓർമപ്പെടുത്തുന്നത്.
സാമ്പത്തിക ശേഷിയുള്ളവർക്ക് തങ്ങൾക്ക് അല്ലാഹു നൽകിയ സമ്പത്തിനെയും ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് ബോധ്യപ്പെടാനും അതുതിരിച്ചറിഞ്ഞ് അല്ലാഹു തൃപ്തിപ്പെട്ട മാർഗത്തിലേക്ക് തങ്ങളുടെ ധനത്തിൽ നിന്ന് പങ്കുനൽകാനും വ്രതകാലം പ്രേരിപ്പിക്കും. ഏതാണ് നന്മയെന്നും ഏതാണ് തിന്മയെന്നും കൃത്യമായി മനസ്സിലാക്കാനും നന്മകൾ തിരഞ്ഞെടുത്ത് ജീവിതം ക്രമീകരിക്കാനും ഈ മാസം വിശ്വാസിയെ ശീലിപ്പിക്കും. നിർബന്ധ നിസ്കാരങ്ങളും സുന്നത്ത് നിസ്കാരങ്ങളും കൃത്യമായി നിർവ്വഹിക്കാൻ റമസാൻ അവസരമൊരുക്കുന്നതിനാൽ തന്നെ തുടർ കാലങ്ങളിലും ഈ ചിട്ട അവനെ വഴിനടത്തും. കൃത്യമായ സമയത്ത്, സംഘടിതമായ നിസ്കാരങ്ങൾ നൽകുന്ന ആനന്ദം അനുഭവിക്കുന്ന കാലം കൂടിയാവുന്നു വ്രതകാലം. ദാന ധർമങ്ങൾ നൽകുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം ഉൾകൊള്ളാനും ജീവിതത്തിലാകെ അവ പരിശീലിക്കാനും ഇതുവഴി സാധിക്കും.
നിങ്ങൾ സൂക്ഷ്മതയുള്ളവരാവാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയതെന്നാണ് ഖുർആൻ അധ്യാപനം. ഒരു കാര്യം ചെയ്യാൻ കഴിക്കുന്നതിനേക്കാൾ പ്രയാസമാണല്ലോ അത്രയും ഇഷ്ടപെട്ട ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ സാധിക്കുന്നത്. ഭക്ഷണവും ശാരീരിക താത്പര്യങ്ങളും പരിധിയിൽ കവിഞ്ഞ സംസാരങ്ങളും എല്ലാം ഉപേക്ഷിക്കുന്നതിലൂടെ സൂക്ഷമതയുള്ള മനുഷ്യരാവാനുള്ള പരിശീലനത്തിലേക്ക് മനുഷ്യൻ എത്തിച്ചേരുന്നുണ്ട്. ആത്മീയ മൂല്യങ്ങളുടെയും ധാർമിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തിൽ അനുദിനം വർധിക്കുന്ന ലഹരി ഉപയോഗങ്ങൾക്കും കൊലപാതകങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം. മത-ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് പഴഞ്ചൻ സ്വഭാവമാണെന്ന ധാരണയും ലിബറൽ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാർമിക മൂല്യങ്ങൾ പിന്തുടർന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്നേഹവും സഹായമനസ്കയതയും രൂപപ്പെടുകയുള്ളൂ. തെറ്റായ പ്രവർത്തനങ്ങളെ കുറിച്ച് ബോധമുണ്ടാവാനും സാമൂഹ്യ വിപത്തുകളിൽ വീണുപോവാതെ ജാഗ്രതയുള്ളവരാവാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്.
ചുരുക്കത്തിൽ വിശ്വാസിയുടെ അകം മിനുക്കാനുള്ള അവസരങ്ങളാണ് റമസാനിൽ എമ്പാടുമുള്ളത്. ഇതോടൊപ്പം തന്നെ സാമൂഹികമായ നന്മകളിൽ ഏർപ്പെടുന്നതിനും ഒട്ടേറെ അവസരങ്ങൾ റമസാനിലുണ്ട്. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകൾ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളിൽ ഒന്നാണ്. വീടുകളിൽ വരുന്ന മനുഷ്യരെയെല്ലാം സഹായങ്ങൾ നൽകി ചേർത്തു പിടിക്കുന്നതും നമ്മുടെ ദീനി സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും കരുത്തുപകരുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളിൽ പ്രിയപ്പെട്ടതുതന്നെ. പുണ്യങ്ങളുടെ ഈ വസന്തകാലം ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്. കൃത്യമായ ഒരുക്കവും ധാരണയും പ്രാർഥനയുമുണ്ടെങ്കിൽ റമസാനിലെ മാധുര്യം നമുക്കനുഭവിക്കാനാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.