അമ്പിയാക്കളുടെ അനന്തരാവകാശികളായ പണ്ഡിതന്മാരാണ് സമുദായത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത്. ആദർശ വിശുദ്ധിയും മത ബോധവും നിലനിർത്താനും ആത്മീയബോധത്തിലൂന്നിയ തലമുറ ഇവിടെ നിലനിൽക്കാനും ഇത് കൊണ്ട് മാത്രമേ സാധിക്കുകയുള്ളു. ഇസ്ലാമിന്റെ പാരമ്പര്യവും അതു തന്നെയാണ്.
കേരളത്തിന്റെ പതിനാലു നൂറ്റാണ്ടു നീണ്ട ഇസ്ലാമിക ചരിത്രം പരിശോധിച്ചാൽ ബഹുസ്വരതക്കിടയിലും സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്ന മുസ്ലിം സമുദായം ഇവിടെ നിലകൊള്ളുന്നത് പണ്ഡിത നേതൃത്വത്തിൻ്റെ സാന്നിധ്യം കൊണ്ടാണെന്ന് ബോധ്യപ്പെടും. മാലിക് ദീനാറിന്റെ നേതൃത്വത്തിൽ ഇസ്ലാമിക പ്രബോധനം ആരംഭിച്ച ഘട്ടത്തിൽ ആദ്യമായി പത്തു പള്ളികൾ നിർമിക്കുകയും അവയിൽ ഖാളിമാരെ നിശ്ചയിക്കുകയും ചെയ്തു. ആ ഖാളിമാരുടെ നേതൃത്വം സമുദായത്തിന്റെ ദൈനംദിന ജീവിതത്തിലുടനീളമുണ്ടായിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണം, തിയതി കാണൽ, ഭക്ഷണം വിളമ്പൽ, നികാഹ്, പുതിയാപ്പിള ഇറങ്ങൽ, പുതുക്കം ഇറങ്ങൽ, പ്രസവം, മുടി കളയൽ, അഖീഖ അറുക്കൽ, മരണാനന്തര ചടങ്ങുകൾ, വീട് നിർമാണം, ഗൃഹപ്രവേശം, യാത്രകൾ, കുടുംബ വഴക്കുകൾ പരിഹരിക്കൽ ഉൾപ്പെടെ പണ്ഡിത നേതൃത്വത്തിന്റെ സാന്നിധ്യമില്ലാതെ ഒരു ചടങ്ങും സമുദായത്തിലുണ്ടായിരുന്നില്ല. ഈ നേതൃത്വമാണ് ഉമ്മത്തിന്റെ അച്ചടക്കവും സാംസ്കാരിക തനിമയും സംരക്ഷിച്ചു പോന്നത്.
സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും പണ്ഡിതന്മാർ സമുദായത്തിന് ശക്തമായ നേതൃത്വം നൽകിയിട്ടുണ്ട്. സമുദായത്തിന് തളർച്ചയോ മന്ദീഭാവമോ ഉണ്ടായ സന്ദർഭങ്ങളിലെല്ലാം പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തിൽ നവജാഗരണ പ്രവർത്തനങ്ങൾ ഇടതടവില്ലാതെ നടന്നിട്ടുണ്ട്. ബുഖാറയിൽ നിന്നും യമനിൽ നിന്നും വന്ന സാദാത്തുക്കളും, മഖ്ദൂമുമാരും ഉമ്മത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്.
സയ്യിദ് കുടുംബങ്ങൾ
ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിചേർന്ന സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങളാണ് കേരളത്തിൽ എത്തിച്ചേർന്ന ആദ്യ നബി കുടുംബം. തിരുനബി(സ്വ)യുടെ 27-ാമത് പൗത്രനായ അദ്ദേഹം ഹിജ്റ 800 ലാണ് കേരളത്തിൽ എത്തുന്നത്. വളപട്ടണം ഖാളിയായിരുന്ന സീതി ഇബ്റാഹീം എന്ന പണ്ഡിതന്റെ നേതൃത്വത്തിൽ അറക്കൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം നൽകുകയും ഖാളി തന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ഖാളി സീതി ഇബ്റാഹീം എന്നവരുടെ മരണാനന്തരം സയ്യിദരെ നാട്ടുകാർ തങ്ങളുടെ ഖാളിയായി അവരോധിച്ചു. കണ്ണൂരിന്റെ ആത്മീയ നേതൃത്വമായി മാറിയ തങ്ങൾ മുഖേന നിരവധി ആളുകൾ ഇസ്ലാമിന്റെ വെളിച്ചം സ്വീകരിച്ചു. ഈ ദാമ്പത്യത്തിൽ പിറന്നതാണ് സയ്യിദ് ഇസ്മാഈലുൽ ബുഖാരി. ഇവരുടെ സന്താനങ്ങളാണ് ഇന്ന് കേരളത്തിലുടനീളമുള്ള ബുഖാരി സാദാത്തുക്കൾ. ഈ കുടുംബത്തിലെ എടുത്തു പറയേണ്ട നവോത്ഥാന നായകനാണ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ ). കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ കവരത്തി ദ്വീപിലാണ് ജനിച്ചത്. പിന്നീട് വളപട്ടണത് വന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് പ്രഭാഷണവും പ്രബോധനവും നടത്തി. മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളി മഹാന്റെ നേതൃത്വത്തിൽ നിർമിച്ചതാണ്.
ഹിജ്റ 1159 ൽ യമനിലെ തരീമിൽ നിന്നും കോഴിക്കോട് എത്തിച്ചേർന്ന സയ്യിദ് ജിഫ്രി(റ) ഉമ്മത്തിന്റെ മാർഗദർശിയായി പ്രവർത്തിച്ച പണ്ഡിത പ്രതിഭയാണ്. കോഴിക്കോടിന്റെ ഇസ്ലാമിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിലും, നാടിന്റെ വികസനത്തിലും ശക്തമായ നായകത്വം വഹിച്ച മഹാനാണ് സയ്യിദ് ജിഫ്രി(റ). അഹ്ലുസ്സുന്നയുടെ ആദർശ ധാര മാത്രമുണ്ടായിരുന്ന കേരളത്തിലേക്ക് ശീഇസം കൊണ്ടുവന്ന് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിച്ചപ്പോൾ അദ്ദേഹം ശക്തമായി ഇടപെടുകയും കൊണ്ടോട്ടിയിൽ ചെന്ന് തന്നെ അതിനെതിരെ സംസാരിക്കുകയും അൽ ഇർശാദാത്തുൽ ജിഫ്രിയ്യ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. നജ്ദിൽ ഇബ്നു വഹാബിന്റെ നേതൃത്വത്തിൽ സലഫിസം ഭീകര പ്രവർത്തനം തുടങ്ങിയ കാലമായിരുന്നു അത്. അന്ന് കേരളത്തിലേക്ക് ഈ വിഷപ്പുക എത്തിച്ചേർന്നിട്ടില്ലെങ്കിലും സയ്യിദ് ജിഫ്രി തങ്ങൾ അൽ ഇർശാദാത്തുൽ ജിഫ്രിയ്യ ഫീ റദ്ദി അല ള്ളലാല: എന്ന ഗ്രന്ഥത്തിലൂടെ വഹാബിസത്തെക്കുറിച്ച് ശക്തമായ ബോധവത്കരണം നടത്തി. പിന്നീട് വന്ന ശൈഖ് ഹസൻ ജിഫ്രിയും, സഹോദരി പുത്രനായ സയ്യിദ് അലവി തങ്ങളും, അവരുടെ മകനായ സയ്യിദ് ഫള്ൽ തങ്ങളുമെല്ലാം മുസ്ലിം സമുദായത്തെ മുന്നിൽ നിന്നും നയിച്ച പണ്ഡിത പ്രതിഭകളാണ്.
മഖ്ദൂമുമാർ
ഹിജ്റ ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മഖ്ദൂമുമാർ കായൽപട്ടണം വഴി കൊച്ചിയിൽ എത്തിച്ചേരുന്നത്. പ്രതിഭാധനരായ നിരവധി പണ്ഡിതന്മാരെയാണ് ഈ കുടുംബം കേരളത്തിന് സമ്മാനിച്ചത്. ശൈഖ് മഖ്ദൂം അൽ കബീർ, തന്റെ പൗത്രനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം അസ്സാനിയും അവരിൽ പ്രസിദ്ധരാണ്. കേരളത്തിന്റെ മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം സമുദായത്തിന് ദിശാബോധം നൽകിയ മഖ്ദൂമുമാർ നാടിന്റെ വികസനത്തിലും ചരിത്ര നിർമിതിയിലും സൗഹാർദ്ദവും സമാധാനവും സംരക്ഷിക്കുന്നതിലും വലിയ സംഭാവനകളാണ് നൽകിയത്. സാമൂതിരിമാർക്കൊപ്പം ചേർന്ന് നാട് നശിപ്പിക്കാൻ വന്ന പറങ്കികളെ പ്രതിരോധിക്കുന്നതിലും ആട്ടി ഓടിക്കുന്നതിലും ശൈഖ് സൈനുദ്ദീൻ മഖ്ദൂം വഹിച്ച പങ്ക് വലുതാണ്.
സൂഫിയാക്കൾ
ഹിജ്റ 600 കളിൽ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പ്രബോധനം നടത്തിയ ശൈഖ് ഫരീദ് ഔലിയ(റ ), പത്താം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് അബ്ദുൽ ഖാദിറുസ്സാന്നി(റ), നാദാപുരം പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലിയ്യുൽ കൂഫി(റ), ഫോർട്ട് കൊച്ചിക്കടുത്ത ഖൽവന്തിയിൽ വിശ്രമിക്കുന്ന ഫരീദുദ്ദീൻ ഖൽവന്തി(റ), കോഴിക്കോട് പറമ്പിൽ പള്ളിയുടെ മുൻവശത്ത് മറമാടപ്പെട്ട അലിയ്യുൽ ബക്രി(റ), പെരുമ്പടപ്പിൽ വഫാത്തായ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ, മലബാറിന്റെ അഭിമാനമായ വെളിയങ്കോട് ഉമർ ഖാളി(റ) തുടങ്ങിയ സൂഫി പണ്ഡിതരും കേരളീയ മുസ്ലിം ഉമ്മത്തിനെ നയിച്ച നായകരാണ്.
സംഘടിത രൂപത്തിൽ
1921 നു ശേഷമാണ് സംഘടിത രൂപത്തിൽ ബിദഈ പ്രസ്ഥാനം കേരളത്തിൽ രൂപപ്പെടുന്നത്. പണ്ഡിതരോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവും ബഹുമാനവും ചൂഷണം ചെയ്യാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി വഹാബികൾ 1924 ൽ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. ഇതോടെ അഹ്ലുസ്സുന്നയുടെ ഉലമാക്കൾ ശക്തമായിത്തന്നെ ഇടപെട്ടു.
ബഹുഭാഷാ പണ്ഡിതനും അറക്കൽ ഭരണകൂടത്തിൻ്റെ ഖാളിയും കേരളീയ മുസ്ലിംകളുടെ ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളാണ് പണ്ഡിതകൂട്ടായ്മ എന്ന പേരിൽ രൂപം കൊണ്ടത് വഹാബികളാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. തങ്ങളുടെ ഉയർന്ന ചിന്തയും ധൈഷണിക ശേഷിയും ലോക രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചുള്ള അവബോധവുമാണ് ഈ തിരിച്ചറിവിന് കാരണം. അറേബ്യയിൽ ഇസ്ലാമിക ഖിലാഫത്തിനെ തകർക്കുന്നതിന് ബ്രിട്ടീഷുകാർ കൂട്ടുപിടിച്ചത് ഈ ബിദഈ സംഘത്തെയാണെന്ന വസ്തുത നന്നായി മനസിലാക്കിയ ആളായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ.
അക്കാലത്ത് ഏറ്റവും മികച്ച ദർസ് നടത്തുകയും പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങി സർവ മേഖലകളിലും കഴിവ് തെളിയിക്കുകയും ചെയ്ത പ്രതിഭാശാലിയായ പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്ലിയാരെ വിളിച്ചു വരുത്തിയാണ് തങ്ങൾ ഈ അപകടത്തെക്കുറിച്ച് ആദ്യം സംസാരിച്ചത്. പാങ്ങിലിന്റെ നേതൃത്വത്തിൽ കേരളത്തിലൂടെ യാത്ര ചെയ്ത് മുതിർന്ന പണ്ഡിതന്മാരെ നേരിൽ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപെടുത്തിയാണ് 1926 ജൂൺ 26 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത കൂട്ടായ്മക്ക് രൂപം നൽകുന്നത്.
മതത്തിന്റെ ശരിയായ ആശയവും ആദർശങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയും പുത്തനാശയക്കാരെ നിയമ വിധേയമായി ചെറുക്കുകയുമായിരുന്നു സമസ്ത രൂപീകരണത്തിൻ്റെ മുഖ്യ ഉദ്ദേശ്യം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തകർന്നുപോയ സമുദായത്തിന്റെ വൈജ്ഞാനികവും സാമ്പത്തികവുമായ ഉയർച്ച ഉറപ്പാക്കുക, മത വിജ്ഞാനം പരിപോഷിപ്പിക്കുക, അനാഥകളെയും വിധവകളെയും സംരക്ഷിക്കുക തുടങ്ങിയവയും സമസ്തയുടെ ലക്ഷ്യങ്ങളായിരുന്നു. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുക എന്നത് ഭരണഘടനയിൽ പ്രത്യേകം എടുത്തു പറഞ്ഞ കാര്യമാണ്. ചുരുക്കത്തിൽ ഉമ്മത്തിന്റെ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിനു വേണ്ടിയാണ് പണ്ഡിതന്മാർ സംഘടിച്ചത്. 1926 ൽ ഒരു സമുദായ പാർട്ടിയും കേരളത്തിൽ ഉണ്ടായിരുന്നില്ല. സമസ്ത എന്ന പണ്ഡിത സഭ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കീഴ്ഘടകമായി രൂപീകരിച്ച സംവിധാനമല്ല. കേരളത്തിലെ ആദ്യത്തെ മുസ്ലിം സമുദായ രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗ് തന്നെ രൂപീകരിക്കപ്പെടുന്നത് 1948 ലാണ്. 'സമസ്ത മുസ്ലിം ലീഗിന്റേതാണ്, മുസ്ലിം ലീഗ് സമസ്തയുടേതുമാണ്' എന്ന ചിലരുടെ ജൽപനങ്ങൾ അടിമത്വ മനോഭാവത്തിൽ നിന്നുമുണ്ടായ വസ്തുതാവിരുദ്ധമായ പ്രസ്താവന മാത്രമാണ്.
പിന്നീടുണ്ടായ അഖിലേന്ത്യാ ലീഗുമായോ, ഇന്ത്യൻ നാഷണൽ ലീഗുമായോ, പി ഡി പി, വെൽഫെയർ പാർട്ടി തുടങ്ങിയ ഒരു രാഷ്ട്രീയ പാർട്ടിയുമായും സമസ്തക്ക് പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ല. സമസ്ത ഒരു മത സംഘടനയാണ്. അതിന്റെ ആശയാദർശങ്ങൾ സ്വീകരിച്ചു കൊണ്ട് ഒരു ജനാതിപത്യ രാജ്യത്ത് ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അണികൾക്കുണ്ട്. എന്നാൽ ഭാരവാഹിത്വം വഹിക്കുന്നവർക്ക് സമസ്തയോ കീഴ്ഘടകങ്ങളോ ഏൽപ്പിക്കുന്ന ദൗത്യം നിർവഹിക്കാൻ പ്രയാസമാകുന്നത് കൊണ്ട് മറ്റു സംഘടനകളുടെ ഭാരവാഹിത്വം ഏൽക്കരുത് എന്ന നിർദേശമുണ്ട്. പ്രസ്ഥാനത്തിനകത്തു തന്നെ ഇരട്ട ഭാരവാഹിത്വം നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് പ്രസ്ഥാനത്തിനുള്ളത്.
സമസ്തയിലെ പ്രശ്നങ്ങൾ
തിരുനബി(സ്വ)യുടെ കാലം തൊട്ട് പണ്ഡിതന്മാരാണ് ഉമ്മത്തിനെ നയിച്ചത്. 1960 ൽ സമുദായ രാഷ്ട്രീയക്കാർക്ക് ഭരണപങ്കാളിത്തം ലഭിച്ചത് മുതൽക്കാണ് ഉലമാക്കളെ രാഷ്ട്രീയക്കാർ നിയന്ത്രിക്കാൻ തുടങ്ങിയത്. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് സമസ്തയിലെ തന്നെ ചില പണ്ഡിതന്മാരെ തന്നെ രാഷ്ട്രീയാതിപ്രസരമുള്ളവരാക്കി മാറ്റാനും പണ്ഡിത സഭയുടെ പല അജണ്ടകളെയും അട്ടിമറിക്കാനും സമ്മേളനങ്ങളും പരിപാടികളും ഹൈജാക്ക് ചെയ്യാനും തുടങ്ങി. അതിനിടയിലൂടെ വഹാബിസം ഒളിച്ചു കടത്താനുള്ള നീക്കങ്ങളും ശക്തമായി നടന്നു.
വഖ്ഫ് ബോർഡും, അറബി പാഠപുസ്തക സമിതിയും വഹാബി വൽക്കരിക്കപ്പെട്ടു. ഓറിയന്റൽ അറബി കോളേജുകളും ഭൗതിക കോളേജുകളും കോഴ്സുകളും വഹാബികൾക്കു പതിച്ചു നൽകി. കൂമ്പടഞ്ഞു പോയിരുന്ന വഹാബിസം അതുവഴി വളർച്ചയുടെ പാതയിൽ തിരിച്ചെത്തി. സമസ്തയുടെ സ്ഥാപനമായ പട്ടിക്കാട് ജാമിഅഃയുടെ സമ്മേളനങ്ങൾ പോലും രാഷ്ട്രീയ സമ്മേളനങ്ങളായി മാറി. സുന്നി സമ്മേളങ്ങൾക്ക് പെർമിഷൻ മുടക്കുക, സുന്നി സമ്മേളനങ്ങൾക്കു വേണ്ടി വരുന്ന വിദേശ പ്രതിനിധികളെ മുടക്കുക, സുന്നികളുടെ വഖഫ് സ്വത്തുക്കളും പള്ളികളും വ്യാജ രേഖകൾ ചമച്ച് തട്ടിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ പതിവു പരിപാടികളായി മാറി.
ഇ കെ ഹസൻ മുസ്ലിയാരും 1974 ൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദും സമസ്തയുടെ നേതൃത്വത്തിലെത്തിയതോടെയാണ് ഉമ്മത്തിന്റെ നേതൃത്വത്തിലേക്ക് ഉലമാഇനെ തന്നെ എത്തിക്കാനുള്ള നവജാഗരണ പ്രവർത്തങ്ങളാരംഭിച്ചത്. സമസ്തയുടെ അന്നത്തെ ബഹുജന മുഖമായ എസ് വൈ എസിനെ ഉപയോഗിച്ച് സുന്നി സംഘ ശാക്തീകരണവും വിദ്യാഭ്യാസ വിപ്ലവവും ആസൂത്രണം ചെയ്തു. ഇതിന്റെ ആദ്യ കാൽവെപ്പായിരുന്നു 1978 ൽ കോഴിക്കോട് നടന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനം. ആ സമ്മേളനത്തിൽ സുപ്രധാനമായ രണ്ടു പ്രഖ്യാപനങ്ങളുണ്ടായി. എല്ലാ മഹല്ലുകളിലും എസ് വൈ എസ് യൂണിറ്റുകൾ ഉണ്ടാക്കുക, സുന്നികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഒരു കേന്ദ്രം സ്ഥാപിക്കുക എന്നിവയായിരുന്നു അവ. ആ സമ്മേളനത്തിൽ തന്നെ അതിനു നാന്ദി കുറിച്ച് മർകസുസ്സഖാഫത്തി സുന്നിയ്യക്ക് തറക്കല്ലിടുകയും ചെയ്തു.
തുടർന്ന് മർകസിനു കീഴിൽ ഒരു കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികൾ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചു. ഇതോടെ ഉലമാഇന്റെ നേതൃത്വത്തിൽ തുടക്കമിട്ട നവജാഗരണ മുന്നേറ്റങ്ങൾ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ അലോസരം സൃഷ്ടിച്ചു. അവർ ഈ പ്രവർത്തനങ്ങൾക്കു മുന്നിൽ നിന്നവരെ ടാർഗറ്റ് ചെയ്തു. 'അരിവാൾ സുന്നി' എന്നതായിരുന്നു ആദ്യ ആരോപണം. ഇപ്പോൾ കൂടെയുള്ള ചിലർ സ്വതന്ത്രമായി സമുദായ വിഷയങ്ങളിൽ ഇടപെട്ടപ്പോൾ അവർക്ക് നേരെയും ഇതേ ആരോപണമാണ് ആ കേന്ദ്രങ്ങൾ ഉന്നയിച്ചിട്ടുള്ളത് എന്നത് ചരിത്രത്തിന്റെ ആവർത്തനമെന്നോ, തിരിച്ചടിയെന്നോ വേണം മനസ്സിലാക്കാൻ. പിന്നീട് ബാബരി മസ്ജിദിന്റെ തകർച്ചക്ക് ശേഷം ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നും അകലുന്നു എന്ന് കണ്ടപ്പോൾ കേന്ദ്രമന്ത്രിമാരുടെ ഒരു വലിയ സംഘം മർകസ് സന്ദർശിക്കാൻ വന്നു. സ്വന്തമായി അണികളുള്ള നേതാക്കളാരെണെന്നു എല്ലാവർക്കും അറിയാമല്ലോ. പക്ഷെ ദോഷൈകദൃക്കുകൾ അപ്പോൾ വിമർശിച്ചു. ബാബരി പള്ളി തകർക്കാൻ കൂട്ട് നിന്നവർക്ക് കാന്തപുരം സ്വീകരണമൊരുക്കുക വഴി സമുദായത്തെ ഒറ്റി കൊടുത്തുവെന്ന് !.
പിന്നീട് പ്രധാനമന്ത്രിയായ ദേവഗൗഡ മർകസിൽ വന്നപ്പോൾ ജനതാദളുകാരനാണെന്നു വിളിച്ചു. ഓ രാജഗോപാൽ എം പി വന്നപ്പോൾ ബി ജെ പി യാണെന്ന് പറഞ്ഞു. ഇതിനൊക്കെ പുറമെ അഴിമതി, കൊലപാതകം തുടങ്ങി ആവനാഴിയിലെ മുഴുവൻ അമ്പുകളൂം സുന്നി പണ്ഡിതന്മാർക്കു നേരെ അക്കൂട്ടർ ആരോപിച്ചു. ഇതിനൊക്കെ ഒരു പറ്റം കൊട്ടാരം പണ്ഡിതന്മാർ കൂട്ടു നിന്നു. അവർക്കിന്ന് ചരിത്രം മറുപടി കൊടുത്തു കൊണ്ടിരിക്കുകയാണ്.
അവർക്കിടയിൽ ഇപ്പോൾ രൂപപ്പെട്ട വിഭാഗീയതയുടെ അടിസ്ഥാനവും ഉമ്മത്തിനെ പണ്ഡിതർ നയിക്കണമോ അതോ രാഷ്ട്രീയക്കാർ നിയന്ത്രിക്കണമോ എന്ന വിഷയമാണ്. നിലവിലെ പ്രസിഡണ്ട് വന്നതിനു ശേഷം സമുദായത്തിന്റെ പൊതു കാര്യങ്ങളിൽ രാഷ്ട്രീയക്കാരെ കാത്തുനിൽക്കാതെ ഇടപെടാൻ ആരംഭിച്ചു. ഐക്യവേദിയെ ഉപയോഗിച്ച് പള്ളികളിൽ വഖ്ഫ് വിവാദത്തിന്റെ മറവിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചപ്പോൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആ ശ്രമം അട്ടിമറിച്ചു. രാഷ്ട്രീയക്കാരന്റെ ശുപാർശ ഇല്ലാതെ മുഖ്യമന്ത്രിയെ നേരിട്ട് കാണാനും പരസ്പരം ഫോൺ ചെയാനും തുടങ്ങി. ഇതോടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള സമുദായങ്ങൾ കൂടി പണ്ഡിത നേതൃത്വത്തിന് കീഴിലാകുമോ എന്ന് ഭയന്ന രാഷ്ട്രീയക്കാർ ചിലരെ മുന്നിൽ വെച്ച് കരുക്കൾ നീക്കാൻ തുടങ്ങി. 'സയ്യിദുൽ ഉലമ' ക്ക് പകരം 'സയ്യിദുൽ ഉമ്മ' വന്നു. ഖാളി സ്ഥാനങ്ങൾ പരമാവധി പിടിച്ചടക്കി. അതുവഴി മഹല്ലുകളെ നിയന്ത്രണത്തിലാക്കാൻ ഖാളി ഹൗസുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. അങ്ങനെ ഉമ്മത്തിന്റെ മതവും രാഷ്ട്രീയവും ഭൗതിക രാഷ്ട്രീയക്കാരുടെ നിയന്ത്രണങ്ങളും കൈപിടിയിലും ഒതുക്കാനുള്ള അത്യന്തം അപകടകരമായ നീക്കമാണ് നടക്കുന്നത്. മുൻഗാമികളുടെ അറിവും നേതൃപാടവവും ഇല്ലാത്ത പുതിയ നേതൃത്വത്തിന്റെ അപക്വമായ ഈ നീക്കം സമുദായത്തിലുണ്ടാക്കാൻ പോകുന്ന വിപത്ത് ചെറുതായിരിക്കില്ല.
സമുദായത്തിന്റെ മതവും രാഷ്ട്രീയവും ഒരു കേന്ദ്രത്തിലേക്ക് ചുരുട്ടി കെട്ടൂന്നതോടെ മതത്തിനു ഗൗരവതരമായ പരിക്കേൽക്കുമെന്ന കാര്യം തീർച്ചയാണ്. ഒപ്പം രാഷ്ട്രീയ പാർട്ടിക്ക് കനത്ത തിരിച്ചടിയും ഏൽക്കേണ്ടി വരും. സമുദായത്തിലെ ഒരു വിഭാഗത്തെ ഇതേ കാരണത്തിന്റെ പേരിൽ നേരത്തെ അകറ്റിയതിന്റെ ഫലമാണ് ഒരു പതിറ്റാണ്ട് കാലമൊക്കെ ഭരണമില്ലാതെ കഴിയേണ്ടി വന്നത്. ഏത് 'കുറ്റിച്ചൂലിനെ' സ്ഥാനാർത്ഥിയാക്കിയാലും വിയർപ്പു പൊടിയാതെ വിജയിച്ചു പോന്നിരുന്ന അവസ്ഥക്ക് പകരം നന്നായി അധ്വാനിച്ച് പണമെറിഞ്ഞില്ലെങ്കിൽ 'ഉറച്ച കോട്ടകൾ' പോലും കാക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായതും ഇത് കൊണ്ടാണ്.
മതവും സമുദായവുമൊക്കെ ഉലമാക്കളെ ഏൽപ്പിച്ച് ജനാതിപത്യ രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി നില കൊണ്ടാൽ അതായിരിക്കും സമുദായ രാഷ്ട്രീയപാർട്ടികൾക്ക് ആരോഗ്യകരം. ഖാളി ഹൗസുണ്ടാക്കി മത കാര്യങ്ങൾ കൂടി നിയന്ത്രിക്കാൻ ഒരുമ്പെട്ടാൽ പാർട്ടി നിരന്തരം പ്രതിരോധത്തിലാവുകയും സമുദായത്തിന്റെ ശക്തമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുകയും ചെയ്യും. ആധുനിക ജനാതിപത്യ രാഷ്ട്രീയവും, മത നേതൃത്വവും കൂടെ ഒന്നിച്ചു കൊണ്ടുപോവുന്നതിന് ഏറെ പരിമിതികളുണ്ട്. അടിസ്ഥാന വിശ്വാസ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായ പലതും ഒരു ഭൗതിക രാഷ്ട്രീയക്കാരനു ചെയ്യേണ്ടി വരും. ചിലത് 'രിദ്ദത്തിന് പോലും കാരണമായേക്കും. രാഷ്ട്രീയ നേതൃത്വത്തിലുണ്ടായിരുന്ന മുൻഗാമികളായ ചില സയ്യിദുമാർ സൂക്ഷ്മത പുലർത്തി മാറി നിന്നിരുന്ന പലതും പുതിയ കാലത്ത് ചെയ്യേണ്ടി വരും. സാധാരണക്കാരിൽ നിന്ന് മതവിരുദ്ധമായത് സംഭവിക്കുന്നത് പോലെയല്ല മത നേതൃത്വമായ ഖാളിമാരിൽ നിന്നും അനിസ്ലാമിക കാര്യങ്ങൾ സംഭവിക്കുന്നത്. അത് മത വിശ്വാസികളെ കൂടെ വഴി തെറ്റിപ്പിക്കാനും മതത്തിന് വലിയ മുറിവേൽക്കാനും കാരണമായേക്കും.
സ്തുതിപാടകർക്കും കുതന്ത്ര ശാലികൾക്കും മറ്റൊരു വിഭാഗത്തെ ഒതുക്കുക എന്ന അജണ്ട മാത്രമേ ഉണ്ടാവു. അത്തരം ചതിക്കുഴികളിൽ ചാടാതെ ഉമ്മത്തിന്റെ മത നേതൃത്വം പണ്ഡിതന്മാരെ ഏൽപ്പിച്ച് ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് രാഷ്ട്രീയ നേതൃത്വം നൽകാൻ അതിന്റെ തലപ്പത്തുള്ളവർ തയ്യാറാവുകയാണ് അഭികാമ്യമെന്ന് ഉണർത്തുകയാണ്. താങ്ങാനാവാത്തത് എടുത്ത് തോളിലിട്ടാൽ നടുവൊടിയും.