മാനുഷിക മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുകയും തന്റെ ജനതയെ അതനുസരിച്ച് ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്ത വലിയൊരധ്യായമായിരുന്നു തിരുനബി(സ്വ)യുടെ ജീവിതം. അനീതിയും വിവേചനവും മൂല്യച്യുതിയും നിലനിന്നിരുന്ന ഒരു സമൂഹത്തെ നീതിബോധമുള്ള, സമത്വ സുന്ദരവുമായ ഒരു സാമൂഹിക സ്ഥിതിയിലേക്ക് പരിവർത്തിപ്പിക്കേണ്ട വലിയ ചുമതലയുണ്ടായിരുന്നു തിരുദൂതർക്ക്. ആ അർഥത്തിൽ നീതിനടപ്പാക്കുന്ന കാര്യത്തിൽ ലോകമെക്കാലവും പ്രാധാന്യത്തോടെ കാണുന്ന ഒട്ടനവധി ചരിത്ര നിലപാടുകൾ നബിജീവിതത്തിൽ കാണാം.
തിരുനബിയുടെ കാലത്തെ അറേബ്യയിലെ ഏറ്റവും സമ്പന്നരും പ്രശസ്തരുമായ ഖുറൈശി കുടുംബങ്ങളിലൊന്നായിരുന്നു ബനൂ മഖ്സൂം. ആ കുടുംബത്തിലെ ഒരു പെൺകുട്ടി ഒരിക്കൽ മോഷണത്തിന്റെ ഭാഗമായി. മോഷണവിവരം അറിഞ്ഞയുടനെ തന്നെ ഈ കുറ്റകൃത്യം ഒതുക്കിത്തീർക്കാൻ എന്തുചെയ്യാൻ പറ്റുമെന്ന് ആ ഗോത്രം ഒന്നായി ആലോചിച്ചു. ആളുകളറിഞ്ഞാൽ അതവരുടെ കുടുംബത്തിന്റെ അഭിമാനത്തെ ബാധിക്കുമല്ലോ. ന്യായാധിപനായ മുഹമ്മദ് നബിയുടെ സമീപം ഈ വിഷയം ആരു അവതരിപ്പിക്കുമെന്നും ശിക്ഷയിൽ നിന്നൊഴിവായിക്കിട്ടാൻ ആരു ശിപാർശ ചെയ്യുമെന്നും അവരാലോചിച്ചു. നബി(സ്വ)യുടെ ഇഷ്ടക്കാരനും ദത്തുപുത്രനായ സൈദിന്റെ മകനുമായ ഉസാമയാണ് അതിന് അനുയോജ്യനെന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. ഉസാമയെ ഈ വിവരം ധരിപ്പിക്കുകയും അദ്ദേഹമത് നബിയുടെ അടുക്കൽ അവതരിപ്പിക്കുകയും ശിപാർശ തേടുകയും ചെയ്തു: 'അല്ലാഹുവിന്റെ ദൂതരേ, ആ പെൺകുട്ടിയെ ശിക്ഷിച്ചാൽ കുടുംബത്തിനാകെ അത് മാനഹാനിയാണ്, ശിക്ഷ ഒഴിവാക്കണം'
മുഹമ്മദ് നബിയുടെ മുഖഭാവം മാറി. ഇതു തന്റെ ദത്തുപുത്രന്റെ മകന്റെ ശിപാർശയാണെന്നുപോലും ഗൗനിക്കാതെ അദ്ദേഹത്തോടായി പറഞ്ഞു: 'ദൈവിക ശാസനം നടപ്പാക്കാതിരിക്കാനാണോ ഉസാമാ നീ ശിപാർശയുമായി വന്നത് ?!'
ശേഷം ജനങ്ങളെ ഒരുമിച്ചുകൂട്ടി തിരുനബി അൽപം ഗൗരവത്തോടെ തന്നെ പറഞ്ഞു: 'അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും. മാന്യന്മാരുടെ കുറ്റകൃത്യങ്ങൾ ഒതുക്കിത്തീർക്കുകയും സാധാരണക്കാർ കുറ്റകൃത്യം ചെയ്യുമ്പോൾ അവരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമായിരുന്നു നിങ്ങളുടെ പൂർവികർ നശിക്കാൻ ഇടയായ പ്രധാന കാരണം' -നിയമ വ്യവസ്ഥ നടപ്പിലാക്കുന്ന കാര്യത്തിലെ ഇരട്ടത്താപ്പ് നയം ലോകമെങ്ങും നിലനിൽക്കുന്ന ഇക്കാലത്തും 'നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്' എന്ന തിരുദൂതരുടെ പ്രഖ്യാപനത്തിന് പ്രസക്തിയേറെയാണ്.
ഇങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുകയും അവരവരുടെ അവകാശങ്ങൾക്കും ജീവനും അഭിമാനത്തിനും വിലനൽകിയുമാണ് തിരുനബി മാതൃകകൾ വലിയ സ്വീകാര്യത നേടിയത്. നബിക്കുശേഷം വന്ന ഖലീഫമാരും ഗവർണർമാരായിരുന്ന സ്വഹാബി പ്രമുഖരുമെല്ലാം ഈ ആശയം മുറുകെപ്പിടിച്ചാണ് ഭരണം നടത്തിയതും. ഇസ്ലാം വിഭാവനം ചെയ്യുന്ന ഈ സമത്വ സുന്ദര ആദർശത്തിൽ ആകൃഷ്ടരായാണല്ലോ ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ള അനേകർ ഈ വിശ്വാസം പുൽകിയതും.
(സമസ്ത മുശാവറ അംഗവും ജാമിഅ മർകസ് പ്രോ-ചാൻസിലറുമാണ് ലേഖകൻ)