ചരിത്രം ചിലപ്പോഴൊക്കെ കാവ്യനീതി പോലെയാണ്. ഉത്തരവാദിത്തത്തിന്റെ ഓർമപ്പെടുത്തലുകളായിരിക്കും കാലം കരുതിവെക്കുന്ന ചില മടക്കയാത്രകൾ. 2025 ആഗസ്റ്റിൽ പഞ്ചാബിലെ ഇമാം റബ്ബാനി സെന്റർ സംഘടിപ്പിച്ച സെമിനാറിൽ, രണ്ടാം സഹസ്രാബ്ദത്തിന്റെ നവോത്ഥാന നായകൻ ഹസ്രത് ഇമാം റബ്ബാനിയുടെ സന്നിധിയിൽ നിൽക്കുമ്പോൾ മനസ്സ് നൂറു നൂറു ചിന്തകളിലൂടെ സഞ്ചരിക്കുകയായിരുന്നു.
എന്റെ കുട്ടിക്കാലത്തൊന്നും അന്തർസംസ്ഥാന വൈജ്ഞാനിക കൈമാറ്റങ്ങൾ അത്ര സജീവമായിരുന്നെന്ന് ഞാൻ ഓർക്കുന്നില്ല. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത് സ്ഥാപനവുമായുള്ള ബന്ധം കാരണം തമിഴ്നാട് മാത്രമായിരുന്നു കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിനൊരു അപവാദം. ഉത്തരേന്ത്യയിൽ ചില സുപ്രധാന കോളേജുകളെ കേന്ദ്രീകരിച്ചുള്ള യാത്രകളും അങ്ങിങ്ങായി ഉണ്ടായിരുന്നു. ഇതിനു പുറമേ, കുടിയേറ്റ മേഖലകളായിരുന്ന കർണാടകയിലെ കൊടക്, തമിഴ് നാട്ടിലെ ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളുമായി അന്തർസംസ്ഥാന ബന്ധങ്ങൾ രൂപപ്പെട്ടു എന്നതൊഴിച്ചാൽ, വടക്കേ ഇന്ത്യയുമായി നമുക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല.
എന്നാൽ, കേരളം ഇന്നീ കാണുന്ന സുരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിലേക്കു വളരുന്നതിനു മുൻപ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കച്ചവട ആവശ്യാർത്ഥവും മറ്റുമായി വന്ന പല മനുഷ്യരുടെയും കൈയൊപ്പ് കേരളത്തിൽ പതിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് പഞ്ചാബിൽ നിന്ന്. അവരെ നന്ദിയോടെ സ്മരിക്കാൻ മറന്നു പോകുന്നു എന്നൊരു പ്രശ്നം നമ്മളെ അലട്ടേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
1921 ലെ മലബാർ സമരം ബാക്കിയാക്കിയ അനാഥരായ മക്കളെയും നിരാലംബരായ മനുഷ്യരെയും ചേർത്തു പിടിക്കാൻ പഞ്ചാബിൽ നിന്നൊരു കച്ചവടക്കാരൻ കോഴിക്കോടെത്തി; അബ്ദുൽ ഖാദിർ കസൂരി. ആദ്യം അദ്ദേഹത്തിന്റെ മക്കളെ പറഞ്ഞയക്കുകയും പിന്നീട് അദ്ദേഹം നേരിട്ടു തന്നെ വരികയും ചെയ്തു. മലബാറിലെ മാപ്പിളമാർക്ക് സ്വന്തം കാലിൽ നിൽക്കാൻ കരുത്തു പകരുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം മാനാഞ്ചിറക്കടുത്ത് ഒരു കെട്ടിടത്തിൽ ജെ.ഡി.ടി ഇസ്ലാം എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പിന്നീട് വെള്ളിമാടുകുന്നിൽ സ്ഥലം വാങ്ങി ആ സ്ഥാപനം വളർന്നു പന്തലിച്ചു. പഞ്ചാബിൽ നിന്നെത്തിയ ആ മനുഷ്യൻ അന്ന് കൊളുത്തിയ തിരിനാളമാണ് ആയിരങ്ങൾക്ക് അക്ഷരവെളിച്ചമായത്. അവർ ഇങ്ങോട്ടു വെച്ചു നീട്ടിയ സഹായഹസ്തങ്ങളെ നന്ദിപൂർവം സ്മരിക്കുന്നതാണ് നമ്മുടെ ഈ ഐശ്വര്യ കാലത്തെ അന്തർസംസ്ഥാന പ്രവർത്തനങ്ങൾ.
ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്ന ജനതയാണ് പഞ്ചാബിലേത്. വിഭജനകാലത്ത് സമ്പന്നരായ മുസ്ലിംകളിൽ ഭൂരിഭാഗവും പാക്കിസ്ഥാനിലേക്ക് കുടിയേറിയപ്പോൾ, ഇന്ത്യൻ പഞ്ചാബിൽ ബാക്കിയായത് പശുക്കളെ മേച്ചും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്. ദാരിദ്ര്യത്തോടും നിരക്ഷരതയോടും മല്ലിട്ടു ജീവിക്കുന്ന, വികസനത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത ഗ്രാമങ്ങളാണ് നമ്മുടെ ഉഴുനിലങ്ങൾ.
മർകസിന്റെ വടക്കേയിന്ത്യൻ സേവന പ്രവർത്തനങ്ങളെ ഡൽഹി കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചതു മുതൽ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത കൂടെ ഉടലെടുത്തു. നമ്മൾ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളുടെ ഗുണനിലവാരവും ആത്മാർത്ഥതയും കേട്ട്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് ഗ്രാമീണരും കാരണവന്മാരും നമ്മുടെ ഓഫീസുകളിൽ വരാണ് തുടങ്ങി. ഭൂമിയും സൗകര്യങ്ങളും തരാൻ അവർ തയ്യാറാണ്. പുരോഗമന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാമോ എന്നാണ് അവരുടെ ചോദ്യം. ഒരു സമുദായത്തിന്റെ മുഴുവൻ പ്രതീക്ഷയുണ്ട് ആ ചോദ്യത്തിൽ. ഉത്തർപ്രദേശും ബംഗാളും മധ്യപ്രദേശുമെല്ലാം കടന്ന് നമ്മുടെ സേവനഭൂപടത്തിൽ പഞ്ചാബ് ഇടം പിടിക്കുന്നത് അങ്ങനെയാണ്.
പഞ്ചാബിൽ ഏറ്റവും കൗതുകകരവും ഹൃദയസ്പർശിയുമായി തോന്നിയ കാര്യം അവിടത്തെ സിക്ക് സഹോദരങ്ങളുടെ സമീപനമാണ്. ഞങ്ങളുടെ മുസ്ലിം സഹോദരങ്ങൾക്ക് മസ്ജിദുകളോ, പഠിക്കാൻ മദ്രസകളോ ഇല്ല, നിങ്ങളാൽ ആകുന്നത് ചെയ്യണമെന്നാണ് അവർ നമ്മോടു പറയുന്നത്. മസ്ജിദിനും മദ്രസയ്ക്കും ആവശ്യമായ ഭൂമി പോലും നൽകുന്നത് അവരാണ്. മനുഷ്യപ്പറ്റിന്റെയും സൗഹർദത്തിന്റെയും ഉള്ളുണർത്തുന്ന മാതൃക. സർഹിന്ദിലെ ഇമാം റബ്ബാനിയുടെ ദർഗയും ഈ ഐക്യത്തിന്റെ നേർക്കാഴ്ചയാണ്. ജാതി, മത ഭേദമന്യേയാണ് അവിടെ ജനസഞ്ചയം ഒഴുകിയെത്തുന്നത്. സൂഫി ദർഗകൾ ഇന്ത്യയുടെ സാംസ്കാരിക ഹൃദയമിടിപ്പാണ്. അവയെ ചുറ്റിപ്പറ്റി നടക്കുന്ന വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് രാഷ്ട്ര നിർമാണ പ്രക്രിയയിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
അക്ബറിന്റെ ദീനെ ഇലാഹി എന്ന മിശ്രമതത്തിനെതിരെയും, അധികാരത്തിന്റെ പിൻബലത്തിൽ മതത്തെ വികൃതമാക്കാൻ ശ്രമിച്ചവർക്കെതിരെയും ധീരമായി പോരാടിയ ഇമാം റബ്ബാനി അഹ്മദ് സർഹിന്ദി (റ) അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് സർഹിന്ദ്. മതത്തിന്റെ നിയമങ്ങളിൽ അതീവ സൂക്ഷ്മത പുലർത്തുന്ന തസ്വവ്വുഫിന്റെ വഴിയാണ് യഥാർത്ഥ ആത്മീയതയെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു തന്നു. ആ മഹാന്റെ പേരിൽ നമ്മൾ ഐറിസ് ഫൗണ്ടേഷനു കീഴിൽ ആരംഭിക്കുന്ന മർകസ് ഇമാം റബ്ബാനി കോളേജ് നാളെ (ഫെബ്രുവരി 12)ന് ഉദ്ഘാടനം നിർവഹിക്കപ്പെടുകയാണ്. പഞ്ചാബിലെയും ഹിമാചൽ അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലെയും പിന്നാക്ക ജനവിഭാഗങ്ങൾക്ക്, വിശിഷ്യാ ഗുജ്ജാർ സമുദായത്തിന്, അറിവിന്റെയും വികസനത്തിന്റെയും വെളിച്ചം പകരുകയാണ് നമ്മുടെ ലക്ഷ്യം.
കന്നുകാലി വളർത്തലും കൃഷിയുമായി പ്രകൃതിയോട് ചേർന്നു ജീവിക്കുന്നവരാണ് ഗുജ്ജാറുകൾ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നാക്കം നിൽക്കുന്ന ഇവർക്കായി ഐറിസ് ഫൗണ്ടേഷൻ കഴിഞ്ഞ അഞ്ചു വർഷമായി പഞ്ചാബിലും ഹിമാചലിലുമായി പത്തിലധികം പ്രൈമറി വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തി വരുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം, അവരുടെ നേതൃശേഷി വളർത്താനും സാമ്പത്തിക-സംരംഭക പുരോഗതിക്കും ഉതകുന്ന ബൃഹത്തായ പദ്ധതികളാണ് മർകസ് ഇമാം റബ്ബാനി ലക്ഷ്യമിടുന്നത്.
ഒരു കാലത്ത് സഹായഹസ്തങ്ങൾ നൽകിയവരെ ചേർത്തു പിടിക്കുന്ന കരങ്ങളാവാൻ ഇന്നു നമുക്ക് സാധിക്കുന്നു എന്നത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. അമ്പതാണ്ട് പിന്നിടുന്ന മർകസിന്റെ ചരിത്രത്തിലെ പുതിയ നിയോഗമാണ് സർഹിന്ദിലെ മർകസ് ഇമാം റബ്ബാനി. സമത്വസുന്ദരമായ സ്നേഹം നിറഞ്ഞ ഇന്ത്യ സാധ്യമാവട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.