കോഴിക്കോട്: വിശ്വാസത്തിലും മൂല്യങ്ങളിലും ആത്മാഭിമാനമുള്ളവരാവണം മുസ്ലിംകള് എന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് നോളേജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. തങ്ങളുടെ വിശ്വാസത്തിലുള്ള ആത്മാഭിമാനമാണ് ബദ്ര് പോരാട്ടത്തില്‍ വിശ്വാസികള്‍ക്ക് കരുത്തും വിജയവും സമ്മാനിച്ചത്. പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളില്‍ വിശ്വാസികളെ തുണക്കുക ആത്മാഭിമാനമാണ്. അത്തരമാളുകളെ നിരാശ ബാധിക്കുകയില്ല. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ഏത് ഘട്ടത്തിലും പിന്തുടരേണ്ട മാതൃകയിതാണ്. രാജ്യത്തിന്റെ അഭിവൃദ്ധിയും ഭാവിയും നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാവരും ഭാഗമാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്ന ഇസ്രായേല്‍ നടപടി ആധുനിക പരിഷ്കൃത സമൂഹത്തെ അവഹേളിക്കുന്നതാണ്.
യുദ്ധത്തിലേര്പെട്ട രാജ്യങ്ങള്‍ ബദ്ര് മാതൃകയാക്കണം. മാസങ്ങളും വര്‍ഷങ്ങളും യുദ്ധം നീട്ടികൊണ്ടുപോകാനാണ് വന്‍കിട രാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ലോക സമാധാനത്തിനും മാനുഷികതക്കും എതിരാണ്. പോരാട്ടം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയും അനിവാര്യ ഘട്ടത്തില്‍ പകല്‍ ഉച്ചവരെയുള്ള ഏതാനും സമയംമാത്രം ഏറ്റുമുട്ടുകയും ചെയ്ത ചരിത്രമാണ് ബദ്റിന്റേത്.
യുദ്ധവേളയില്‍ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ആക്രമിക്കരുതെന്നും കൃഷിയും വൃക്ഷങ്ങളും നശിപ്പിക്കരുതെന്നും ബദ്ര് ആധുനിക സമൂഹത്തിന് നല്കുന്ന പാഠമാണ് -ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.
ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ക്കാവശ്യമായ സജ്ജീകരണങ്ങളെല്ലാം വളണ്ടിയര്‍മാര്‍ ഒരുക്കിയിരുന്നു. നോമ്പുകാരായി നോളജ് സിറ്റിയിലെത്തുന്നവര്‍ക്ക് ഇഫ്താറിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കുന്നത് സര്‍വസജ്ജരായ 313 വളണ്ടിയര്‍മാരാണ്. ട്രാഫിക്, ആട് പരിപാലനം, ഫുഡ് പാക്കിംഗ്, ലോജിസ്റ്റിക്സ്, റിസപ്ഷന്, ഗസ്റ്റ് റിലേഷന്‍, മീഡിയ, തുടങ്ങിയ വിഭാഗങ്ങളായാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചത്.
കൂടാതെ, അടിയന്തിര സാഹചര്യങ്ങളെ നേരിടാനായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി ഹെല്‍ത്ത് ഡെസ്കും സെക്യൂരിറ്റി ഡെസ്കും പ്രവര്‍ത്തന സജ്ജമായിരുന്നു.
ഗ്രാന്‍ഡ് ഇഫ്താറിനായി ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടന്നത്. വിവിധ നാടുകളില്‍ നിന്ന് ആടുള്പ്പെടെയുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നത് മുതല്‍ അത് പാചകം ചെയ്ത് ആളുകളുടെ കൈകളിലേക്ക് എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വളണ്ടിയര്‍മാരാണ് നടത്തിയത്.
സാബിത്ത് അബ്ദുല്ല സഖാഫി, അബ്ദുല്ല മാതോലം, പി ടി അഹ്മദ് കുട്ടി ഹാജി, റശീദ് സഖാഫി, ബദ്റു ഹാജി കൈതപ്പൊയില്‍, ഫൈസല്‍ അടിവാരം, ജിജി മുഹമ്മദ്, സി കെ മുഹമ്മദ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ ജീവനക്കാരും പരിസര വാസികളുമായ ഇതര മത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് രാപ്പകല്‍ ഭേതമന്യെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്.