അന്താരാഷ്ട്ര മീലാദ് സമ്മേളനം: കോഴിക്കോടിന് ഇന്ന് പ്രകീർത്തന രാവ്
Markaz Live News
September 13, 2025
Updated
കോഴിക്കോട്: ആഗോള ബന്ധങ്ങളുടെ കേരളത്തിന്റെ കവാടമായ കോഴിക്കോട് വീണ്ടുമൊരു അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് വേദിയാവുകയാണിന്ന്. തിരുകീർത്തനങ്ങളെയും മീലാദ് ആഘോഷങ്ങളെയും വലിയ രൂപത്തിൽ കൊണ്ടാടിയ പാരമ്പര്യമുള്ള നഗരത്തിൽ നബിദിന പരിപാടികൾക്ക് അന്താരാഷ്ട്ര ഭാവം കൈവന്നത് മർകസിന്റെയും സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭം കുറിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങളോടെയാണ്. കടപ്പുറത്തും സ്വപ്നനഗരിയിലുമായി ഒന്നിടവിട്ട വർഷങ്ങളിൽ നടന്നിരുന്ന മീലാദ് സമ്മേളനങ്ങൾക്ക് കോവിഡാനന്തരമാണ് പുതിയ രൂപവും രീതിയും കൈവന്നത്.
പ്രവാചകൻ മുഹമ്മദ് നബിയെ ആഴത്തിൽ അറിയാനും വിവിധ രാഷ്ട്രങ്ങളിലെ പ്രകീർത്തന വൈവിധ്യങ്ങൾ ആസ്വദിക്കാനും ലഭിച്ച അസുലഭ സന്ദർഭമായിരുന്നു കഴിഞ്ഞ ഓരോ മീലാദ് സമ്മേളനവും. വിദേശ പണ്ഡിതരും നയതന്ത്ര പ്രതിനിധികളും സയ്യിദ് കുടുംബങ്ങളിലെ കാരണവന്മാരും യൂണിവേഴ്സിറ്റി തലവന്മാരും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉലമാക്കളും വേദികളെ സമ്പന്നമാക്കി. വ്യത്യസ്ത ഭാഷയിലും രീതിയിലും ശൈലിയിലുമുള്ള തിരുകീർത്തനങ്ങൾ അനുവാചകരെ ആവേശമാക്കി. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം വിശ്വാസി സമൂഹത്തിന് തിരുമാതൃകകളും മതത്തിന്റെ മധ്യമ നിലപാടിന്റെ സൗന്ദര്യവും പഠിപ്പിച്ചു. വീണ്ടുമൊരു മീലാദ് സമ്മേളനം വിരുന്നെത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് നബിസ്നേഹികൾ ഇന്ന് നഗരത്തിൽ സംഗമിക്കുന്നത്.
1500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് സമ്മേളന ആരവങ്ങൾക്ക് തുടക്കമാവുക. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ കോഴിക്കോട് ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും. വെകുന്നേരം 3 ന് മർകസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച് അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കും.വൈകുന്നേരം 4:30 ന് ബുർദ പാരായണത്തോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. മീലാദ് സമ്മേളനത്തിന്റെ മുഖ്യ ആകർഷകങ്ങളിലൊന്നായ 'അൽ ഹുബ്ബ്' അന്താരാഷ്ട്ര മൗലിദ് ട്രൂപ്പിന്റെ പ്രകടനം വൈകുന്നേരം 7:40 ന് അരങ്ങേറും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സി പി ഉബൈദുല്ല സഖാഫി, അനസ് അമാനി പുഷ്പഗിരി സംസാരിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഹാജി ഇഹ്സാൻ ഗാഡവാല, ഹാജി ഹസീൻ അഗാഡി മഹാരാഷ്ട്ര, ഹാജി അഫ്താബ് സോപാരിവാല, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, സയ്യിദ് മുനീറുൽ അഹ്ദൽ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി തുടങ്ങി പ്രമുഖർ സംബന്ധിക്കും.