2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം: ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ ഒമ്പതാമത് ദേശീയ പുരസ്കാരം മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി എ ഒ റശീദ് സഖാഫി വിഎം, എ ഒ മുഹമ്മദ് ദിൽഷാദ് ഏറ്റുവാങ്ങുന്നു
Markaz Live News
October 06, 2025
Updated
കോഴിക്കോട്: 2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ ഒമ്പതാമത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ക്രിയാത്മകവും വിദ്യാർഥി സൗഹൃദവുമായ പഠനാന്തരീക്ഷം ഒരുക്കിയതിനും നൂതന സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ രീതിയിൽ ഉപയോഗപ്പെടുത്തിയതും പരിഗണിച്ചാണ് എം ജി എസ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹൈദരാബാദിൽ നടന്ന എ എം പി നാഷണൽ ടാലന്റ് സെർച്ച് ലോഞ്ചിങ് കോൺഫറൻസിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിഎം റശീദ് സഖാഫി, അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മർകസ് മാനേജ്മെന്റിന് കീഴിലുള്ള 18 ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കൂട്ടായ്മയാണ് എം ജി എസ്(മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്). വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളുടെ മികവിനുമായി വിവിധ വികസന പദ്ധതികളാണ് എം ജി എസിന് കീഴിൽ സ്കൂളുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. മംഗളൂരുവിലെ യേനപ്പോയ യൂണിവേഴ്സിറ്റി, കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ഒവൈസി സ്കൂൾ ഓഫ് എക്സലൻസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മറ്റു കാറ്റഗറികളിലെ പുരസ്കാര ജേതാക്കൾ. അവാർഡ് വിതരണ ചടങ്ങിൽ എ ഐ സി സി നാഷണൽ കോർഡിനേറ്റർ ഖാലിദുറഹ്മാൻ, എ എം പി പ്രസിഡന്റ് ആമിർ ഇദ്രീസി, മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി പ്രൊ. സയ്യിദ് ആലിം അശ്റഫ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ-സാമൂഹ്യ രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും ന്യൂനപക്ഷ സ്ഥാപന മേധാവികളും പങ്കെടുത്തു.