സ്രഷ്ടാവിലേക്ക് മടങ്ങാനും ഹൃദയം ശുദ്ധീകരിക്കാനും മനോധൈര്യം വീണ്ടെടുക്കാനും ഏറ്റവും ഉപകാരപ്പെടുന്ന കർമമാണ് തീർഥാടനം. ഈ ഉദ്ദേശ്യത്തോടു കൂടിയാണ് ഹാജിമാർ തങ്ങളുടെ വിലപ്പെട്ട സമ്പത്തും സമയവും ആരോഗ്യവും ഉപയോഗപ്പെടുത്തി പരിശുദ്ധ മക്കയിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് പറന്നെത്തുന്നത്. സ്വാർഥ താത്പര്യങ്ങൾ, സങ്കുചിത നിലപാടുകൾ എന്നിവയെല്ലാം കൊണ്ട് തർക്കങ്ങളും പ്രശ്നങ്ങളും വർധിക്കുന്ന ഇക്കാലത്ത് വിശാലമായ നിലപാട് സ്വീകരിച്ച് ക്ഷമയുടെയും സാഹോദര്യത്തിന്റെയും മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ ഹാജിമാർക്ക് സാധിക്കുന്നു എന്നത് ഈ തീർഥാടനത്തിന്റെ പ്രാധാന്യവും പൊരുളും വർധിപ്പിക്കുന്നു.
എന്തുകൊണ്ടാണ് വിശ്വാസി സമൂഹത്തിന്റെ ജീവിതാഭിലാഷമായി ഹജ്ജ് മാറുന്നതെന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നിർബന്ധ കർമമാണ് എന്നതാണ് അതിൽ ഏറ്റവും മുഖ്യം. ആയുസ്സിൽ ഒരിക്കൽ മാത്രം നിർബന്ധമാക്കപ്പെട്ട, ഒരിടത്ത് എത്തിയാൽ മാത്രം നിർവഹിക്കാൻ സാധിക്കുന്ന, പലർക്കും വലിയ സാമ്പത്തിക ചെലവും ദീർഘയാത്രകളും വേണ്ടിവരുന്ന ഒരു ആരാധനയാണെന്നത് ഹജ്ജിന്റെ പെരുമ വർധിപ്പിക്കുന്നു. എല്ലാ വിശ്വാസികൾക്കും എല്ലായ്പോഴും അനായാസം ചെയ്യാൻ സാധിക്കുന്ന ഒന്നല്ല അതെന്നത് ഓരോരുത്തരുടെയും മനസ്സിൽ അത് പൂർത്തിയാക്കാനുള്ള ആഗ്രഹം കനപ്പിക്കുന്നു. മതം നിർദേശിച്ച, നിർബന്ധമാക്കിയ ഒരു കർമം തന്റെ ആയുസ്സിനുള്ളിൽ ചെയ്യാൻ സാധിക്കേണമേ എന്ന നിരന്തര പ്രാർത്ഥന മനസ്സുകളിൽ രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മറ്റെല്ലാ നിർബന്ധ കർമങ്ങളും താൻ വസിക്കുന്ന പ്രദേശത്ത്, സ്വഗൃഹത്തിൽ നിന്ന് തന്നെ നിർവഹിക്കാൻ സാധിക്കുമ്പോഴാണ് ഹജ്ജിനായി പ്രത്യേക സമയവും സ്ഥലവും അല്ലാഹു നിർണയിച്ചത്.
ഹജ്ജ് ചെയ്ത് അതിന്റെ മാധുര്യവും അനുഭവസമ്പത്തും ഈമാനിക ചൈതന്യവും ആസ്വദിച്ചവരിൽ നിന്നുള്ള കേട്ടറിവുകൾ ഒരുപാട് മനുഷ്യരെ മക്കയിലേക്കടുപ്പിച്ചിട്ടുണ്ട്. ഏതൊരു ആരാധനയുടെയും മാധുര്യം അറിയാൻ കഴിയുന്നവർക്ക് പലതവണ അത് ചെയ്യാനും ചുറ്റുമുള്ളവരെ അതിലേക്ക് അടുപ്പിക്കാനും സാധിക്കുമല്ലോ. സാങ്കേതിക വിദ്യയും വാർത്താവിനിമയവും ഇത്രയേറെ ശക്തിപ്പെടാത്ത കാലഘട്ടത്തിൽ യൂറോപ്യൻ എഴുത്തുകാരും ചിന്തകരും വേഷം മാറിയും മുത്വവിഫുമാരുടെ കണ്ണുവെട്ടിച്ചും മക്ക ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നത് ഹജ്ജിന്റെ അനുഭവസമ്പത്തും മാനവിക മൂല്യവും കേട്ടറിഞ്ഞായിരുന്നു. വ്യത്യസ്തമായി എഴുതാനും പങ്കുവെക്കാനും എന്തുണ്ട് ലോകത്ത് എന്ന ചിന്തയായിരുന്നു അവരെ മക്കയിലേക്ക് അടുപ്പിച്ചത്. എന്നാൽ യാത്ര കഴിഞ്ഞെത്തിയവരിൽ പ്രകടമാവാറുള്ള ആത്മീയ മാറ്റവും അവരുടെ പങ്കുവെപ്പുമാണ് ഉള്ളിൽ പ്രഭയുള്ള വിശ്വാസികളെ കഅബ ആഗ്രഹിപ്പിച്ചത്. ഹജ്ജാനന്തര കാലത്ത് തെറ്റുകളിൽ നിന്ന് മാറിനിൽക്കാൻ ഓരോ വിശ്വാസിയും പുലർത്തുന്ന സൂക്ഷ്മത അത്രത്തോളം പ്രകടമാണല്ലോ.
ഹജ്ജെന്നത് ഇസ്ലാമിന്റെ സാംസ്കാരിക ഭൂവിലൂടെയുള്ള സഞ്ചാരമായതുകൊണ്ടാണ് ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാരുടെ ജീവിതത്തിൽ ഈ പറഞ്ഞ സൂക്ഷ്മതയും ഈമാനും സൽസ്വഭാവവും രൂപപ്പെടുന്നത്. ഖുർആനിലൂടെയും ഹദീസുകളിലൂടെയും ചെറുപ്പം മുതലേ കേട്ടറിഞ്ഞ ചരിത്ര സ്ഥലങ്ങളും തിരുശേഷിപ്പുകളും കാണുമ്പോൾ വിശ്വാസിയുടെ മനസ്സിൽ ഈമാനിക ചൈതന്യം ഏറെ ഇരട്ടിക്കുന്നു, മസ്ജിദുൽ ഹറാം, മഖാമു ഇബ്റാഹീം, ഹിറാ ഗുഹ, സഫ, മർവ, തുടങ്ങിയ ഓരോ ഇടവും വിശ്വാസിയുടെ മനസ്സിൽ ആഴത്തിൽ പതിയുന്നു. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെയും മറ്റു അമ്പിയാക്കളുടെയും സ്വഹാബാക്കളുടെയും സജ്ജനങ്ങളുടെയും അന്ത്യവിശ്രമ സ്ഥാനങ്ങൾ കാണുമ്പോൾ അതവരുടെ ഉള്ളിലുള്ള പ്രഭയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. മക്കം കണ്ട, മദീനയിലെത്തിയ, സഫയും മർവയും കയറിയിറങ്ങിയ, ഹജറുൽ അസ്വദ് ചുംബിച്ച, കഅബത്തെ പ്രദക്ഷിണം ചെയ്ത ശരീരം ശുദ്ധമായി എന്ന പൂർണ വിശ്വാസം തന്നെയാണ് ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളിൽ എത്തുമ്പോൾ എല്ലാ തിന്മകളിൽ നിന്നും അവരെ അകറ്റുന്നത്. മക്കം കണ്ട മനസ്സ് അശുദ്ധമാവാൻ പറ്റില്ലെന്ന നിഷ്കളങ്ക വിശ്വാസിയുടെ നിയ്യത്താണത്.
ഹജ്ജില് എല്ലാവര്ക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ ആന്തരിക ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ ഓരോരുത്തർക്കും ലഭിക്കുന്ന അനുഭൂതികള്. അതിനാലാണ് ഹജ്ജിനു വേണ്ടി നന്നായി തയ്യാറെടുക്കുകയും ഒരുങ്ങുകയും ചെയ്യണമെന്ന് പറയുന്നത്. ആത്മീയമായും ഭൗതികമായും ഹജ്ജിനു വേണ്ടി നന്നായി ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം തഖ്വ അഥവാ സൂക്ഷ്മതയാണ്. ഹജ്ജിലെ ഓരോ കര്മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്വം അനുഷ്ഠിച്ചാലേ നബി(സ്വ) പറഞ്ഞതുപോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന് സാധിക്കുകയുള്ളൂ. മതിയായ സാമ്പത്തികമില്ലാതിരുന്നിട്ടും അതിയായി ആഗ്രഹിക്കുകയും ജീവിതാഭിലാഷമായി മനസ്സിൽ എന്നും കൊണ്ടുനടക്കുകയും തന്നാലാവുന്ന ഒരുക്കങ്ങൾ ചെയ്യുകയും ചെയ്ത എത്രയോ പേർക്ക് അവരറിയാതെ ഹജ്ജിന്റെ മധുരമറിയാൻ വഴികളുണ്ടായിട്ടുണ്ടല്ലോ.
ഹൃദയത്തിലുള്ള സർവ സങ്കുചിതത്വങ്ങളും അപകർഷതാ ബോധവും ഹജ്ജിലൂടെ അപ്രത്യക്ഷമാവുന്നു. താൻ കറുത്തവനാണ് എന്ന തോന്നലുള്ളവൻ തന്നെക്കാൾ കറുത്തവനെ കാണുന്നു. വെളുപ്പ് കൂടിപ്പോയി വിളറിയോ എന്ന ആകുലതയുള്ളവൻ തന്നെക്കാൾ വെളുത്തവരെ കണ്ടുമുട്ടുന്നു, ഉയരമുള്ളവനും ഉയരമില്ലാത്തവനും പരസ്പരം കാണുമ്പോൾ ഉള്ളിലുള്ള ശാരീരിക ന്യൂനതാ ചിന്തകൾ ഒന്നുമല്ലാതാവുന്നു. അതിലെല്ലാമുപരി ഏതുതരം ശാരീരിക-ഭാഷാ വ്യത്യാസങ്ങൾക്കുമപ്പുറം അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമമാണെന്ന യാഥാർഥ്യം അനുഭവപ്പെടാൻ ഈ വാർഷികസംഗമം സഹായിക്കുന്നു. നിസ്കാരങ്ങളിലൊഴികെ മറ്റെല്ലാ പ്രാർഥനകളിലും പലവിധ പ്രാദേശിക ഭാഷകൾ മുഴങ്ങുന്നത് കേൾക്കാം. ഒരു സമയം ഒരു നഗരത്തിൽ ഇത്രയേറെ ആളുകൾ ഒരുമിക്കുന്ന മറ്റൊരു സംഗമം ലോകത്തില്ലെന്ന് തന്നെ പറയാം. നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ തന്റെ നാട്ടിൽ ഞാനടക്കം കലഹിച്ചതും മനുഷ്യരെ അകറ്റിയതും വെറുതെയാണെന്നും അല്ലാഹുവിന്റെ മുന്നിൽ ഏത് നിറമുള്ളവനും ഇല്ലാത്തവനും സമമാണെന്നും എത്ര സമ്പത്തുള്ളവനും ഇല്ലാത്തവനും ഇവിടെ ഒരേ വസ്ത്രമാണെന്നും ഹജ്ജിനെത്തുന്ന വിശ്വാസിയിൽ ചിന്തയുണ്ടാവുന്നു. അതവന്റെ മനസ്സിലും അവൻ സംവദിക്കുന്ന ഹൃദയങ്ങളിലും മാറ്റങ്ങളുണ്ടാകും. ഹജ്ജ് കഴിഞ്ഞെത്തുന്ന ഓരോ മനസ്സും സ്വയം ശുദ്ധിയാവുകയും തന്റെ ചുറ്റുമുള്ളവരെ നന്മയിലേക്ക് നടത്താൻ പാകപ്പെടുകയും ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസംഗമങ്ങളിൽ പ്രധാനപെട്ടതാണ് ഹജ്ജ്. പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാം, മിന, മുസ്ദലിഫ, അറഫ എന്നീ കേന്ദ്രങ്ങൾ നിശ്ചിത ദിവസം സന്ദർശിക്കുകയും ത്വവാഫുകൾ വർധിപ്പിക്കുകയും ചെയ്ത്, തിരുനബി(സ്വ സാമീപ്യം ആസ്വദിച്ച് തീർഥാടകർ ഹജ്ജിന്റെ കർമങ്ങളിൽ മുഴുകുമ്പോൾ നാമെല്ലാം ഈ വിശുദ്ധ കർമത്തെ ആദരവോടെ നോക്കിക്കാണുകയും ഹജ്ജിനായി പുറപ്പെടുന്നവരെ മാന്യമായി യാത്രയാക്കുകയും വേണം.
ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഹാജിമാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സന്തുഷ്ടകരമായ തീർഥാടനത്തിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെയും മറ്റു ഏജൻസികളുടെയും സഹായങ്ങളില്ലാതെ പുണ്യമക്കയിലെത്താൻ ഇക്കാലത്ത് പ്രയാസമായതിനാൽ തന്നെ നാം ഭരണകൂടത്തെ ഈ വിഷയത്തിൽ അവലംബിക്കുന്നു. ഭരണകൂടം ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലങ്ങളായി എല്ലാ സൗകര്യവും ചെയ്തുതരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ ചെയ്തുതരുന്ന ഈ ആനുകൂല്യത്തിന് നാം നന്ദിയുള്ളവരാകണം. ഹജ്ജുകൊണ്ട് മനസ്സും ശരീരവും ശുദ്ധിയാവുമ്പോൾ അതിന്റെഗുണം ഹാജിക്കുമാത്രമല്ല ലഭിക്കുന്നത്, ഈ സമൂഹത്തിനൊന്നാകെയാണ്. കുഴപ്പങ്ങളില്ലാത്ത സമൂഹസൃഷ്ടിക്ക് ഹജ്ജ് ഉപകാരപ്പെടുമെങ്കിൽ ഹജ്ജ് ഈ രാജ്യത്തിന്റെ തന്നെ പുരോഗതിയെ ത്വരിതപ്പെടുത്തും. മനുഷ്യർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും. അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തുന്നവരെ സ്വീകരിക്കാനും വേണ്ട ആവശ്യങ്ങൾ നിർവഹിക്കാനും സൗദി ഭരണകൂടവും തയ്യാറാണ്.
കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ 17,883 പേരാണ് വിവിധ എംബാർക്കേഷൻ പോയന്റുകൾ വഴി ഈ വർഷം യാത്രയാവുന്നത്. ഹജ്ജ് കമ്മിറ്റി മുഖേന ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് വിശുദ്ധ തീർഥാടനത്തിന് അവസരം ലഭിക്കുന്നത്. ആകെ തീർഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കഴിഞ്ഞവർഷത്തേക്കാൾ 6516 പേരുടെ വർധനവുണ്ട് ഇത്തവണ. എൺപത്തിയൊമ്പത് പേരാണ് ഈ വർഷം തീർഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക. വോളണ്ടിയർ അനുപാതം കുറക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് സന്നദ്ധപ്രവർത്തനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. തീർഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചത് മുതൽ പുറപ്പെടൽ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവർത്തനങ്ങളും സുഗമവും തീർഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സർക്കാറിന്റെയും, ബഹു. ന്യൂനപക്ഷ ക്ഷേമ ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ കൃത്യവും സമയബന്ധിതവുമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹജ്ജ് ഹൗസിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് മാത്രമായുള്ള വിശലമായ കെട്ടിടം ഈ വർഷം ഏറെ സൗകര്യപ്രദമായിരിക്കും.
കോഴിക്കോട് നിന്നും നാളെ(മെയ് 21)പുലർച്ചെ 12.05 ന് ആദ്യ വിമാനം പുറപ്പെടുന്നതോടെ കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീർഥാടനത്തിന് തുടക്കമിടുകയായി. ഈ വർഷം വിശുദ്ധ കർമത്തിനായി മക്കയിലേക്ക് മനസ്സൊരുക്കി കാത്തിരിക്കുന്ന തീർഥാടകരുടെ ഹജ്ജും മദീനാ സിയാറത്തും സഫലവും സുരക്ഷിതവുമാവാൻ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ അകമഴിഞ്ഞ പ്രാർഥന എപ്പോഴുമുണ്ടാവണം. യാത്രക്കൊരുങ്ങിയവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യാനും നാം മുന്നിലുണ്ടാവണം. ഓരോ തീർഥാടകനെയും, ഹജ്ജുമായി ബന്ധപ്പെട്ട വാർത്തയും കാണുമ്പോൾ വരും വർഷങ്ങളിൽ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകാൻ നമുക്കും അനുഗ്രഹമുണ്ടാവണമെന്ന പ്രാർഥന നമ്മുടെ ഉള്ളിൽ മികച്ചു നിൽക്കണം.