ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി അടുത്ത സുഹൃദ്ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ശൈഖ് സഈദ് ബിൻ അഹ്മദ് ബിൻ ഖലഫ് അൽ ഉത്വയ്ബ.
1980 കളുടെ തുടക്കത്തിലാണ് യു എ ഇയിലെ വ്യാപാര പ്രമുഖനും കവിയുമായ ഉത്വയ്ബയെ കാന്തപുരം ഉസ്താദ് പരിചയപ്പെടുന്നത്. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ നിലയിൽ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന കാലമാണ്. എണ്ണ ഖനനത്തിലും രത്ന വ്യാപാരത്തിലും സജീവമായ അദ്ദേഹത്തിന് നിരവധി വിദേശ മോട്ടോർ വാഹനങ്ങളുടെ അസംബ്ലിങ് യൂണിറ്റും ഡീലർഷിപ്പും യുഎഇയിൽ സ്വന്തമായുണ്ടായിരുന്നു.
കാന്തപുരവുമായുള്ള കൂടിക്കാഴ്ച്ചക്കിടെ കേരളത്തിലെ സുന്നി വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ അദ്ദേഹം അതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും മർകസിനായി തന്റെ ഷോറൂമിൽ നിന്നും ഒരു ഇസുസു കാർ സമ്മാനിക്കുകയും ചെയ്തു. മർകസിന്റെ ആവശ്യങ്ങൾക്കായി ഈ വാഹനം ഏറെ കാലം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് അബൂബക്കറിന്റെ ക്ഷണപ്രകാരം പിന്നീടദ്ദേഹം കേരളത്തിൽ എത്തി. ഇന്ത്യയുമായി വളരെ മുമ്പുതന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതിനാൽ തന്നെ മലബാറും കേരളവും കേട്ടറിഞ്ഞ പരിചയമുണ്ടായിരുന്നു. പ്രസ്തുത യാത്രയിൽ മർകസും മറ്റു പ്രവർത്തങ്ങളും നേരിട്ടുകണ്ട അദ്ദേഹം അതിൽ ആകൃഷ്ടനായി ധാരാളം സഹായം നൽകുകയും സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ പൂനൂർ അങ്ങാടിയിൽ സ്ഥലം കണ്ടെത്തുന്നതും അൽ മദ്റസത്തുൽ ഉത്വയ്ബിയ്യ ആരംഭിക്കുന്നതും.
പിന്നീട് പലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആരംഭിക്കാൻ സഹായങ്ങൾ നൽകി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. കേരളത്തിലെ മൗലിദ് സദസ്സുകളെ അങ്ങേയറ്റം പ്രിയംവെക്കുന്ന ശൈഖ് ഉത്വയ്ബ, റബീഉൽ അവ്വൽ മാസമാണ് തന്റെ കേരള സന്ദർശനത്തിന് വേണ്ടി തിരഞ്ഞെടുക്കാറ്. ഉസ്താദിനോടൊപ്പം മർകസിലെയും വീട്ടിലെയും മൗലിദ് സദസ്സുകളിൽ പങ്കെടുക്കാൻ ഈ യാത്രകളിൽ ശൈഖ് ഉത്വയ്ബ പ്രത്യേകം ശ്രദ്ധിക്കും. അറബ് സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ശൈഖ് ഉത്വയ്ബ, പ്രവാചക പ്രകീർത്തനങ്ങൾ അടക്കം ഒട്ടനവധി കവിതകൾ രചിച്ചിട്ടുമുണ്ട്. ദീവാനു സഈദ് അഹ്മദ് ഉത്വയ്ബ എന്ന പേരിൽ ഈ കവിതകൾ ഇപ്പോൾ സമാഹരിച്ചിട്ടുണ്ട്.
അഹ്ലുസുന്നയുടെ മാർഗത്തിൽ ശക്തമായി നിലകൊണ്ട അദ്ദേഹം സുന്നി ഉലമാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുകയും ചെയ്തു. ആരാധനകളിൽ കണിശത പുലർത്തി ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം. പല അറബ് പ്രമുഖരെയും കാന്തപുരം ഉസ്താദിനെ പരിചയപ്പെടുത്തുകയും മർകസിന്റെ ആഗോള വ്യാപനത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. അറബ് വാണിജ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിർണായക സ്വാധീനമുള്ള അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഈ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ സവിശേഷ ശ്രദ്ധനൽകുന്നു. മകനും യുഎഇ മുൻ പെട്രോളിയം മന്ത്രിയും ഒപെക്കിന്റെ ദീർഘകാല മേധാവിയായിരുന്ന ഡോ.മാന അൽ ഉത്വയ്ബ, പേരമക്കളും ഐക്യരാഷ്ട്ര സഭയിലെ യുഎഇ അംബാസിഡറുമായ യൂസുഫ് അൽ ഉത്വയ്ബ, ഫ്രാൻസിലെ യുഎഇ അംബാസിഡർ ഹിന്ദ് അൽ ഉത്വയ്ബ എന്നിവർ ഇവരിൽ പ്രമുഖരാണ്.
വ്യക്തിപരമായി ഉത്വയ്ബയുമായുണ്ടായ സൗഹൃദത്തെ കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിൽ കാന്തപുരം ഉസ്താദ് വലിയ പങ്കുവഹിച്ചു. സുപ്രധാനമായ പല പദ്ധതികളെയും സംരംഭങ്ങളെയും നിർലോഭം പിന്തുണച്ച ശൈഖ് ഉത്വയ്ബ, ഉസ്താദിനുള്ള തന്റെ സ്നേഹോപഹാരം എന്ന നിലയിൽ ഉസ്താദിന്റെ ജന്മനാട്ടിൽ സ്കൂളുകളും നിരവധി വഖ്ഫുകളും സ്ഥാപിച്ചു. യു എ യിലെ പെട്രോളിയം മേഖലയിൽ പതിനായിരങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനും ഈ സൗഹൃദം വഴിവെച്ചു.
ഏറ്റവുമൊടുവിൽ 2022 ഒക്ടോബറിൽ കാന്തപുരം ഉസ്താദിന്റെ ആശുപത്രി വാസകാലത്ത് 107-ാം വയസ്സിലും അദ്ദേഹം തന്റെ ആത്മമിത്രത്തെ സന്ദർശിക്കാൻ എത്തുകയും ആശ്വാസം പകരുകയും ചെയ്തു. ആശുപത്രിയിൽ ഉസ്താദിനോടൊപ്പം സമയം ചെലവഴിച്ച പ്രിയ സ്നേഹിതൻ, ദീർഘനേരം ഖുർആൻ പാരായണം ചെയ്യുകയും മന്ത്രിക്കുകയും പ്രാർഥന നടത്തുകയും ചെയ്താണ് യാത്ര പറഞ്ഞിറങ്ങിയത്. ഉസ്താദിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാനും പ്രാർഥനകൾ നടത്താനും കൂടെയുള്ളവരെയും അദ്ദേഹം ഓർമിപ്പിച്ചു. പിന്നീടും ആരോഗ്യ പുരോഗതി ദിനേനയെന്നോണം അദ്ദേഹം വിളിച്ചന്വേഷിച്ചു. ശേഷം ഇക്കഴിഞ്ഞ റമളാനിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുഎഇ സന്ദർശിക്കുന്ന വേളയിലെല്ലാം പരസ്പരം കാണാനും സൗഹൃദം പങ്കിടാനും വളർത്താനും ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചു. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും കേരളം സന്ദർശിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തങ്ങൾക്ക് വലിയ സഹായം നൽകിയും അദ്ദേഹവും മലയാളികളോട് സ്നേഹം കാണിച്ചു. രണ്ടു വ്യക്തികളിലൂടെ വളർന്ന സൗഹൃദം പതിയെ പതിയെ രണ്ടു നാടുകളുടെ സൗഹൃദമായി മാറി. ഇരു നാടുകളുടെയും പുരോഗതിയിലും വികസനത്തിലും വലിയ പങ്ക് വഹിക്കുന്ന മൂലധന-മാനവവിഭശേഷി കൈമാറ്റവും ആ സൗഹൃദത്തിലൂടെ സാധ്യമായി.