മൗലിദുല്‍ അക്ബര്‍: നോളജ് സിറ്റിയില്‍ നേതൃസംഗമം നടത്തി
മൗലിദുല്‍ അക്ബറിന്റെ പ്രചരണാര്‍ത്ഥം നടന്ന പ്രാസ്ഥാനിക നേതൃസംഗമത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സംസാരിക്കുന്നു
Markaz Live News
September 04, 2024
Updated
കോഴിക്കോട്: മര്‍കസ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 9ന് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന മൗലിദുല്‍ അക്ബറിന്റെയും തബറുകുല് ആസാറിന്റെയും പ്രചരണാര്‍ത്ഥം ജില്ലയിലെ പ്രാസ്ഥാനിക നേതൃസംഗമം നടത്തി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ പ്രസ്ഥാനങ്ങളുടെ പൂനൂര്, താമരശ്ശേരി, കൊടുവള്ളി സോണ്‍/ ഡിവിഷന് നേതാക്കളാണ് യോഗത്തില്‍ സംഗമിച്ചത്.
സ്വാഗതസംഘം ചെയര്മാന് സയ്യിദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ പ്രചാരണങ്ങള്‍ സജീവമാക്കാനും ഇന്ത്യയിലെ എറ്റവും വലിയ തിരുനബി പ്രകീര്‍ത്തന സദസ്സിന് വേദിയൊരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മഗ്രിബ് നിസ്ക്കാരാനന്തരം ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന മൗലിദുസ്സുറൂറിന്റെ സന്ദേശം വിശ്വാസികളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു. അതോടൊപ്പം, സെപ്തംബര്‍ 21, 22 ദിവസങ്ങളില്‍ നടക്കുന്ന ഡോ. എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ രിസാലത്തുറസൂല് പ്രഭാഷണത്തിന്റെ സംഘാടനവും സംഗമം ചര്‍ച്ച ചെയ്തു. നാസർ സഖാഫി, മുഹമ്മദ് മദനി കൊടുവള്ളി, ലുക്മാൻ ഹാജി, സാബിത് അബ്ദുല്ല സഖാഫി വാവാട്, അക്ബർ സ്വാദിഖ് സംസാരിച്ചു.