കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറതുൽ ഖുർആൻ ആത്മീയ സംഗമം ഇന്ന് മർകസിൽ നടക്കും. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. വൈകുന്നേരം 6:30 ന് മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സംഗമത്തിന് തുടക്കമാവും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
പ്രാർഥന സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര മുഖ്യപ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, നൗശാദ് സഖാഫി കൂരാറ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട് സംബന്ധിക്കും.