അപൂർവ ഓർമകളുടെ സംഗമവേദിയായി മർകസ് തിദ്കാർ
മർകസ് തിദ്കാർ അനുസ്മരണ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
മർകസ് തിദ്കാർ അനുസ്മരണ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
കാരന്തൂർ : റബീഉൽ ആഖിർ മാസത്തിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മർകസ് മുദരിസുമാരുടെയും അനുസ്മരണ സംഗമം 'തിദ്കാർ' അപൂർവ ഓർമകളുടെയും അനുഭവങ്ങളുടെയും പങ്കുവെക്കലുകളാൽ ശ്രദ്ധേയമായി. സഹപ്രവർത്തകരും ശിഷ്യരും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെയും ഉസ്താദുമാരുടെയും ജീവിതചിത്രങ്ങൾ പുതുതലമുറയുമായി പങ്കിട്ടത് പഴയകാല മതാധ്യാപന രീതികളും മാതൃകാ ജീവിതവും അടുത്തറിയാനുള്ള വേദിയായി മാറി. മർകസ് കൺവെൻഷൻ സെന്ററിൽ തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന സംഗമത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി.
സമസ്തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സമസ്തമുശാവറാ അംഗങ്ങളും ജാമിഅ മർകസ് മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടന്നത്. പണ്ഡിതരുടെയും സാദാത്തുക്കളുടെയും അറിവും ആരാധനയും സൂക്ഷ്മതയും വിനയവും സാമൂഹ്യ രീതികളും പൊതുജന സമ്പർക്കവും ആത്മീയതയും നിറഞ്ഞു നിന്ന സംസാരങ്ങൾ അവരുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും അടുത്തറിയാനുള്ളഅവസരമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്. തന്റെ ഉസ്താദുമാരെയും മർകസിലെ ആദ്യകാല മുദരിസുമാരെയും അനുസ്മരിച്ച് കാന്തപുരം ഉസ്താദ് നടത്തിയ മുഖ്യപ്രഭാഷണം വൈകാരിക മുഹൂർത്തമായി. സച്ചരിതരായ നേതൃത്വത്തിന്റെയും ഉസ്താദുമാരുടെയും ചരിത്രം മനസ്സിലാക്കുന്നത് മനുഷ്യരെ നവീകരിക്കുമെന്നും ജീവചരിത്രം ഒരു കാലഘട്ടത്തിന്റെ ചലനങ്ങൾ അടുത്തറിയാനുള്ള ഉപാധികൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം ഏഴോടെ മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പിസി അബ്ദുല്ല മുസ്ലിയാർ, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം സംബന്ധിച്ചു. അക്ബർ ബാദുഷ സഖാഫി സ്വാഗതവും ഉസ്മാൻ സഖാഫി വേങ്ങര നന്ദിയും പറഞ്ഞു.