ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ പരിശീലനവും 'ഉന്നതികളില്‍' നിയമസഹായവുമായി മര്‍കസ് ലോ കോളേജ്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയും മര്‍കസ് ലോ കോളേജും തമ്മിലുള്ള പരസ്പര സഹകരണ കരാറിന്റെ ധാരണാപത്രം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ലോ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദിന് കൈമാറുന്നു
Markaz Live News
March 28, 2025
Updated
കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിയമ കലാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്കാന് മര്‍കസ് ലോ കോളേജ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുമായി ധാരണാ പത്രം ഒപ്പിട്ടു. കോളേജിന് കീഴില്‍ ഗോത്രവര്‍ഗ മേഖലകളില്‍ നടത്തിവരുന്ന നിയമ സാക്ഷരതാ- നിയമ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പശ്ചാത്തല സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി നല്‍കും. വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ഗോത്രവിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്താനും അനിവാര്യമായ ഘട്ടങ്ങളില്‍ സൗജന്യ നിയമസഹായം നല്കുന്നതിനുമാണ് മര്‍കസ് ലോ കോളേജില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്കിനു കീഴില്‍ ഗോത്ര വര്‍ഗ്ഗ മേഖലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, മര്‍കസ് ലോ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദിന് ധാരണാപത്രം കൈമാറി. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള, ഇബ്രാഹിം പി കെ, പി എ യു പ്രൊജക്റ്റ് ഡയറക്ടര്‍ അജീഷ് സി കെ ചെറിയ കോലോത്ത്, ആര്യന്ത കെ ചടങ്ങില്‍ സംബന്ധിച്ചു.