പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കണം: എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ
മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനമാഘോഷിച്ചു....
മർകസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ പരിസ്ഥിതി സംരക്ഷണ കാമ്പയിൻ 'പുതുനാമ്പുകൾ' കുന്ദമംഗലം എം.എ.ൽ.എ എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി. മുഹമ്മദ് ഫൈസി സമീപം.
Markaz Live News
June 06, 2026
Updated
കാരന്തൂർ: നവകാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എ.ൽ.എ എം.എ. റസാഖ് മാസ്റ്റർ പ്രസ്താവിച്ചു. നാടിന്റെ വികസനത്തിനൊപ്പം വർദ്ധിച്ചുവരുന്ന മലിനീകരണ പ്രശ്നങ്ങൾക്ക് തടയിടാനും, നൂതന മാർഗ്ഗങ്ങളിലൂടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാനും പുതിയ തലമുറയ്ക്ക് സാധിക്കണം. മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (NSS) സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ''പുതുനാമ്പുകൾ" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ നിർമാർജന രംഗത്ത് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണപരമായ സമീപനങ്ങളാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം നൂതന ചിന്തകളിലൂടെ മാത്രമേ വരുംതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകാൻ കഴിയൂ എന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ചടങ്ങിൽ മർകസു സഖാഫത്തി സുന്നിയ ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു.
മർകസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്. ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മൂസക്കോയ എം., മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ., മർകസ് ഹയർസെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഷമീം കെ.കെ., സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ കലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി. സ്വാഗതവും ആബിദ് റഹ്മാൻ നന്ദിയും പറഞ്ഞു.